വയനാട് പുനരധിവാസം പാളി, ആദ്യ ഘട്ടത്തിൽ മന്ത്രിമാർ കാണിച്ച താല്പര്യം ഇപ്പോൾ കാണിക്കുന്നില്ല: കെ സുരേന്ദ്രന്‍

ദുരിതാശ്വാസ ക്യാംപുകളില്‍ താമസിക്കുന്നവർക്കായി താല്കാലിക പുനരധിവാസം പോലും ഒരുക്കാന്‍ സർക്കാരിനു സാധിച്ചില്ല
വയനാട് പുനരധിവാസം പാളി, ആദ്യ ഘട്ടത്തിൽ മന്ത്രിമാർ കാണിച്ച താല്പര്യം ഇപ്പോൾ കാണിക്കുന്നില്ല: കെ സുരേന്ദ്രന്‍
Published on

വയനാട് പുനരധിവാസം പാളിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്നാണ് ആരോപണം. വിശദമായ മെമ്മോറാണ്ടം തയ്യാറാക്കി കേന്ദ്രത്തെ സമീപിക്കണമെന്ന് പ്രധാനമന്ത്രി അവലോകന യോഗത്തില്‍ നിർദേശിച്ചിട്ടും സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ALSO READ: ചൂരൽമല ദുരന്തം: റിപ്പോർട്ട് സമർപ്പിച്ച് വിദഗ്ധ സംഘം; പുനരധിവാസത്തിനായി അഞ്ച് സ്ഥലങ്ങള്‍


ദുരിതാശ്വാസ ക്യാംപുകളില്‍ താമസിക്കുന്നവർക്കായി താല്കാലിക പുനരധിവാസം പോലും ഒരുക്കാന്‍ സർക്കാരിനു സാധിച്ചില്ല. ആദ്യ ഘട്ടത്തിൽ മന്ത്രിമാർ കാണിച്ച താല്പര്യം ഇപ്പോൾ കാണിക്കുന്നില്ല. വയനാട്ടില്‍ നിന്നുള്ള മന്ത്രി ഒ.ആർ കേളു മാത്രമാണ് താല്പര്യം കാണിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ALSO READ: ദുരന്ത ബാധിതരിൽ നിന്ന് വായ്പ പിടിച്ചെടുത്തത് കണ്ണിൽ ചോരയില്ലാത്ത നടപടി, കേരള ബാങ്ക് സ്വീകരിച്ചത് മാതൃകാപരം: മുഖ്യമന്ത്രി

അതേസമയം, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ കുറിച്ച് പഠിക്കാന്‍ സർക്കാർ നിയോഗിച്ച ഭൗമ ശാസ്ത്രജ്ഞന്‍ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം റിപ്പോർട്ടുകൾ സമർപ്പിച്ചു. ദുരന്തമേഖലയിലെ അപകട സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളും, പുനരധിവാസത്തിനായുള്ള സ്ഥലങ്ങളെ കുറിച്ചുമാണ് റിപ്പോർട്ട്‌. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറംഗ സംഘമാണ് ദുരന്ത മേഖല പരിശോധിച്ചത്. എങ്ങനെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായെന്ന റിപ്പോ‍‍ർട്ട് വിദഗ്ധ സംഘം നല്‍കിയിട്ടില്ല. അതിനായി ഉരുൾപൊട്ടലിന്‍റെ പ്രഭവകേന്ദ്രം സംഘം വീണ്ടും സന്ദർശിക്കും. വിവിധ വിഭാഗത്തിലുള്ളവരുമായി ചർച്ച ചെയ്താണ് വിദഗ്ധ സമിതി സമഗ്ര റിപ്പോർട്ട് തയ്യാറാക്കിയത്.

ദുരന്തത്തില്‍, 231 പേർ മരണപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 178 മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. 212 ശരീരാവശിഷ്ടങ്ങളാണ് വിവിധ ഇടങ്ങളില്‍ നിന്നായി കണ്ടെടുത്തത്. ഇനിയും 128 പേരെ കണ്ടെത്താനുണ്ടെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ പട്ടികയില്‍ കാണാതായവരുടെ എണ്ണം 119 ആണ്.

ദുരന്തത്തിൽ മേപ്പാടിയിൽ ആകെ 1,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. മേഖലയിലെ 1555 വീടുകള്‍ നശിച്ചു. 626 ഹെക്ടര്‍ കൃഷി നശിച്ചു. 124 കിലോമീറ്റര്‍ വൈദ്യുതി കേബിളുകള്‍ തകര്‍ന്നുവെന്നുമാണ് സർക്കാരിൻ്റെ കണക്ക്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com