അവശിഷ്ടങ്ങളില്‍ നിന്ന് ഇതുവരെ 10 മൃതദേഹങ്ങളാണ് അധികൃതകർ കണ്ടെടുത്തത്
ഇന്തോനേഷ്യന്‍ ഗ്രാമങ്ങളെ ആശങ്കയിലാക്കി അഗ്നിപർവത സ്ഫോടനം. ഒരാഴ്ചയായി തുടരുന്ന അഗ്നിപർവത സ്ഫോടനങ്ങള്‍ കാരണം പതിനായിരക്കണക്കിന് പേരെയാണ് പ്രദേശത്തു നിന്നും കുടിയൊഴിപ്പിച്ചത്. അപകടത്തില്‍ ഇതുവരെ പത്തോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിലെ മൗണ്ട് ലെവോടോബി ലാകി- ലാകി അഗ്നിപർവതം ഒരൊറ്റ രാത്രികൊണ്ടാണ് നിരവധി ഗ്രാമങ്ങളെ ചാരത്തില്‍ മൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ആദ്യ സ്ഫോടനത്തില്‍ ആറ് കിലോമീറ്ററോളം ദൂരത്തിലേക്ക് ലാവ ഇരച്ചെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ ഇത് എട്ട് കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ വ്യാപിച്ചു. വെള്ളിയാഴ്ച മാത്രം, 3 തവണയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഇന്തോനേഷ്യൻ ദ്വീപായ ഫ്ലോർസിലെ നിരവധി ഗ്രാമങ്ങളിലേക്കാണ് ഈ പൊട്ടിത്തെറികളില്‍ അഗ്നി പടർന്നത്.
രണ്ടായിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സ്ഫോടനങ്ങള്‍ തുടരുന്നതിനാല്‍ അഗ്നിപർവതത്തിന് സമീപ പ്രദേശങ്ങളിൽ നിന്നുള്‍പ്പടെ ഇതിനകം 16,000ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി, ഫ്ലോറസ് സർക്കാർ ഉദ്യോഗസ്ഥനായ ഹെറോണിമസ് ലമാവുറൻ അറിയിച്ചു.
Also Read: 'മൂന്നാംതരം കോമഡി നിർമിക്കാനുള്ള ശ്രമം'; ട്രംപിനെ വധിക്കാൻ പദ്ധതിയിട്ടുവെന്ന യുഎസ് ആരോപണം തള്ളി ഇറാൻ
അവശിഷ്ടങ്ങളില്‍ നിന്ന് ഇതുവരെ 10 മൃതദേഹങ്ങളാണ് അധികൃതകർ കണ്ടെടുത്തത്. എന്നാല്‍ ആദ്യദിനത്തിലെ സ്ഫോടനത്തില്‍ കാണാതായവരില്‍ പലരെയും ഇനിയും കണ്ടെത്താനുണ്ട്. അഗ്നിപർവ്വതം പുകയുന്ന നിലയിലായിരുന്നതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ പലരും മാറിതാമസിച്ചത് അപകടത്തിന്‍റെ വ്യാപ്തി കുറച്ചിട്ടുണ്ട്. ഒന്നിലധികം ടെക്റ്റോണിക് പ്ലേറ്റുകൾക്ക് മുകളിലാണ് ഇന്തോനേഷ്യ സ്ഥിതിചെയ്യുന്നത്. പസഫിക് റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന ഉയർന്ന ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണിത്. ഇന്തോനേഷ്യയിലെ 120 സജീവ അഗ്നിപർവതങ്ങളിലൊന്നാണ് ലാകി-ലാകി. യു.എസ്. ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) പ്രകാരം ഭൂമിയിലെ ഏറ്റവും അഗ്നിപർവത പ്രവർത്തനമുള്ള രാജ്യമാണ് ഇന്തോനേഷ്യ.