വയനാട് പുനരധിവാസം: ടൗൺഷിപ്പിൽ നിർമിക്കുന്ന വീട് ഒന്നിന് ചെലവ് 20 ലക്ഷം

സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്നവരെയും പരിഗണിക്കും. വീട് മാറി താമസിപ്പിക്കേണ്ടവരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും
വയനാട് പുനരധിവാസം: ടൗൺഷിപ്പിൽ നിർമിക്കുന്ന വീട് ഒന്നിന് ചെലവ് 20 ലക്ഷം
Published on


വയനാട് പുരനധിവാസത്തിൽ ദുരിതബാധിതർക്ക് വീട് ഒരുങ്ങുന്നത് 20 ലക്ഷം രൂപയ്ക്ക്.നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപ ചെലവാണ് കണക്കാക്കിയിരുന്നത്. സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്നവരെയും പരിഗണിക്കും. വീട് മാറി താമസിപ്പിക്കേണ്ടവരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 

നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉൾപ്പെടുത്തിയിട്ടുളള കരട് ഫേസ് 2 B ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണ്ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകൾ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താൻ വയനാട് ജില്ലാകളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വയനാട് ജില്ലാ കളക്ടർ തയ്യാറാക്കിയ ദുരന്ത ബാധിത കുടുംബങ്ങളുടെ ലിസ്റ്റ് 430 നുള്ളിലാണ്. സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കുവാൻ ആഗ്രഹിക്കുന്ന ഉരുൾപൊട്ടൽ ബാധിത കുടുംബങ്ങൾക്ക് അനുവദിക്കുന്ന 15 ലക്ഷം രൂപയ്ക്ക് അര്‍ഹരായ ഗുണഭോക്താക്കളും ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടും. ഈ സാഹചര്യത്തിൽ പുനരധിവാസത്തിനായി ആദ്യഘടത്തില്‍ എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രമേ ഏറ്റെടുക്കൂ. ഗുണഭോക്താക്കൾക്ക് വീട് നൽകുന്നതിനായി 7 സെന്റ് ഭൂമി വീതമുള്ള പ്ലോട്ടായി പുനഃക്രമീകരിക്കും.

വയനാട് മാതൃകാ ടൗൺഷിപ്പ് നിർമിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള എൽസ്റ്റൺ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത് മുനിസിപ്പൽ പ്രദേശത്താണ്. ഭൂമി പതിച്ച് നൽകുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും ഹെറിട്ടബിൾ ആയിരിക്കും. പന്ത്രണ്ട് വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലാത്തതുമാണ്. റസിഡൻഷ്യൽ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിൽ അനുവദിക്കാവുന്നതാണ്. ഭൂമിയും വീടും, 12 വർഷത്തിന് മുൻപ് ഗുണഭോക്താവിന് അവശ്യ ഘട്ടങ്ങളിൽ പണയപ്പെടുത്തി (Mortgage) വായ്പ എടുക്കുന്നതിൻ്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സർക്കാർ തീരുമാനം കൈകൊള്ളുന്നതാണ്.

ടൗൺഷിപ്പിൽ വീട് അനുവദിക്കുന്നതിനോ, 15 ലക്ഷം രൂപ നൽകുന്നതിനോ മുൻപ് പട്ടികയിൽപെടുന്ന വീടുകളിൽ നിന്നും ഉപയോഗയോഗ്യമായ ജനൽ, വാതിൽ, മറ്റ് വസ്തുക്കൾ എന്നിവ ഗുണഭോക്താക്കൾ തന്നെ സ്വയം പൊളിച്ച് മാറ്റുന്നതിനും, വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി അക്കാര്യം ഉറപ്പ് വരുത്തുന്നതിനും നിർദേശം നല്‍കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ദുരന്തബാധിതർക്ക് നിലവിൽ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയിൽ തുടർന്നും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങൾ വാങ്ങാവുന്ന കൂപ്പൺ വാടകയ്ക്ക് താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് സി.എസ്.ആർ. ഫണ്ടിൽ നിന്നും നൽകാനും ഓരോ കൂപ്പണും രണ്ടു മാസം വീതം കാലാവധി നൽകാനും തീരുമാനിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com