
വയനാട് ഉരുൾപൊട്ടൽ ദുരന്തം ബാധിച്ച സ്ഥലത്തേക്ക് തിരുവനന്തപുരത്തു നിന്ന് മന്ത്രിമാരുടെ സംഘം രാവിലെ 9 മണിക്ക് യാത്ര തിരിക്കും. പ്രത്യേക വിമാനത്തിലാണ് കരിപ്പൂരിലേക്ക് മന്ത്രിമാർ യാത്ര തിരിക്കുന്നത്. അവിടെനിന്ന് റോഡ് മാർഗ്ഗം വയനാട്ടിലേക്ക് പോകും. കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്ടർ യാത്ര ഒഴിവാക്കിയാണ് പ്രത്യേക വിമാനത്തിൽ ദുരന്ത സ്ഥലത്തേക്ക് തിരിക്കുന്നത്.
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സംഭവസ്ഥലത്ത് എത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും അല്പസമയത്തിലകം എത്തിച്ചേരും.
അതേസമയം, ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.