fbwpx
എന്താണ് നിപ വൈറസ്? രോഗലക്ഷണങ്ങൾ എന്തെല്ലാം, എങ്ങനെയാണ് പകരുന്നത്?
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Jul, 2024 11:55 PM

ഫ്ലൈയിങ് ഫോക്സസ് (Flying Foxes) എന്നറിയപ്പെടുന്ന ടെറോപസ് ജനിതക വിഭാഗത്തിൽപ്പെടുന്ന പഴംതീനി വവ്വാലുകളിൽ ഈ വൈറസിനെ കണ്ടെത്താനാകും. ഈ വവ്വാലുകൾ വൈറസിൻ്റെ സ്വാഭാവിക ഉറവിടമായി കണക്കാക്കുന്നു.

LIFE

നിപാ വൈറസ് (Nipah Virus) മൃഗങ്ങളിലും മനുഷ്യരിലും കടുത്ത ശ്വാസകോശ, നാഡീസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന ഒരു സൂനോട്ടിക് വൈറസാണ്. 1999ൽ മലേഷ്യയിലും സിംഗപ്പൂരിലും പന്നികളെയും മനുഷ്യരെയും ബാധിക്കുന്ന ഒരു രോഗവ്യാപനത്തോടെയാണ് ഈ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ആദ്യം രോഗം പൊട്ടിപ്പുറപ്പെട്ട മലേഷ്യയിലെ സുംഗൈ നിപ ഗ്രാമത്തിൻ്റെ പേരിലാണ് വൈറസിന് പേര് നൽകിയിരിക്കുന്നത്.

ഫ്ലൈയിങ് ഫോക്സസ് (Flying Foxes) എന്നറിയപ്പെടുന്ന ടെറോപസ് ജനിതക വിഭാഗത്തിൽപ്പെടുന്ന പഴംതീനി വവ്വാലുകളിൽ ഈ വൈറസിനെ കണ്ടെത്താനാകും. ഈ വവ്വാലുകൾ വൈറസിൻ്റെ സ്വാഭാവിക ഉറവിടമായി കണക്കാക്കുന്നു. അതായത് രോഗലക്ഷണങ്ങൾ കാണിക്കാതെ തന്നെ രോഗം പകരാനിടയാക്കും. രോഗബാധിതരായ വവ്വാലുകൾ അവയുടെ ഉമിനീർ, മൂത്രം, മലം എന്നിവയിലൂടെ വൈറസ് പുറത്തെത്തുമ്പോൾ രോഗവ്യാപനത്തിന് ഇടയാക്കും.

നിപ വൈറസിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

മിതമായതോ അല്ലെങ്കിൽ ഗുരുതരമായതോ ആയ ലക്ഷണങ്ങളോടെ നിപാ വൈറസ് അണുബാധ പ്രകടമാകും. നിപയുടെ ഇൻകുബേഷൻ കാലയളവ് വ്യത്യാസപ്പെടാം. പക്ഷേ, വൈറസ് ബാധിച്ച് 4 മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. രോഗത്തിൻ്റെ തീവ്രതയും ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം.

നിപ അണുബാധയുടെ സാധാരണ ലക്ഷണങ്ങൾ

കടുത്ത പനി, തലവേദന, പേശി വേദന, മയക്കം, ആശയക്കുഴപ്പം, ചുമ, തൊണ്ടവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട്, ഛർദ്ദി, ചിലപ്പോൾ അപസ്മാരം, കഴുത്ത് ഞെരുക്കം, ബോധം പോവുക, വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങൾ.

ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ എന്ത് ചെയ്യും?

വൈറസ് പ്രചരിക്കുന്നതായി അറിയപ്പെടുന്ന പ്രദേശങ്ങളിൽ നിപാ വൈറസ് ബാധയുടെ ലക്ഷണങ്ങൾ ആർക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെന്ന് തോന്നുന്നുവെങ്കിൽ അടിയന്തരമായി വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. വവ്വാലുകളുമായോ മറ്റ് മൃഗങ്ങളുമായോ അടുത്തിടെ സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ കൂടുതൽ കരുതൽ ആവശ്യമാണ്. നിപ അണുബാധ നിയന്ത്രിക്കുന്നതിന് നേരത്തെയുള്ള രോഗനിർണയവും ചികിത്സയും അത്യാവശ്യമാണ്.

നിപ എങ്ങനെയാണ് പകരുന്നത്?

നിപാ വൈറസ് രോഗബാധിതരായ മൃഗങ്ങളുമായോ അവയുടെ ശരീരസ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പകരുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്, വിവിധ മാർഗങ്ങളിലൂടെ പകരാം. വവ്വാലിൻ്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. വവ്വാലുകൾ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും, വവ്വാലുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന പാനീയങ്ങളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയിൽ വവ്വാലുകളിൽ നിന്നും പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പടർന്നിരുന്നു. മലേഷ്യയിൽ മാത്രമാണ് പന്നികളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.


നിപയുടെ സംക്രമണ മാർഗങ്ങൾ ഏതെല്ലാമാണ്?

രോഗം ബാധിച്ച മൃഗങ്ങളുമായി നേരിട്ടുള്ള സമ്പർക്കം
മലിനമായ ഭക്ഷണപാനീയങ്ങളുടെ ഉപഭോഗം
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് സംക്രമണം
മലിനമായ പ്രതലങ്ങൾ

നിപ മരണ കാരണമാകാം

തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് മരണത്തിന് കാരണമാവും. 40 മുതൽ 60 ശതമാനം വരെയാണ് മരണനിരക്ക്. ആർ ടി പി സി ആർ, എലിസ (ELISA) ടെസ്റ്റുകൾ വഴി രോഗനിർണ്ണയം നടത്താം, മരണമടയുന്ന രോഗികളുടെ അവയവകോശങ്ങൾ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി (Immunohistochemistry) പരിശോധനയ്ക്ക് വിധേയമാക്കി രോഗം കൃത്യമായി നിർണയിക്കാൻ കഴിയും.

നിപ വൈറസ് എങ്ങനെ തടയാം?

അടുത്ത സമ്പർക്കം ഒഴിവാക്കുക: നിപ വൈറസ് അണുബാധയുടെ ലക്ഷണങ്ങൾ അനുഭവിക്കുന്ന വ്യക്തികളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.
നല്ല ശുചിത്വം ശീലിക്കുക: മൃഗങ്ങളെ തൊട്ട ശേഷവും, ഭക്ഷണം നൽകിയ ശേഷവും, ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷവും, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
പഴംതീനി വവ്വാലുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക: പഴംതീനി വവ്വാലുകളെ കൈകാര്യം ചെയ്യുകയോ അവയുമായി നേരിട്ട് സമ്പർക്കം പുലർത്തുകയോ ചെയ്യരുത്, പ്രത്യേകിച്ച് അവ രോഗിയോ, ചത്തതോ ആയാൽ.
ക്വാറൻ്റൈൻ നടപടികൾ: രോഗിയുമായി സമ്പർക്കം പുലർത്തുന്നവരും, ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തവരും, ക്വാറൻ്റൈനോ ഐസൊലേഷനോ വിധേയരാകണം

നിപയ്ക്ക് പ്രതിരോധ മരുന്ന് ലഭ്യമാണോ?

നിപ വൈറസ് രോഗത്തിന് പ്രത്യേക മരുന്നുകളോ വാക്സിനോ ഇല്ല എന്നത് തന്നെയാണ് ആശങ്കയുടെ ആഴം കൂട്ടുന്നത്. വൈറസുകളെ നശിപ്പിക്കുന്ന റിബാവിറിൻ (Ribavirin) എന്ന മരുന്ന് പരീക്ഷണ ഘട്ടത്തിലാണ്. വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നുവരികയാണ്.

കേരളത്തിലെ നിപ രോഗബാധയുടെ ചരിത്രം

2018 മേയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് രോഗബാധ ഉണ്ടാകുന്നത്. 28 പേരിൽ രോഗലക്ഷണം കണ്ടെങ്കിലും, 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ മരിച്ചു. പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയെന്ന ഗ്രാമത്തിലായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴംതീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്ന് വ്യക്തമായിട്ടുണ്ട്.

രോഗം ബാധിച്ച് മരിച്ച 17 പേർക്കും രോഗം പടർന്നത് ആദ്യ നിപ വൈറസ്‌ ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ്‌ സാബിത്തിൽ നിന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്. തുടർന്ന് 2019 ജൂണിൽ കൊച്ചിയിൽ 23കാരനായ വിദ്യാർഥിയെ നിപ വൈറസ് ബാധിച്ചെങ്കിലും ചികിത്സയെ തുടർന്ന് രോഗം ഭേദമായി. 2021 സെപ്തംബറിൽ കോഴിക്കോട്‌ 12 വയസുള്ള കുട്ടിയാണ് പിന്നീട് നിപ ബാധിച്ച്‌ മരിച്ചത്. 2024 ജൂലൈ 21ന് മരിച്ച 15കാരൻ മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്. സംസ്ഥാനത്തെ 21ാമത്തെ നിപ മരണമായിരുന്നു ഇത്.



Also Read
user
Share This

Popular

KERALA
MALAYALAM MOVIE
തീപിടുത്തത്തിന് കാരണം ബാറ്ററിയിലെ ഇന്റേണല്‍ ഷോര്‍ട്ടേജ്; പൊട്ടിത്തെറിച്ചത് 34 ബാറ്ററികള്‍