വയനാട് പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിക്ക് 17 കോടി അധികം കെട്ടിവെക്കണമെന്ന് ഹൈക്കോടതി

നേരത്തെ കെട്ടിവെച്ച 26 കോടിക്ക് പുറമെ 17 കോടി കൂടി കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനാണ് കോടതി നിർദേശം
വയനാട് പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിക്ക് 17 കോടി അധികം കെട്ടിവെക്കണമെന്ന് ഹൈക്കോടതി
Published on

വയനാട് മാതൃകാ ടൗൺഷിപ്പിന് ഏറ്റെടുക്കുന്ന എൽസ്റ്റൺ ടീ എസ്റ്റേറ്റ് ഭൂമിക്ക് 17 കോടി കൂടി കെട്ടിവെയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. നേരത്തെ കെട്ടിവെച്ച 26 കോടിക്ക് പുറമെ 17 കോടി കൂടി കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനാണ് കോടതി നിർദേശം. 78.73 ഹെക്ടർ ഭൂമിക്ക് 549 കോടി മൂല്യമുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം.

ഉയർന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് എൽസ്റ്റൺ ടീ എസ്റ്റേറ്റ് നൽകിയ ഹർജി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. ഏറ്റെടുക്കുന്ന 78.73 ഹെക്ടർ ഭൂമിക്ക് 549 കോടി മൂല്യമുണ്ടായിരിക്കെ സർക്കാർ നിശ്ചയിച്ചത് 26.51 കോടി മാത്രമാണ്. ഈ തുക ഹൈക്കോടതിയിൽ കെട്ടിവെച്ച് പ്രതീകാത്മകമായി സ്ഥലം ഏറ്റെടുത്ത് ടൗൺഷിപ്പിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചിരുന്നു.

2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം വലിയ തുക നഷ്ട പരിഹാരമായി ലഭിക്കേണ്ടതാണെന്നും നടപടി ക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ മൂല്യ നിർണയം നടത്തിയതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എസ്റ്റേറ്റിലെ തേയിലച്ചെടികൾക്ക് തന്നെ 82 കോടി രൂപ മൂല്യം വരും. കമ്പനി കെട്ടിടങ്ങൾക്ക് 20 കോടി വരും. ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും ക്വാർട്ടേഴ്‌സുകളടക്കം കെട്ടിടങ്ങൾ വേറെയുമുണ്ട്. എന്നാൽ, നോട്ടീസ് പോലും നൽകാതെയാണ് മൂല്യനിർണയം നടത്തിയതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.

എന്നാൽ സമീപ പ്രദേശത്ത് നടന്ന ഭൂമി ഇടപാടുകളുടെ രേഖകൾ പരിശോധിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയിട്ടുള്ളതെന്ന് സർക്കാർ വ്യക്തമാക്കി. കോടതി ആവശ്യപ്പെട്ടാൽ ന്യായവില കണക്കാക്കി നഷ്ടപരിഹാരം നൽകാനും തയാറാണെന്നും സർക്കാർ അറിയിച്ചിരുന്നു. തുടർന്നാണ് 17 കോടി കൂടി ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവെക്കാൻ കോടതി നിർദേശിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com