"ആര്യാടൻ ഷൗക്കത്ത് പത്തരമാറ്റ് സ്ഥാനാർഥി, കോൺഗ്രസിൽ എനിക്ക് ഒരുപാട് ഗോഡ്‌ഫാദർമാർ": അൻവറിൻ്റെ ആരോപണങ്ങൾ തള്ളി വി.എസ്. ജോയ്

ഗോഡ്ഫാദർ ഇല്ലാത്തത് കൊണ്ട് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന പാർട്ടി അല്ല കോൺഗ്രസെന്നും വി.എസ്. ജോയ് പ്രതികരിച്ചു
"ആര്യാടൻ ഷൗക്കത്ത് പത്തരമാറ്റ് സ്ഥാനാർഥി, കോൺഗ്രസിൽ എനിക്ക് ഒരുപാട് ഗോഡ്‌ഫാദർമാർ": അൻവറിൻ്റെ ആരോപണങ്ങൾ തള്ളി വി.എസ്. ജോയ്
Published on

കോൺഗ്രസിൽ ഗോഡ്ഫാദർമാരില്ലാത്തതുകൊണ്ടാണ് സ്ഥാനാർഥിയാക്കാത്തതെന്ന പി.വി. അൻവറിൻ്റെ പ്രസ്താവന നിഷേധിച്ച് വി.എസ്. ജോയ്. കോൺഗ്രസിൽ തനിക്ക് ഒരുപാട് ഗോഡ്‌ഫാദർമാർ ഉണ്ട്. ഗോഡ്ഫാദർ ഇല്ലാത്തത് കൊണ്ട് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന പാർട്ടി അല്ല കോൺഗ്രസെന്നും വി.എസ്. ജോയ് പ്രതികരിച്ചു.

മലയോര കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. യുഡിഎഫ് ഉയർത്തുന്ന ഉപതെരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ മുദ്രാവാക്യവും ഇതാണ്. വ്യക്തിപരമായ താല്പര്യങ്ങൾ ഇല്ല, ഏത് സ്ഥാനാർഥിയ്ക്ക് വേണ്ടിയും മുന്നിൽ നിൽക്കുമെന്ന് നേതൃത്വത്തെ നേരത്തെ അറിയിച്ചതാണ്. ആര്യാടൻ ഷൗക്കത്ത് പത്തരമാറ്റ് സ്ഥാനാർഥിയാണ്. പി.വി. അൻവറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ നേതൃത്വവുമായി ചേർന്ന് പരിഹരിക്കും. പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്ന പ്രതികരണങ്ങൾ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. അൻവറിൻ്റെ പ്രയാസങ്ങൾ യുഡിഎഫ് രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്നും വി എസ് ജോയ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

നിലമ്പൂരിൽ യുഡിഎഫിന് മികച്ച സ്ഥാനാർഥി വി.എസ്. ജോയ് ആണ് എന്നായിരുന്നു ആര്യാടൻ ഷൗക്കത്തിൻ്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അൻവറിൻ്റെ പ്രതികരണം. ക്രിസ്ത്യൻ സമൂഹത്തിൻ്റെ പിന്തുണ യുഡിഎഫിന് കുറയുന്നു. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഒരു സ്ഥാനാർഥിയെ നിർത്താനുള്ള അവസരമായിരുന്നു ഇത്. വി.എസ്. ജോയിക്ക് കോൺഗ്രസിൽ ഗോഡ്ഫാദർമാരില്ലാത്തതുകൊണ്ടാണ് സ്ഥാനാർഥിയാക്കാത്തത്. കോൺഗ്രസിൽ ഒതുക്കപ്പെട്ട നേതാവാണ് ജോയ്. ജോയിക്ക് മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നു. ജോയ് പിന്തള്ളപ്പെട്ടത് മലയോര കർഷകനായതുകൊണ്ടാണ്. ജോയിയെ ഒഴിവാക്കിയതിലൂടെ തഴയപ്പെട്ടത് മലയോര മേഖലയാകെയാണെന്നും അൻവർ പ്രതികരിച്ചിരുന്നു.

നിലമ്പൂരിൽ ജനവികാരം ആര്യാടൻ ഷൗക്കത്തിന് എതിരാണെന്നും അൻവർ പറഞ്ഞു. ഷൗക്കത്തിനെപ്പറ്റി നിലമ്പൂരിലെ ജനങ്ങളുടെ അഭിപ്രായം തനിക്കറിയാം. ഇടത് സ്ഥാനാർഥിയാകാൻ രണ്ട് മാസം മുമ്പ് വരെ ശ്രമിച്ചയാളാണ് ആര്യാടൻ ഷൗക്കത്ത്. കോൺഗ്രസ് തീരുമാനിച്ചത് വിജയസാധ്യത ഇല്ലാത്ത സ്ഥാനാർഥിയെയാണ്. ആര്യാടൻ ഷൗക്കത്തിന് പിണറായിസത്തെ തോൽപ്പിക്കാനാകില്ല. സിപിഐഎമ്മുമായി നല്ല സൗഹൃദത്തിൽ പോകുന്നയാളാണ്. ദേശാഭിമാനി വേദിയിൽ പോകുന്ന വലതുപക്ഷത്തെ ഇടതുപക്ഷവാദിയാണ്. സിപിഐഎമ്മിനെ വിമർശിക്കുന്ന ഒരു പ്രസ്താവന ഷൗക്കത്ത് ഈയടുത്തൊന്നും നടത്തിയിട്ടില്ലെന്നും പി.വി. അൻവർ പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com