മുഴപ്പിലങ്ങാട് ബീച്ചിലെ വാക് വേ പുതുവത്സര സമ്മാനമായി തുറന്നുനൽകും: മന്ത്രി മുഹമ്മദ്‌ റിയാസ്

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാടിനെ ദുബായ് മറീന മാതൃകയിൽ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്
മുഴപ്പിലങ്ങാട് ബീച്ചിലെ വാക് വേ പുതുവത്സര സമ്മാനമായി തുറന്നുനൽകും: മന്ത്രി മുഹമ്മദ്‌ റിയാസ്
Published on

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിലെ വാക് വേ പുതുവത്സര സമ്മാനമായി തുറന്നുനൽകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. വികസന പ്രവർത്തനങ്ങൾ മന്ത്രി നേരിട്ടെത്തി വിലയിരുത്തി.


ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാടിനെ ദുബായ് മറീന മാതൃകയിൽ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ബീച്ചിനോട് ചേർന്ന് 3.8 കിലോ മീറ്റർ നീളത്തിൽ നിർമിക്കുന്ന നടപ്പാതയും അനുബന്ധ സൗകര്യങ്ങളും ബീച്ചിന്‍റെ മുഖഛായ മാറ്റുമെന്നും മന്ത്രി പറഞ്ഞു.


കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് മുഴപ്പിലങ്ങാടിനെ ഉയർത്താൻ 233 കോടി 71 ലക്ഷം രൂപ ചിലവിലാണ് അടിസ്ഥാന സൗകര്യവികസനവും സൗന്ദര്യവൽക്കരണവും നടപ്പാക്കുന്നത്. ടോയ്‌ലെറ്റുകൾ, ഫുഡ്‌ കിയോസ്കുകൾ, വിനോദ ഉപാധികൾ എന്നിവയും നടപ്പാതയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്.

മലബാർ മേഖലയിലേക്ക് എത്തുന്ന ടൂറിസ്റ്റുകൾ നേരിടുന്ന താമസ സൗകര്യത്തിലെ പ്രയാസങ്ങൾക്ക് പരിഹാരമായി മുഴപ്പിലങ്ങാട് കെടിഡിസിയുടെ ത്രീ സ്റ്റാർ ഹോട്ടൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. എട്ട് സ്യൂട്ട് റൂമുകൾ ഉൾപ്പെടെ 40 മുറികളുള്ള ഹോട്ടലിൽ ടാക്സി ഡ്രൈവർമാർക്ക് താമസിക്കാൻ പ്രത്യേക സൗകര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com