
യുഎസിന്റെ എതിരാളികൾ ദുർബലരായി എന്ന് പ്രഖ്യാപിച്ചു കൊണ്ട് പ്രസിഡന്റ് ജോ ബൈഡന്റെ വിടവാങ്ങൾ വിദേശനയ പ്രസംഗം. യുഎസിന്‍റെ സുഹൃത്തുക്കളും സഖ്യകക്ഷികളും വർധിച്ചെന്നും ഇൻഡോ-പസഫിക് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയെന്നും ബൈഡൻ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരാൻ തിരക്കിട്ട ചർച്ചകളിലാണ് ജോ ബൈഡൻ സർക്കാർ.
നാല് വർഷത്തെ തന്‍റെ വിദേശ നയങ്ങളെ പൂർണമായും പ്രതിരോധിച്ചുകൊണ്ടായിരുന്നു ബൈഡൻ്റെ അവസാനത്തെ വിദേശ നയപ്രസംഗം. ഗാസയിലെ സ്ഥിതി മുതൽ അഫ്ഗാനിസ്ഥാനിലെ യുഎസ് നിലപാട് വരെ ബൈഡൻ പ്രസംഗത്തിൽ പരാമർശിച്ചു. കൂടുതൽ ശക്തമായ യുഎസിനെയാണ് 2025ൽ ട്രംപിന് കൈമാറുന്നതെന്ന് ബൈഡൻ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ആഗോള തലത്തിൽ യുഎസിനെ വീണ്ടും പുനഃസ്ഥാപിക്കാനായെന്ന് വ്യക്തമാക്കിയ ബൈഡൻ മനുഷ്യാവകാശങ്ങളിലും സഖ്യങ്ങളിലും അടിസ്ഥാനപ്പെടുത്തിയുള്ള വിദേശനയമാണ് പിന്തുടരുന്നതെന്നും ചൂണ്ടിക്കാട്ടി. യുഎസ് മാറ്റത്തിൻ്റെ പാതയിലാണ്. ശീതയുദ്ധാനന്തരയുഗം അവസാനിച്ചുവെന്നും ഇതൊരു പുതിയ യുഗമാണെന്നും ബൈഡൻ പ്രസംഗത്തിൽ പറഞ്ഞു. നാല് വർഷത്തിനുള്ളിൽ നിരവധി പ്രതിസന്ധികളെ നേരിട്ടുവെങ്കിലും രാജ്യം അതിനെയെല്ലാം പ്രതിരോധിച്ച് മുന്നേറിയെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
"ആഗോള മത്സരത്തിൽ യുഎസ് വിജയിക്കുകയാണ്" ബൈഡന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രവചിക്കപ്പെട്ടതുപോലെ സാമ്പത്തികമായി ചൈന യുഎസിനെ മറികടക്കില്ലെന്നും ബൈഡൻ പറഞ്ഞു. അതേസമയം യുഎസിന്റെ നേരിട്ടുള്ള ഇടപെടലില്ലാത്ത യുദ്ധങ്ങളാൽ റഷ്യയും ഇറാനും ദുർബലപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സൈന്യത്തിൻ്റെ പിൻമാറ്റത്തെ ബൈഡൻ പ്രതിരോധിച്ചു. ട്രംപിൻ്റെ ആദ്യസർക്കാരിൻ്റെ കാലയളവിലാണ് വിഷയത്തിൽ താലിബാനുമായി കരാറിലെത്തിയത്. അധികാരത്തിലേക്ക് എത്തിയപ്പോൾ തനിക്ക് മുന്നിൽ രണ്ട് ഓപ്ഷൻ മാത്രമാണ് ഉണ്ടായിരുന്നതെന്നും ആയിരക്കണക്കിന് യുഎസ് സൈനികരെ അഫ്ഗാനിസ്ഥാനിൽ നിലനിർത്തുന്നതിന് താൻ ഒരു കാരണവും കണ്ടില്ലെന്നും ബൈഡൻ പറഞ്ഞു. ഈ തീരുമാനത്തിലൂടെ യുഎസിന്റെ വിഭവങ്ങളും ഊർജവുമെല്ലാം മറ്റ് വെല്ലുവിളികളെ നേരിടാൻ ഉപയോഗിക്കാനായെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ഗാസ വിഷയത്തിൽ തനിക്കെതിരെ ഉയരുന്ന വലിയ വിമർശനങ്ങളിലും ബൈഡൻ നിലപാട് വ്യക്തമാക്കി. നിഷ്കളങ്കരായ നിരവധി പേർ ഗാസയിൽ കൊല്ലപ്പെടുന്നുവെന്നും പലസ്തീൻ ജനത സമാധാനം അർഹിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു. യുഎസിന്‍റെ ശത്രുക്കളെ ദുർബലരാക്കിയെന്ന് ചൂണ്ടിക്കാട്ടിയ ബൈഡൻ സുഹൃത്തുക്കളെയും സഖ്യകക്ഷികളെയും കൂടുതൽ കൂടെ ചേർത്തുനിർത്തിയെന്നും കൂട്ടിച്ചേർത്തു.
വരും വർഷങ്ങളിലും വെല്ലുവിളികൾ ശക്തമാകുമെന്നും അത് നേരിടാൻ പ്രാപ്തിയുള്ള യുഎസിനെയാണ് അടുത്ത സർക്കാരിന് കൈമാറുന്നതെന്നും ബൈഡൻ പറഞ്ഞു. ലോക രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും അജണ്ട തീരുമാനിക്കാനുമായി. യുക്രെയ്നെ പിന്തുണയ്ക്കുന്ന നിലപാടിനെയും ബൈഡൻ ഉയർത്തിക്കാട്ടി. ട്രംപ് പിൻമാറിയ പാരിസ് കാലാവസ്ഥാ കരാറിൽ വീണ്ടും യുഎസ് ഭാഗമായി. ആദ്യ ട്രംപ് സർക്കാരിനെ അപേക്ഷിച്ച് യുഎസ് നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തിയെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. ഇൻഡോ-പസഫിക് മേഖലയുമായുള്ള ബന്ധവും മെച്ചപ്പെടുത്തി. ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെട്ടു. നാറ്റോ സഖ്യത്തിൻ്റെ പ്രാധാന്യത്തിന് അടിവരയിടാനും ബൈഡൻ മറന്നില്ല.
ട്രംപ് അധികാരമേൽക്കാൻ വെറും ഏഴ് ദിവസം മാത്രം ശേഷിക്കെയായിരുന്നു ബൈഡൻ്റെ അവസാന വിദേശനയ പ്രസംഗം. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈഡൻ്റെ വിദേശനയത്തെ ട്രംപ് അതിനിശിതമായി വിമർശിച്ചിരുന്നു. യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകൾക്കെതിരെ വലിയ വിമർശനമാണ് ട്രംപ് ഈ കാലയളവിൽ മുന്നോട്ട് വെച്ചത്. വീണ്ടും ട്രംപ് അധികാരത്തിലെത്തുമ്പോൾ പല നയങ്ങളിലും മാറ്റം വരുത്തുമെന്നുറപ്പാണ്.