പഹല്‍ഗാമിലെ ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നയതന്ത്ര സംഘര്‍ഷം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാക് പ്രകോപനം ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യവുമുണ്ട്. ഇതിനിടെയാണ് രാജ്യത്ത് അടിയന്തരമായി യുദ്ധസാഹചര്യം നേരിടേണ്ടി വന്നാലുള്ള പരിശീലനം എന്ന നിലയില്‍ ഇന്നും നാളെയുമായി മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നത്. പൗരര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും അടിയന്തര സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശീലിപ്പിക്കുന്നതിനാണ് നാളെ മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുക. രാജ്യത്ത് 250ഓളം ജില്ലകളിലായാണ് മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുക. കേരളത്തില്‍ 14 ജില്ലകളിലും നാളെ മോക് ഡ്രില്ലുകള്‍ നടത്തും.
എന്താണ് മോക് ഡ്രില്‍?
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര സാഹചര്യങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ നേരത്തെ പരിശീലിപ്പിക്കുന്നതിനെയാണ് മോക് ഡ്രില്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. തീപിടിത്തമുണ്ടായാല്‍, അപകടങ്ങള്‍ നടന്നാല്‍, യുദ്ധ സമാന സാഹചര്യമുണ്ടായാല്‍ എങ്ങനെ അടിന്തരമായി പ്രവര്‍ത്തിക്കണമെന്ന് മോക് ഡ്രില്ലിലൂടെ പരിശീലിപ്പിക്കുന്നു. മോക് ഡ്രില്ലില്‍ പങ്കെടുക്കുന്നവര്‍ യഥാര്‍ഥത്തില്‍ അടിയന്തരാവസ്ഥ സംഭവിച്ചതുപോലെ തന്നെ പ്രവര്‍ത്തിക്കണം. മോക് ഡ്രില്‍ സമയത്ത് അധികൃതര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണം. കെട്ടിടങ്ങളില്‍ നിന്ന് ഒഴിയാനോ, വലിയ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിക്കാനോ ആയിരിക്കാം നിര്‍ദേശം.
കേന്ദ്രം പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍
* സൈറണ്‍ മുഴങ്ങുമ്പോള്‍ ലൈറ്റുകള്‍ (വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍) ഓഫ് ചെയ്യുക
* മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ജനാലക്കടുത്ത് വെക്കരുത്
* ബാറ്ററി/സോളാര്‍ ടോര്‍ച്ചുകള്‍, ഗ്ലോ സ്റ്റിക്കുകള്‍, റേഡിയോ എന്നിവ കരുതുക
* 2025 മെയ് 7, 4 മണിക്ക് സൈറന്‍ മുഴങ്ങുമ്പോള്‍ എല്ലായിടങ്ങളിലെയും (വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അകത്തെയും, പുറത്തെയും ലൈറ്റുകള്‍ ഓഫ് ചെയ്യേണ്ടതാണ്.
* എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക മരുന്നുകള്‍, ടോര്‍ച്ച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക
* വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക
* എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ചു ''ഫാമിലി ഡ്രില്‍'' നടത്തുക.
* സിഗ്‌നലുകള്‍ മനസ്സിലാക്കുക. ദീര്‍ഘമായ സൈറണ്‍ മുന്നറിയിപ്പും, ചെറിയ സൈറണ്‍ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്
* പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറുക
* ഔദ്യോഗിക വിവരങ്ങള്‍ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.
* തീപിടിത്തം ഒഴിവാക്കാന്‍ ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക
* ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.