
1989 നവംബർ 9, അന്ന് ജർമനിയിലെ കിഴക്കൻ ബെർലിനിൽ ആയിരക്കണക്കിനാളുകൾ ഒത്തുകൂടി. '155 കിലോമീറ്റർ നീളമുണ്ടായിരുന്ന ഒരു വലിയ മതിൽ തകർക്കണം' ഇതായിരുന്നു ജനസാഗരത്തിൻ്റെ ലക്ഷ്യം. ജനങ്ങൾ ആവേശത്തോടെ, അതിലിരട്ടി രോഷത്തോടെ, ആ മതിൽ തകർത്തു. ബെർലിൻ മതിലെന്ന വിഭജനത്തിൻ്റെ മതിലിൻ്റെ തകർച്ചയുടെ 35ാം വാർഷികമാണിന്ന്. നിരവധി പേരുടെ മരണത്തിൻ്റെ കഥ മാത്രമല്ല, വിഭജനം മൂലം മാനസികാരോഗ്യം നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകളെ കുറിച്ചും പറയാനുണ്ട് ആ മതിലിന്.
ബെർലിൻ മതിലിൻ്റെ പിറവി
രണ്ടാം ലോക മഹായുദ്ധത്തിലെ തോല്‍വിക്ക് ശേഷം ജര്‍മനി വിജയിച്ച രാജ്യങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. 'പശ്ചിമ ജര്‍മനി' അഥവാ 'ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മനി' യൂറോപിൻ്റെ നിയന്ത്രണത്തിലും, 'പൂര്‍വ്വ ജര്‍മനി' അഥവാ 'ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്' സോവിയറ്റ് യൂണിയൻ്റെ നിയന്ത്രണത്തിലുമായിരുന്നു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ മാത്രമായിരുന്നില്ല, സാമ്പത്തികസ്ഥിതിയും ജർമനിയെ രണ്ടാക്കി മുറിച്ചു. സമ്പന്നമായിരുന്നു പശ്ചിമ ജർമനി. പൂർവ ജർമനിയിലാകട്ടെ ഭരണകൂട ഭീകരതയും അസംതൃപ്തിയും മാത്രമായിരുന്നു നിഴലിച്ചിരുന്നത്. അതോടെ സമ്പൽസമൃദ്ധമായ പശ്ചിമ ജർമനിയിലേക്ക് ആളുകൾ ചേക്കേറാൻ തുടങ്ങി.
ഇതാണ് ജർമൻ ഭരണകൂടത്തേയും സോവിറ്റ് യൂണിയനേയും ചൊടിപ്പിച്ചത്. ജനങ്ങളുടെ പലായനം നിർത്തലാക്കാൻ ഭരണകൂടം ഒരു എളുപ്പവഴി കണ്ടുപിടിച്ചു. നഗരമധ്യത്തിൽ ഒരു മതിൽ നിർമിക്കുക. 155 കിലോമീറ്റർ നീളം, 166 നിരീക്ഷണ ടവറുകൾ, ഇരുപതിലേറെ ബങ്കറുകൾ... ഒരാൾ പോലും മുറിച്ചുകടക്കരുതെന്ന നിർബന്ധത്തിലായിരുന്നു മതിലിൻ്റെ നിർമാണം. അന്നത്തെ കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്ന് രക്ഷപ്പെടാനായി പശ്ചിമ ജർമനിയിലേക്ക് കാലുകുത്താൻ ശ്രമിച്ചവരെല്ലാം വെടിയുണ്ടകൾക്കിരയായി. ബെർലിൻ മതിൽ നിലനിന്നിരുന്ന ഈ പ്രദേശം പിന്നീട് 'ഡെത്ത് സ്ട്രിപ്പ്' എന്നാണ് അറിയപ്പെട്ടിരുന്നത്.
വാൾ ഡീസീസ് അഥവാ മതിൽ രോഗം
'പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളാണെങ്കിൽ വിഭജിച്ച് ഭരിക്കുകയാണെളുപ്പം', ഈ തത്വമായിരുന്നു സോവിയറ്റ് യൂണിയൻ പയറ്റിയത്. പ്രത്യയശാസ്ത്രത്തിലെ പിളർപ്പിനെ മതിൽ കൊണ്ട് കുറിച്ചിടാൻ സോവിയറ്റ് യൂണിയൻ അന്ന് തീരുമാനിച്ചു. 1961 മുതൽ 1989 വരെ ബര്‍ലിനേയും ജര്‍മനിയേയും രണ്ടാക്കിയ മതിൽ തകർന്നെങ്കിലും ആ ബാരിക്കേഡ് ജനങ്ങളിലുണ്ടാക്കിയ ആഘാതം ഇന്നും നിലനിൽക്കുകയാണ്. അതാണ് മതിൽ രോഗം അഥവാ വാൾ ഡിസീസ്.
1970കളുടെ തുടക്കത്തിൽ കിഴക്കൻ ബെർലിനിൽ താമസിക്കുന്ന സ്ത്രീയ്ക്ക് ഒരു നിഗൂഢ രോഗം ബാധിച്ചതായി കണ്ടെത്തി! വിശദീകരിക്കാൻ കഴിയാത്തത്ര മനോവേദന, അവളുടെ താടിയെല്ലുകൾ ദൃഢമായി കൊണ്ടിരുന്നു. അകാരണമായി അവൾ കരഞ്ഞു. എന്നാൽ ആ രോഗമെന്തെന്ന് ഡോക്ടർമാർക്ക് കണ്ടെത്താനായില്ല.
ബെർലിൻ മതിൽ വിഭജിച്ച നഗരത്തിൻ്റെ പടിഞ്ഞാറൻ ഭാഗത്താണ് ആ യുവതി താമസിച്ചിരുന്നത്. അവളുടെ ഭർത്താവകട്ടെ മതിലിന് അപ്പുറത്തും. ഭർത്താവിനെ കാണാനായി അവൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ആ മതിൽ അവരെ വേർപിരിച്ചു. ദിവസങ്ങൾ കഴിയും തോറും ആ സ്ത്രീ ക്ഷീണിതയായി... പതുക്കെ അവൾ വിഷാദത്തിലേക്ക് കടന്നു.
എന്തായിരുന്നു ആ സ്ത്രീയുടെ അജ്ഞാത രോഗം? ജർമൻ സൈക്കോളജിസ്റ്റ് ഡയറ്റ്‌ഫ്രൈഡ് മുള്ളർ-ഹെഗമാൻ ആ കേസ് തള്ളിക്കളഞ്ഞില്ല. ശരീരത്തിനൊപ്പം മാനസികാരോഗ്യത്തെയും ബാധിക്കുന്ന ആ രോഗവസ്ഥയെ "മതിൽ രോഗം" എന്ന പേരുപയോഗിച്ചാണ് ഡയറ്റ്‌ഫ്രൈഡ് ഹെഗമാൻ വിശേഷിപ്പിച്ചത്. പിന്നാലെ ബെർലിൻ മതിലിൻ്റെ സമീപ പ്രദേശങ്ങളിലെ നിരവധി ആളുകളിൽ സമാന രോഗവസ്ഥ കാണപ്പെട്ടു.
ബെർലിൻ മതിലിനോട് ചേർന്ന് താമസിക്കുന്നവരിൽ സ്കീസോഫ്രീനിയ, പലതരം ഫോബിയകൾ, ചിത്തഭ്രമം എന്നിവ കൂടുതലായി കാണപ്പെട്ടതായി ഡയറ്റ്‌ഫ്രൈഡ് ഹെഗമാൻ നിരീക്ഷിച്ചു. മതിലിൻ്റെ നിഴലിൽ ജീവിച്ചിരുന്ന കിഴക്കൻ ജർമൻകാർക്കാകട്ടെ ക്രോധവും നിരാശയും മദ്യപാനവുമെല്ലാം കൂടുതലായിരുന്നു. ജീവനൊടുക്കാനുള്ള പ്രേരണയും അവരിൽ കാണപ്പെട്ടു. ബെർലിൻ മതിലിനോട് അടുക്കും തോറും അവരുടെ രോഗാവസ്ഥ വർധിച്ചുകൊണ്ടിരുന്നു.
മൗർക്രാങ്കൈറ്റ് ( Mauerkrankheit) എന്നാണ് ജർമൻ ഭാഷയിൽ ഈ രോഗം അറിയപ്പെട്ടിരുന്നത്. വേലിക്കെട്ടുകൾക്ക് സമീപം താമസിക്കുന്ന ആളുകൾ അനുഭവിക്കുന്ന മാനസികവും വൈകാരികവുമായ ആഘാതത്തെയാണ് 'മതിൽ രോഗം' എന്ന് വിളിക്കുന്നത്.
ഇന്നും തുടരുന്ന വാൾ ഡീസീസ്
ബെർലിൻ മതിൽ തകർന്ന് 35 വർഷങ്ങളായെങ്കിലും മതിൽ രോഗം ഇന്നും നിലനിൽക്കുന്നു. "1989ൽ ബെർലിൻ മതിൽ തകർത്ത് ആ ജനങ്ങൾ വൈകാരികമായി മോചിപ്പിക്കപ്പെട്ടങ്കിലും അതിർത്തിയിലെ മതിലുകൾ മൂലമുണ്ടാകുന്ന മാനസിക രോഗത്തിൻ്റെ പകർച്ചവ്യാധിയെ സുഖപ്പെടുത്താനായില്ല," കാനേഡിയൻ എഴുത്തുകാരനായ ഡി സിൻ്റിയോ 'മതിലുകൾ: ബാരിക്കേഡിലൂടെയുള്ള യാത്രകൾ' (വാൾസ്, ട്രാവൽ എക്രോസ് ബാരിക്കേഡ്സ് ) എന്ന തൻ്റെ പുസ്തകത്തിൽ കുറിച്ചു.
ബെർലിനിലെ മതിൽ രോഗം വർഷങ്ങൾക്ക് മുമ്പ് സുഖപ്പെട്ടെങ്കിലും, അത് ഒരു ആഗോള പകർച്ചവ്യാധിയായി ഇപ്പോഴും തുടരുകയാണ്. അതിർത്തിയിലെ ബാരിക്കേഡുകൾക്ക് സമീപം താമസിക്കുന്ന ആളുകൾക്കിടയിലെ വിഷാദത്തിൻ്റെ നിരക്ക് കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പലസ്തീൻ, സൈപ്രസ്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിലും യുഎസ്-മെക്സിക്കോ അതിർത്തിയിലും, നെഞ്ചു തകർന്ന് മതിലുകൾ ഭേദിക്കാനായി പാടുപെടുന്ന 'മതിൽ രോഗബാധിതർ' ഇന്നും ഉണ്ടായിരിക്കും.