
രാജ്യത്തെ നടുക്കുന്നതായിരുന്നു, ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം. മലയാളി ഉള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ഏറ്റെടുത്തിട്ടുണ്ട്. "കശ്മീരിൽ 85,000-ത്തിലധികം വാസസ്ഥലങ്ങൾ തദ്ദേശീയരല്ലാത്തവർക്ക് നൽകി. ഇത് ഇന്ത്യൻ അധിനിവേശ ജമ്മു-കശ്മീരിൽ ജനസംഖ്യാപരമായ മാറ്റത്തിനുള്ള വഴിയൊരുക്കി. തദ്ദേശീയരല്ലാത്തവർ വിനോദസഞ്ചാരികളായി വേഷമിടുകയും, ഭൂമി കയ്യടക്കുകയും ചെയ്യുന്നു. നിയമവിരുദ്ധമായി ജമ്മുവിന്റെ പല മേഖലകളിലും അധിനിവേശം നടത്താൻ ശ്രമിക്കുന്നവർക്കെതിരെ ഇനിയും അക്രമം നടത്തും" -എന്നായിരുന്നു ടി.ആര്‍.എഫിന്റെ പ്രസ്താവന. ആരാണ് ടി.ആർ.എഫ്? എന്താണ് അവരുടെ ലക്ഷ്യം?
പാകിസ്ഥാൻ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപസംഘടനയാണ് ദി റെസിസ്റ്റൻ്റ് ഫ്രണ്ടെന്നാണ് പറയപ്പെടുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിക്കൊണ്ട്, 2019 ഒക്ടോബറില്‍ അനുച്ഛേദം 370 റദ്ദാക്കിയതിന് പിന്നാലെയായിരുന്നു സംഘടന രൂപംകൊണ്ടതെന്നുമാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. കശ്മീരിൻ്റെ പ്രത്യേക പദവി വീണ്ടെടുക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നാണ് നിരീക്ഷണം. പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും, സംഘടനയ്ക്ക് പിന്തുണ വര്‍ധിപ്പിക്കുന്നതും.
ഹിസ്ബുൾ മുജാഹിദീനുമായും, മറ്റു നിരോധിത സംഘടനകളുമായും ബന്ധപ്പെട്ടാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഷെയ്ഖ് സജ്ജാദ് ഗുല്ലാണ് സംഘടനയുടെ സുപ്രീംകമാൻഡർ. ആദ്യഘട്ടത്തിൽ സൈനിക സംഘാംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത് ഹിസ്ബുള്ള മുജാഹിദീനിൽ നിന്നും ലഷ്ക്കര്‍ ഇ ത്വയിബയിൽ നിന്നുമൊക്കെയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടി.ആർ.എഫിന്റെ സ്ഥാപകൻ ഷെയ്ഖ് സജ്ജാദ് ഗുൽ 1974 ഒക്ടോബർ പത്തിന് ശ്രീനഗറിലാണ് ജനിക്കുന്നത്. 2023 ജനുവരിയിൽ, ആഭ്യന്തര മന്ത്രാലയം യുഎപിഎ പ്രകാരം ടി.ആര്‍.എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചിരുന്നു. ടി.ആർ.എഫിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും എതിരായാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനയെ നിരോധിച്ചത്. ഭീകരപ്രവർത്തനത്തിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു എന്ന് ആരോപിച്ചായിരുന്നു നിരോധനം. പിന്നാലെ, ടി.ആർ.എഫ് നേതാവായ ഷെയ്ഖ് സജ്ജാദ് ഗുലിനെയും തീവ്രവാദിയായി പ്രഖ്യാപിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങളില്‍ മേഖലയില്‍ നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ടി.ആര്‍.എഫ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രദേശത്തെ സാധാരണക്കാര്‍, സഞ്ചാരികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രാദേശിക രാഷ്ട്രീയക്കാര്‍, ഇന്ത്യന്‍ സുരക്ഷാ സേന, കാശ്മീരി പണ്ഡിറ്റുകള്‍, അതിഥി തൊഴിലാളികള്‍ എന്നിവരെയാണ് ടി.ആര്‍.എഫ് ലക്ഷ്യം വയ്ക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണവും ശക്തമായിരുന്നു. 2022ൽ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട 172 തീവ്രവാദികളിൽ 108 പേരും ടി.ആർ.എഫുമായി ബന്ധപ്പെട്ടവരാണെന്നാണ് റിപ്പോർട്ടുകൾ. 2024 ഏപ്രിലിലാണ് അവസാനമായി ആക്രമണം നടത്തിയത്.
പഹല്‍ഗാമിലെ ബൈസാരന്‍ താഴ്‌വരയിലാണ് ഇത്തവണ വെടിവെപ്പുണ്ടായത്. നടന്നോ കുതിരപ്പുറത്തോ മാത്രം എത്താന്‍ സാധിക്കുന്ന പ്രദേശമാണ് ബൈസാരന്‍ താഴ്‌വര. സൈനിക വേഷത്തിലാണ് തീവ്രവാദികള്‍ എത്തിയതെന്നും കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണമാണ് നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2019ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമായാണ് ഇതിനെ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ ഉന്നത കമാൻഡറായ സൈഫുള്ള കസൂരിയാണ് കൂട്ടക്കൊലയുടെ സൂത്രധാരനെന്നും, പിന്നില്‍ ഏഴംഗ സംഘമാണെന്നുമാണ് രഹസ്യാന്വേഷണ ഏജൻസികള്‍ പുറത്തുവിടുന്ന വിവരം.