
ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാടിന് കൈത്താങ്ങാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ അയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് പിരിച്ച പണം കൈമാറി. 'ഞങ്ങളുമുണ്ട് കൂടെ ' ക്യാമ്പയിൻ മുഖേന ആദ്യഘട്ടമായി സമാഹരിച്ച 20,07,05,682 രൂപയാണ് മുഖ്യമന്ത്രിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഇന്ന് കൈമാറിയത്.
ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്ന വയനാടിന് സഹായം നല്‍കാന്‍ 'ഞങ്ങളുമുണ്ട് കൂടെ' എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ സംഘടിപ്പിക്കുകയാണ് കുടുംബശ്രീ. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നതിനായി ഓഗസ്റ്റ് 10, 11 തീയതികളില്‍ പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങളും മറ്റും ചേര്‍ന്നിരുന്നു. ഇത്തരത്തില്‍ 46 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും ചേര്‍ന്ന് കണ്ടെത്തിയത് 20,05,00,682 കോടി രൂപയാണ്.
ഇതോടൊപ്പം കുടുംബശ്രീയുടെ കീഴിലുള്ള നൈപുണ്യ ഏജന്‍സികള്‍ നല്‍കിയ 2,05,000 രൂപയും ചേര്‍ത്ത് ആകെ 20,07,00,682 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഘട്ടമായി നല്‍കിയിരിക്കുന്നത്. 2018ലെ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11.18 കോടി രൂപയും കുടുംബശ്രീ സംഭാവനയായി നല്‍കിയിരുന്നു.
വയനാടിനെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങളില്‍ സജീവമാണ് കുടുംബശ്രീ. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്കിന് നേതൃത്വം, കമ്മ്യൂണിറ്റി കിച്ചണില്‍ ഭക്ഷണം പാകം ചെയ്യലും വിതരണവും, ശുചീകരണവും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മാനസിക പിന്തുണ ലഭ്യമാക്കലുമെല്ലാം പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ കുടുംബം ചെയ്തുവരുന്നുണ്ട്.