മലപ്പുറം രൂപീകരണത്തിനെതിരെ കോണ്‍ഗ്രസ് ജനസംഘത്തിനൊപ്പം നിന്നെന്ന് കെ.ടി. ജലീല്‍; പ്രസ്താവന ഗാന്ധി വിരുദ്ധം, പിന്‍വലിക്കണമെന്ന് പ്രതിപക്ഷം

സ്പീക്കർ പരിശോധിക്കാമെന്ന് മറുപടി നൽകിയതിനു പിന്നാലെ ജലീലിൽ വീണ്ടും ഇതേ പരാമർശം ആവർത്തിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു
മലപ്പുറം രൂപീകരണത്തിനെതിരെ കോണ്‍ഗ്രസ് ജനസംഘത്തിനൊപ്പം 
നിന്നെന്ന് കെ.ടി. ജലീല്‍; പ്രസ്താവന ഗാന്ധി വിരുദ്ധം, പിന്‍വലിക്കണമെന്ന് പ്രതിപക്ഷം
Published on

മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കെ.ടി. ജലീലിൻ്റെ പരാമർശത്തെ തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം. ജില്ലാ രൂപീകരണത്തിനെതിരെ കുട്ടി പാകിസ്ഥാൻ എന്ന് വിളിച്ചവരല്ലേ കോൺഗ്രസുകാരെന്ന് പറഞ്ഞതോടെയാണ് പ്രതിഷേധമുയർന്നത്. ആർഎസ്എസ് അവരുടെ ബൈബിളായി കാണുന്നത് വിചാരധാരയെയാണ്. അതിൽ കമ്മ്യൂണിസ്റ്റുകാർക്കെതിരെയാണ് പറയുന്നത്. ആ കമ്മ്യൂണിസ്റ്റുകാർ ആർഎസ്എസിൻ്റെ കൂടെയാണ് എന്നത് അബദ്ധജടിലമായ പരാമർശമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സഭയിൽ അടിയന്തര പ്രമേയ ചർച്ച ആരംഭിച്ചു; എഡിജിപിയും മലപ്പുറം പരാമർശവും ചർച്ചയാകുന്നു, മുഖ്യമന്ത്രി സഭയിലില്ല

ജലീലിൻ്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. നിയമസഭയിൽ പറയാൻ പാടില്ലാത്ത പരാമർശമാണ് ജലീൽ നടത്തിയത്. ജനസംഘത്തിൻ്റെ കൂടെ നിന്നവരാണ് കോൺഗ്രസ് എന്നത് ഗാന്ധി നിന്ദയാണ്. മലപ്പുറം രൂപീകരണത്തിനെതിരെ ജനസംഘത്തിനൊപ്പം കോൺഗ്രസ് നിന്നു എന്നത് ഗാന്ധി വിരുദ്ധമായ പ്രസ്താവനയാണെന്നും ഇത് തിരുത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. സ്പീക്കർ പരിശോധിക്കാമെന്ന് മറുപടി നൽകിയതിനു പിന്നാലെ ജലീല്‍ വീണ്ടും ഇതേ പരാമർശം ആവർത്തിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കർ പരിശോധിക്കാം എന്ന് പറഞ്ഞ അതേ വാചകം വീണ്ടും ആവർത്തിച്ചത് ശരിയാണോ എന്നും നിങ്ങൾ ചന്തയിലാണോ ഇരിക്കുന്നതെന്ന് ഭരണപക്ഷത്തോട് പ്രതിപക്ഷ നേതാവ് ചോദിച്ചു.


ജനസംഘവും കോൺഗ്രസുമാണ് മലപ്പുറം ജില്ലാ രൂപീകരണത്തെ ശക്തമായി എതിർത്തത്. മലപ്പുറം ജില്ല രൂപീകരിച്ചാൽ പാകിസ്ഥാന്റെ പടക്കപ്പൽ താനൂർ കടപ്പുറത്ത് എത്തുമെന്നാണ് ചിലർ പറഞ്ഞത്. സിഎച്ചിന്റെ പ്രസംഗം മുഴുവൻ വായിച്ചിട്ടുണ്ട്. പി.കെ. ബഷീർ ഒന്നും വായിച്ച് കാണില്ലെന്ന് ജലീൽ പറഞ്ഞതോടെ 'ബഷീർ വായിച്ചോ വായിച്ചില്ലേ എന്ന് പറയാൻ ഇവനാരാണ് സാർ' എന്നായിരുന്നു ക്ഷുഭിതനായി ബഷീറിൻ്റെ പ്രതികരണം. പ്രതിപക്ഷം ഒറ്റക്കെട്ടായി എഴുന്നേറ്റതോടെ വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സ്പീക്കർ ജലീലിനോട് നിർദേശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com