
തിരുവനന്തപുരം നഗരത്തിൽ ജലവിതരണം മുടങ്ങില്ല. കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ ജലശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപണി പൂർത്തിയായതോടെയാണ് പമ്പിങ് പുനരാരംഭിച്ചത്. ജലവിതരണം പതിവുപോലെ നടക്കുമെന്ന് ജല അതോറിറ്റി അറയിച്ചു. ഭാഗികമായി ജലവിതരണം തടസപ്പെടുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.
Also Read: തിരുവനന്തപുരത്ത് രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി
അരുവിക്കരയിലെ 86 എംഎൽഡി ശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ജലവിതരണം തടസപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കിയത്. തിരുവനന്തപുരം നഗരത്തിൽ ഇതിന് മുമ്പ് ഒരാഴ്ചയോളം കുടിവെള്ള വിതരണം മുടങ്ങിയത് വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
ജലവിതരണം തടസപ്പെടുന്നത് സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് നൽകുന്നതിലെ വീഴ്ചയും ബദൽ സംവിധാനം ഒരുക്കുന്നതിലെ ഏകോപനക്കുറവുമാണ് ആക്ഷേപത്തിനിടയാക്കിയത്. തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് വലിയ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ ജലവിതരണം മുടങ്ങുന്ന കാര്യം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കണമെന്ന് തീരുമാനിച്ചത്.