വയനാട്ടിലും ചേലക്കരയിലും പരസ്യപ്രചരണം അവസാനിച്ചു; വോട്ടെടുപ്പിന് ഇനി രണ്ടുനാൾ

ആവേശത്തേക്കാളുപരി തെരഞ്ഞെടുപ്പ് ഗോദയിൽ മുന്നണികൾക്ക് ഇത് അഭിമാന പോരാട്ടം കൂടിയാണ്. എല്ലാ വോട്ടുകളും ഉറപ്പിക്കാനുള്ള അവസാനഘട്ട പാച്ചിലിലാണ് മുന്നണികളും സ്ഥാനാർഥികളും
വയനാട്ടിലും ചേലക്കരയിലും പരസ്യപ്രചരണം അവസാനിച്ചു; വോട്ടെടുപ്പിന് ഇനി രണ്ടുനാൾ
Published on

കേരളത്തിന് പുറമേ ദേശീയ ശ്രദ്ധയാകർഷിച്ച ഉപതെരഞ്ഞടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. മുന്നണികളെല്ലാം ഏറെ ആവേശത്തോടെയാണ് തെരഞ്ഞടുപ്പിനെ നോക്കിക്കാണുന്നത്. ആവേശത്തേക്കാൾ ഉപരി തെരഞ്ഞെടുപ്പ് ഗോദയിൽ മുന്നണികൾക്ക് ഇത് അഭിമാന പോരാട്ടം കൂടിയാണ്. എല്ലാ വോട്ടുകളും ഉറപ്പിക്കാനുള്ള അവസാനഘട്ട പാച്ചിലിലാണ് മുന്നണികളും സ്ഥാനാർഥികളും.

വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധിയുടെ വരവ് മണ്ഡലം വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇടതുപക്ഷ സ്ഥാനാർഥിയായി സത്യൻ മൊകേരിയും,  ബിജെപി സ്ഥാനാർഥിയായി നവ്യ ഹരിദാസുമാണ് വയനാട്ടിൽ തെരഞ്ഞടുപ്പ് പോരിനിറങ്ങുന്നത്. രാഹുൽ ഗാന്ധിയുടെ പ്രചരണം മണ്ഡലത്തിൽ ആവേശം ഇരട്ടിയാക്കി.

ചേലക്കരയുടെ ചേല് ആര് അണിയും എന്നതിന് വ്യക്തമായ ഉത്തരം ഇതുവരെയും ലഭ്യമായിട്ടില്ല. ഇടതു കോട്ട എന്നറിയറിയപ്പെടുന്ന ചേലക്കര മണ്ഡലത്തിൽ ഇത്തവണ ഇടതുപക്ഷ സ്ഥാനാർഥിയായി രംഗത്തുള്ളത് യു.ആർ. പ്രദീപാണ്. കോൺഗ്രസ് സ്ഥാനാർഥിയായി രമ്യ ഹരിദാസും, ബിജെപി സ്ഥാനാർഥിയായി കെ. ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. അവസാന ദിവസങ്ങളിൽ മണ്ഡലങ്ങളിൽ ചെന്ന് മുഴുവൻ വോട്ടർമാരെയും കണ്ടുകൊണ്ടുള്ള പ്രചരണങ്ങൾക്കാണ് സ്ഥാനാർഥികൾ മുൻതൂക്കം നൽകിയത്.

വയനാട്ടിലും അവസാന ലാപ്പിലെ പ്രചരണം വൻ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. രാഹുൽ ഗാന്ധിയും അവസാനഘട്ട പ്രചരണത്തിന് എത്തിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം കൽപ്പറ്റയിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് അന്നത്തെ റോഡ് ഷോയിൽ പങ്കെടുത്തത്. ഇന്നും സമാനമായ അവസ്ഥയാണ് മണ്ഡലത്തിലുണ്ടായിരിക്കുന്നത്. വാഹനത്തിൽ നിന്ന് അണികളെ അഭിവാദ്യം ചെയ്യുന്നതിന് പകരം ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നാണ് രാഹുൽ ഗാന്ധി ജനങ്ങളെ അഭിവാദ്യം ചെയ്തത്.

സ്ത്രീ വോട്ടർമാരെ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള പ്രചരണവും കോൺഗ്രസ് നടത്തിയിരുന്നു. അഞ്ച് ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ വിജയം വോട്ടർമാർ പ്രവചിച്ചിരിക്കുന്നത്. റോഡ് ഷോയുടെ സമയത്ത് തിരുവമ്പാടിയിലാണ് പ്രിയങ്ക ഉണ്ടായിരുന്നത്. എന്നിട്ടും ആവേശം ഒട്ടും ചോർന്നു പോകാതെ ജനങ്ങൾ തടിച്ചുകൂടി നിന്നു. ചേലക്കരയിലെ അവസാന ഘട്ട പോരാട്ടത്തിലും ആവേശം ഒട്ടും ചോരാത്ത വിധത്തിലാണ് മുന്നണികൾ രംഗത്തിറങ്ങിയത്. എൽഡിഎഫ് കോട്ടയെന്ന് പൊതുവേ അറിയപ്പെടുന്ന മണ്ഡലത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണ് പ്രചരണം നടത്തുന്നത്. ആർക്കൊപ്പമാണ് ജനവിധി എന്നറിയാൻ ഈ മാസം 23 വരെ കാത്തിരിക്കണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com