ഇടക്കാല വെടിനിർത്തൽ കരാറിനില്ലെന്ന് റഷ്യ: യുഎസ് നിർദേശം തള്ളി പുടിൻ

യുഎസ് നിർദേശിച്ച ഹ്രസ്വകാല വെടിനിർത്തൽ കരാർ കേവലം താൽക്കാലിക ആശ്വാസം മാത്രമാണെന്നാണ് റഷ്യയുടെ വാദം
ഇടക്കാല വെടിനിർത്തൽ കരാറിനില്ലെന്ന് റഷ്യ: യുഎസ് നിർദേശം തള്ളി പുടിൻ
Published on

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടർന്നുണ്ടായ വെടിനിർത്തൽ കരാർ അംഗീകരിക്കാതെ റഷ്യൻ പ്രസിഡൻ്റ്  വ്ളാഡിമിർ പുടിൻ. യുഎസ് നിർദേശിച്ച ഹ്രസ്വകാല വെടിനിർത്തൽ കരാർ കേവലം താൽക്കാലിക ആശ്വാസം മാത്രമാണെന്നായിരുന്നു ക്രെംലിനിലെ മുതിർന്ന വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പ്രതികരണം. എന്നാൽ 30 ദിവസത്തേക്കുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി സമ്മതം അറിയിച്ചിരുന്നു. യുക്രെയ്ന്‍ വഴങ്ങിയതോടെ, സൈനികസഹായവും രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതും പുനരാരംഭിക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിരുന്നു. 

താൽപര്യങ്ങളും, ആശങ്കകളും, കണക്കിലെടുത്തുള്ള ദീർഘകാല പരിഹാരമാണ് റഷ്യ ആഗ്രഹിക്കുന്നത്. എന്നാൽ താൽക്കാലിക ആശ്വാസം കണ്ടെത്താനാണ് യുക്രെയ്ൻ ശ്രമിക്കുന്നത്, റഷ്യൻ വാർത്താ ഏജൻസിയായ റിയ, ടാസ്, എന്നിവയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. സമാധാന പ്രവർത്തനങ്ങൾ ആഗ്രഹിക്കുന്ന നടപടികൾ യുക്രെയ്ൻ ആഗ്രഹിക്കുന്നില്ലെന്നും, റഷ്യ അറിയിച്ചു. തങ്ങളുടെ ആശങ്ക യുഎസ് കണക്കിലെടുക്കുമെന്ന് കരുതുന്നതായി റഷ്യൻ പ്രതിനിധികൾ അറിയിച്ചു.

സൗദി അറേബ്യയില്‍ നടന്ന ചര്‍ച്ചയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായിരുന്നു. കരാറില്‍ ഒപ്പിടുന്നതിന് മുന്നോടിയായി റഷ്യ വീണ്ടും ഉപാധികള്‍ മുന്നോട്ടു വച്ചിരുന്നു. യുക്രെയ്ന് നാറ്റോ അംഗത്വം നല്‍കരുത്, യുക്രെയ്നില്‍ വിദേശസൈന്യത്തെ വിന്യസിക്കരുത്, ക്രിമിയ ഉള്‍പ്പെടെ നാല് പ്രവിശ്യകള്‍ റഷ്യയുടേതാണെന്ന് അംഗീകരിക്കണം എന്നിങ്ങനെ ആവശ്യങ്ങളായിരുന്നു റഷ്യ ആവർത്തിച്ചത്.



അതേസമയം, വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍, റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന സൂചനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. 'പുടിൻ വെടിനിര്‍ത്തല്‍ കരാര്‍ നിരസിച്ചാല്‍,കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാണ് ഞാന്‍ മനസിലാക്കുന്നതെന്ന്' യുക്രെയ്ന്‍ പ്രസിഡൻ്റ് വൊളോഡിമര്‍ സെലന്‍സ്കി പ്രതികരിച്ചിരുന്നു. റഷ്യയുടെ തീരുമാനം പുറത്തുവിട്ട സാഹചര്യത്തിൽ ഇനിയുള്ള നടപടിക്രമങ്ങൾ എന്താകുമെന്ന് അറിയാനാണ് ലോകം കാത്തിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com