സ്ത്രീ വിരുദ്ധമായ പ്രശ്‌നങ്ങളെ കുറിച്ച് ഹേമ കമ്മറ്റി ആശങ്കപ്പെടുന്നുണ്ട്. ആ റിപ്പോര്‍ട്ടിനെ അനുസരിച്ച് നിയമത്തിന്റെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്.
മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അവധാനതയോടെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിയണമെന്ന് മുന്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍. സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞതിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയണമെന്നും വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.
മലയാള സിനിമ എല്ലാ അര്‍ഥത്തിലും മുന്നോട്ട് പോകണം. സ്ത്രീ വിരുദ്ധമായ പ്രശ്‌നങ്ങളെ കുറിച്ച് ഹേമ കമ്മറ്റി ആശങ്കപ്പെടുന്നുണ്ട്. ആ റിപ്പോര്‍ട്ടിനെ അനുസരിച്ച് നിയമത്തിന്റെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് താന്‍ കരുതുന്നതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കിയിരിക്കുന്ന ചലനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ശക്തമായ നടപടിയിലൂടെ മാത്രമേ പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ. ഒരു ഗവണ്‍മെന്റിന് നിയമത്തിന്റെ മാര്‍ഗത്തിലൂടെ മാത്രമേ മുന്നോട്ട് പോകാനാവൂ. സര്‍ക്കാരിന് മാത്രമേ ഇതിന് പരിഹാരം ഉണ്ടാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
'ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇത്തരം മേഖലകളിലുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ കാപട്യമോ ഇരട്ടത്താപ്പോ കാണിക്കാന്‍ ആവില്ല. സിനിമ രംഗത്ത് നിലനില്‍ക്കുന്ന ലിംഗ വിവേചനവും മറ്റ് പ്രശ്‌നങ്ങളും ചൂണ്ടിക്കാണിക്കുന്നതാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട്. ലോകത്തിന് തന്നെ മാതൃകാപരമായ റിപ്പോര്‍ട്ട് എന്നതാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പ്രത്യേകത. സിനിമ രംഗത്തെ തന്നെ നവീകരിക്കാന്‍ ഈ റിപ്പോര്‍ട്ടിലൂടെ സാധിക്കും. അതിനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയണം,' വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.
ഏത് സര്‍ക്കാരാണെങ്കിലും നിയമത്തിന്റെ മാര്‍ഗത്തിലൂടെ മാത്രമേ ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ ആവൂ. സര്‍ക്കാര്‍ നിയമത്തിന്റെ മാര്‍ഗത്തിലൂടെ തന്നെ മുന്നോട്ട് പോകാന്‍ കഴിയണം എന്നാണ് പറയാനുള്ളതെന്നും വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.
എന്ത് ചര്‍ച്ചകള്‍ നടന്നാലും അവധാനതയും മാതൃകാപരമായ നടപടികളുമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ടത്. സര്‍ക്കാരിന് ഒരു ഗ്രൂപ്പിനെയും പിന്തുണച്ച് മുന്നോട്ട് പോകാനാവില്ല.
സര്‍ക്കാരിനുള്ള പരിമിതികള്‍ തുറന്ന് പറയാന്‍ ആവണം, പരിമിതികളുണ്ടെങ്കില്‍ നിയമോപദേശം തേടി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തം ഉണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ അല്ല സര്‍ക്കാര്‍ ശ്രമിച്ചത്. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏറ്റവും യോഗ്യരായിട്ടുള്ള കമ്മീഷനെ ചുമതലപ്പെടുത്തുകയാണുണ്ടായത്. അതൊരു ആത്മാര്‍ഥമായ സമീപനമാണ്. ഇന്ത്യയില്‍ തന്നെ ഒരു സര്‍ക്കാരും ഇത്തരത്തില്‍ ഒരു സമീപനം സ്വീകരിച്ചിട്ടില്ലെന്നും സുനിൽ കുമാർ പറഞ്ഞു.
കമ്മിറ്റിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ അവസരവും സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്. കേരളത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തിലുണ്ടായത് കൊണ്ടാണ് ഇതിന് സാധിച്ചത്. ഇന്ത്യന്‍ സിനിമ രംഗത്തുള്ള ഇത്തരം പ്രവണതകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഒരു നാഴികകല്ലായി മാറും. ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്. ഒരുപാട് സംഘടനകള്‍ കേരളത്തിലുണ്ട്, ഓരോരുത്തര്‍ക്കും താത്പര്യങ്ങളും പരിമിതികളുമുണ്ട്. പക്ഷെ സര്‍ക്കാരിന് പരിമിതികളില്ലെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.