ഗുണഭോക്താക്കൾ മാറിവരുമെങ്കിലും ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നീടത് തിരിച്ചെടുക്കാൻ സാധിക്കില്ല
ഇസ്ലാമിക നിയമപ്രകാരം മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്ക് മാത്രമായി സമർപ്പിച്ചിരിക്കുന്ന വസ്തുവകകളെയാണ് വഖഫ് എന്നതുകൊണ്ട് അർഥമാക്കുന്നത്. കൂടാതെ വസ്തുവിൻ്റെ മറ്റേതെങ്കിലും ഉപയോഗവും വിൽപനയും നിരോധിച്ചിരിക്കുന്നു. ഒരിക്കൽ വഖഫ് ആയ ഭൂമി അല്ലെങ്കിൽ സ്വത്ത്-അത് എന്നും വഖഫ് ആയിരിക്കും. ഗുണഭോക്താക്കൾ മാറിവരുമെങ്കിലും ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നീടത് തിരിച്ചെടുക്കാൻ സാധിക്കില്ല. അതായത് ആ വസ്തുവിന്റെ ഉടമസ്ഥാവകാശം വ്യക്തിയിൽ നിന്ന് ദൈവത്തിലേക്ക് പോകുന്നുവെന്ന് വിശ്വാസപ്രകാരം കണക്കാക്കും. ഉദാഹരണത്തിന്, ഒരാൾ തന്റെ ആസ്തിയുടെ നിശ്ചിതഭാഗം വഖഫിന് നൽകുന്നുവെന്ന് കരുതുക, ആ കൈമാറ്റം അതോടുകൂടി സ്ഥിരമായി മാറും. നൽകിയ ഭൂമി എന്തിന്റെ പേരിലാണെങ്കിലും തിരിച്ചെടുക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കില്ലെന്ന് ചുരുക്കം. പക്ഷേ, ഇവിടെ ഭൂമി ദാനം ചെയ്യുമ്പോൾ വഖഫ് ദാനമെന്നോ, വെറും ദാനമെന്നോ എഴുതിയാൽ അത് വഖഫ് സ്വത്തായി കണക്കാക്കാൻ കഴിയില്ല.
വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ആര് , എങ്ങനെ...
1995ലെ വഖഫ് നിയമ പ്രകാരം വഖഫ് ബോർഡാണ് സ്വാതന്ത്രാനന്തര ഇന്ത്യയിലെ വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്..ഈ നിയമത്തിലെ സെക്ഷൻ 32 അനുസരിച്ച്, ഒരു സംസ്ഥാനത്തെ എല്ലാ വഖ്ഫ് സ്വത്തുക്കളുടെയും പൊതുവായ മേൽനോട്ടം സംസ്ഥാന/ യൂണിയൻ ടെറിട്ടറി വഖ്ഫ് ബോർഡുകളിൽ നിക്ഷിപ്തമാണ്. ഈ വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ വഖ്ഫ് ബോർഡുകൾക്ക് അധികാരമുണ്ട്. നെഹ്‌റു സർക്കാരിന്റെ കാലത്ത് വഖഫുകളുടെ പ്രവർത്തനത്തിന് ഒരു ഘടന നൽകുന്നതിനായി 1954ലെ നിയമം കൊണ്ടുവന്നിരുന്നു. അന്ന് വഖഫ് ബോർഡുകൾക്ക് ട്രസ്റ്റിമാരുടെയും മുതവല്ലിമാരുടെയും (മാനേജർമാർ) അധികാരങ്ങൾ ഉണ്ടായിരുന്നു.
ഭേദഗതി വന്നാൽ ഈ ഘടന പൂർണമായി മാറുകയും ബോർഡിന്റെ ചുമതലയിലടക്കം കാര്യമായ അഴിച്ചുപണികൾ നടക്കുകയും ചെയ്യും..നിലവിലെ നിയമമനുസരിച്ച് ഒരു ഭൂമി വഖഫ് ഭൂമിയാണോ എന്ന് തീരുമാനിക്കേണ്ടത് വഖഫ് ബോർഡും ജില്ലാ ജഡ്ജി ഉൾപ്പെടുന്ന ട്രിബ്യൂണലുമാണ്. സംസ്ഥാന സർക്കാരുകൾ രൂപം കൊടുക്കുന്ന ഈ ട്രിബ്യൂണലിൽ ജില്ലാ ജഡ്ജിയെ കൂടാതെ മുസ്ലിം നിയമത്തിലുൾപ്പെടെ അറിവുള്ള ഒരാളെ കൂടി ഉൾപ്പെടുത്തി മൂന്നംഗങ്ങൾ ഉണ്ടാകും. സ്വാതന്ത്ര്യാനന്തരം മാത്രമാണ് ഇന്ത്യയിൽ വഖഫ് ശക്തിപ്പെട്ടുതുടങ്ങിയത്. 1954ലെ വഖഫ് നിയമം വഖഫുകളുടെ കേന്ദ്രീകരണത്തിന് വഴിയൊരുക്കി.
സെൻട്രൽ വഖഫ് കൗൺസിൽ ഓഫ് ഇന്ത്യ, 1954ലെ നിയമത്തിന് കീഴിൽ കേന്ദ്ര സർക്കാർ 1964ൽ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡി സ്ഥാപിച്ചു. വഖഫ് ബോർഡുകൾക്ക് കീഴിലുള്ള പ്രവർത്തനങ്ങൾക്ക് ഈ കേന്ദ്ര ബോഡിയാണ് മേൽനോട്ടം വഹിക്കുന്നത്. രാജ്യത്തുടനീളം 9.4 ലക്ഷം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 8.7 ലക്ഷം സ്വത്തുക്കളാണ് നിലവിൽ വഖഫ് ബോർഡുകളുടെ നിയന്ത്രണത്തിൽ ഉള്ളതെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 1.2 ലക്ഷം കോടി രൂപ ഇവയുടെ ആകെ മൂല്യം വരും. ലോകത്തിലെ ഏറ്റവും വലിയ വഖഫ് കൈവശമുള്ള രാജ്യമാണ് ഇന്ത്യയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. എന്നാൽ കേന്ദ്ര സർക്കാർ കഴിഞ്ഞാൽ, രാജ്യത്ത് ഏറ്റവും അധികം സ്വത്തുള്ള ഭൂവുടമ കത്തോലിക്കാ സഭ ആണെന്നാണ് ഗവൺമെന്റ് ലാന്റ് ഇൻഫർമേഷൻ വെബ്സൈറ്റിൽ നിന്നുള്ള രേഖകൾ വ്യക്തമാക്കുന്നത്.
വിവിധ ഭേദഗതി, മാറ്റങ്ങൾ...
1954 ലെ നിയമം 1964, 1969, 1984 വർഷങ്ങളിൽ ഭേദഗതി ചെയ്തു. വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈമാറ്റം ചെയ്യുന്നത് തടയുന്നതിനും കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനുമുള്ള കർശന നടപടികൾ ഉൾപ്പെടുത്തി 2013 ലാണ് അവസാന ഭേദഗതി.
വഖഫ് ഭേദഗതി ബിൽ 2024
2024 ഓഗസ്റ്റ് 8ന് രണ്ട് ബില്ലുകളാണ് ലോക്സഭയിൽ അവതരിപ്പിച്ചത്...വഖഫ് ഭേദഗതി ബിൽ 2024ഉം മുസൽമാൻ വഖഫ് റിപീൽ ബിൽ 2024ഉം..1995ലെ വഖഫ് ഭേദഗതി ബിൽ ഭേദഗതി ചെയ്യുന്നതിലൂടെ വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലുമുള്ള പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ വാദിക്കുന്നു...ബില്ലിലൂടെ രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ഭരണവും നടത്തിപ്പും സർക്കാർ ഏറ്റെടുക്കാനാണ് ശ്രമം.വഖഫ് ബോർഡിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും നടത്തിപ്പ് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതിയെന്നാണ് ന്യൂനപക്ഷകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്..മുൻ നിയമത്തിലെ പോരായ്മകൾ മറികടക്കാനും നിയമത്തിൻ്റെ പേരുമാറ്റം, വഖഫ് നിർവചനങ്ങൾ പുതുക്കൽ, രജിസ്ട്രേഷൻ പ്രക്രിയയിലെ മാറ്റങ്ങൾ, തുടങ്ങിയവ കൊണ്ടുവരാൻ ഭേദഗതിയിലൂടെ ശ്രമിക്കുന്നു...ഈ ബിൽ നിലവിൽ പാർലമെൻ്ററി സംയുക്ത സമിതിക്ക് വിട്ടിരിക്കുകയാണ്..
കാലഹരണപ്പെട്ടതും അപര്യാപ്തവുമെന്ന് ചൂണ്ടിക്കാട്ടി കൊളോണിയൽ കാലത്തെ നിയമനിർമ്മാണമെന്ന് കേന്ദ്രം വിശേഷിപ്പിക്കുന്ന മുസ്സൽമാൻ വഖ്ഫ് നിയമം 1923 റദ്ദാക്കുക എന്നതാണ് മുസൽമാൻ വഖഫ് റിപീൽ ബിൽ 2024ന്റെ ലക്ഷ്യം. 1995ലെ വഖഫ് നിയമത്തിന് കീഴിലുള്ള വഖഫ് സ്വത്തുക്കളുടെ ഭരണത്തിലും കൈകാര്യം ചെയ്യലിലും ഏകീകൃതതയും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് ഈ അസാധുവാക്കലിൻ്റെ ലക്ഷ്യമെന്ന് കേന്ദ്രം പറയുന്നു. സിമ്പിളായി പറഞ്ഞാൽ, ആദ്യ ബില്ലിലൂടെ 1955ലെ വഖഫ് നിയമത്തിൽ സുപ്രധാന ഭേദഗതികൾ കൊണ്ടുവരുമെന്നും രണ്ടാമത്തെ ബില്ലിലൂടെ 1923ലെ മുസ്ലീം വഖഫ് നിയമം നിർത്തലാക്കുമെന്നുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
വഖഫ് ബിൽ ഭേദഗതി ചെയ്യുന്നതിലൂടെ സംഭവിക്കാവുന്ന സുപ്രധാന മാറ്റങ്ങൾ ഇവയൊക്കെ
ഒരു വ്യക്തിയുടേതല്ലാത്ത ഭൂമി വഖഫ് ആയി നൽകാൻ കഴിയില്ല എന്നതാണ് ആദ്യത്തെ ഭേദഗതി നിർദേശിക്കുന്നത്..രണ്ട്, ഈ നിയമം ഉണ്ടാവുന്നത് മുമ്പോ ശേഷമോ വഖഫ് സ്വത്തായി പ്രഖ്യാപിച്ചിരുന്ന സർക്കാർ സ്വത്ത് വഖഫ് സ്വത്തായി കണക്കാക്കില്ല എന്ന വകുപ്പാണ് ഭേദഗതി ചെയ്യുന്നത്..സർക്കാർ ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതുവരെ, തർക്കഭൂമിയിൽ വഖഫിന് നിയന്ത്രണമുണ്ടാകില്ല..അതായത് തർക്കമുണ്ടാകുന്ന സാഹചര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കളക്ടറാണ്. ട്രിബ്യൂണലല്ല..കളക്ടർ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ അത്തരം സ്വത്ത് വഖഫ് സ്വത്തായി കണക്കാക്കില്ല..വഖഫ് ബോർഡ് കൈവശം വച്ചിരിക്കുന്ന ഭൂമി അല്ലെങ്കിൽ വസ്തുവിനെ എങ്ങനെ കണക്കാക്കണമെന്നത് ഭേദഗതി ബിൽ പുനർനിർവചിക്കുന്നു.. 1995 ലെ നിയമപ്രകാരം, മതപരമായ ആവശ്യങ്ങൾക്കായി മുസ്ലിങ്ങൾ തുടർച്ചയായി തടസ്സമില്ലാതെ ''ഉപയോഗിക്കുന്ന'' ഒരു സ്വത്ത് വഖഫ് സ്വത്തായി കണക്കാക്കുന്നു...ബിൽ പ്രകാരം ''ഉപയോഗത്തിലൂടെ വഖഫ്'' എന്ന ആശയത്തെ നീക്കം ചെയ്യാൻ ബിൽ ലക്ഷ്യമിടുന്നു..ഉപയോഗിച്ചുവരുന്ന സ്വത്ത് വഖഫിലേക്ക് എന്ന രീതി ഇതോടെ ഇല്ലാതാകും..
മൂന്നാമത്തേത്, സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകളുടെ ഘടനയിൽ മാറ്റം വരുത്താനുള്ള നിർദേശം.. മുസ്ലിം അല്ലാത്ത ഒരാളെ തലപ്പത്ത് നിയമിക്കണം, സംസ്ഥാന വഖഫ് ബോർഡുകളിൽ കുറഞ്ഞത് രണ്ട് അമുസ്‌ലിം അംഗങ്ങളെങ്കിലും ഉണ്ടായിരിക്കാനുള്ള അധികാരവും സംസ്ഥാന സർക്കാരിന് ഇത് നൽകുന്നു..
1954 മെയിലാണ് വഖഫ് ആക്ട് ആദ്യമായി സ്വതന്ത്ര ഇന്ത്യയിൽ വരുന്നത്..ഈ ആക്ടിലാണ് വഖഫ് ഭൂമികളുടെ സ്വത്തുക്കളെല്ലാം വഖഫ് ബോർഡ് രജിസ്റ്ററിൽ ഉണ്ടാക്കണമെന്ന സെക്ഷൻ 26 ഉള്ളത്... ഇതല്ലെങ്കിൽ , വഖഫ് ബോർഡ് ഈ ഭൂമികളിൽ അന്വേഷണം നടത്തി, വഖഫ് രജിസ്റ്ററിലേക്ക് ഉൾപ്പെടുത്തണമെന്ന് സെക്ഷൻ 27ഉം പറയുന്നു...രജിസ്റ്റർ ചെയ്യപ്പെടുന്ന ഭൂമി, അനധികൃതമായി വിറ്റിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കാനും നടപടിയെടുക്കാം..
മുനമ്പത്തെ ഭൂസമരവും ഫറൂഖ് കോളജിന്റെ വഖഫ് സ്വത്തും...
1950 നവംബർ 1ന് ഗുജറാത്ത് സ്വദേശിയായ സിദ്ദിഖ് സേഠ് കോഴിക്കോടുള്ള ഫറൂഖ് കോളേജിന് നൽകിയ ഡീഡാണ് അഥവാ ഇഷ്ടദാനമാണ് വിവാദത്തിലേക്കെത്തിച്ച മുനമ്പത്തെ ഭൂമി... ക്രയവിക്രയ അവകാശമുണ്ടായിരുന്ന ഈ ഭൂമി മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയ ഫറൂഖ് കോളേജിന് സിദ്ദിഖ് സേഠ് ഡീഡ് നൽകിയപ്പോൾ, രണ്ട് നിബന്ധനകൾ വച്ചു. നിങ്ങൾക്കിത് വിൽക്കാനുള്ള അവകാശമുണ്ടെന്നതായിരുന്നു ആദ്യ നിബന്ധന. രണ്ട്, വിറ്റ ശേഷം ബാക്കി ഭൂമിയുണ്ടെങ്കിൽ അത് നിലനിൽക്കെ സ്ഥാപനം നിന്നുപോയാൽ തനിക്കോ തന്ററെ നിയമാവകാശികൾക്കോ തിരിച്ചെടുക്കാൻ അനുവാദമുണ്ട്. മേൽപ്പറഞ്ഞതു പോലെ, ഒരിക്കൽ വഖഫ് ആയ ഭൂമി എന്നും വഖഫ് ആയിരിക്കും. അത് സ്ഥിരമാണ്. തിരിച്ചെടുക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. നൽകുന്ന ഭൂമിയുടെ പേര് വഖഫ് ഡീഡെന്ന് എഴുതിയെന്ന് കരുതിയാൽ അത് വഖഫ് ആകില്ല..ഇവിടെ, ഫറൂഖ് കോളേജ് പറയുന്നതും ഈ ഭൂമി വഖഫ് അല്ല, ഡീഡാണെന്നാണ്. അതായത് സമ്മാനം...
അപ്പോ ശെരിക്കും ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ആധാരമെന്താണ്?
2008ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരാണ് വഖഫ് സ്വത്തുക്കൾ സംബന്ധിച്ച അന്വേഷണത്തിനും റിപ്പോർട്ട് തയാറാക്കുന്നതിനുമായി നിസാർ കമ്മിഷനെ നിയോഗിച്ചത്. ഇതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. വേണ്ടത്ര അന്വേഷണങ്ങൾ നടത്താതെ തയാറാക്കിയ റിപ്പോർട്ട് പ്രകാരം, 23 ഇടങ്ങളിലായുള്ള 600 ഏക്കർ വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടെന്നും അതിൽ ഏറ്റവും കൂടുതൽ കയ്യേറ്റം നടന്നത് മുനമ്പത്താണെന്നും സൂചിപ്പിക്കുന്നു. കാബിനെറ്റിലെത്തിയ ഈ റിപ്പോർട്ടിന് 2010ൽ സർക്കാർ അംഗീകാരവും നൽകി, തുടർനടപടികൾക്ക് നിർദേശവും നൽകി. അന്വേഷണം നടത്തിയാണോ കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത് എന്ന് പരിശോധിക്കാതെ തന്നെ കാബിനറ്റ് റിപ്പോർട്ട് സ്വീകരിക്കുകയായിരുന്നു.
കമ്മീഷൻ റിപ്പോർട്ട് നൽകിയെന്നല്ലാതെ, ഫറൂഖ് കോളേജോ വഖഫ് ബോർഡോ നിർദിഷ്ട ഭൂമിക്ക് മേൽ അവകാശവാദം ഉന്നയിക്കുകയോ അറുനൂറിൽപ്പരം കുടുംബങ്ങൾ താമസിക്കുന്ന മുനമ്പത്തെ ഭൂമി തിരിച്ചുപിടിക്കണമെന്നോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. റിപ്പോർട്ട് വന്നതോടെ ഫറൂഖ് കോളേജ് ഹൈക്കോടതിയെ സമീപിച്ചു. കോടതി ഇടപെട്ടതോടെ, കമ്മീഷൻ്റെ മറുപടി ഇതായിരുന്നു. വഖഫ് ബോർഡ് ഇത് വഖഫ് ഭൂമി എന്ന നിലയിലാണല്ലോ തന്നെ അന്വേഷിക്കാൻ ഏൽപ്പിച്ചത്. അതുകൊണ്ട് താൻ പോയി അന്വേഷിക്കേണ്ടതില്ലെന്ന് പറഞ്ഞാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അപ്പോഴും വഖഫ് ബോർഡുകളൊന്നും നിയമനടപടിയിലേക്ക് പോയിട്ടേ ഇല്ല. 2016ൽ വഖഫ് സംരക്ഷണ സമിതിയെന്ന കൂട്ടായ്മയിലെ രണ്ടുപേർ ഹൈക്കോടതിയിൽ കേസുമായി എത്തി. റിപ്പോർട്ടുണ്ടല്ലോ അത് കാബിനറ്റ് അംഗീകരിക്കുകയും ചെയ്തുവല്ലോ എങ്കിലത് നടപ്പാക്കൂവെന്നാണ് ഈ കേസ് എത്തിയപ്പോൾ കോടതി പറഞ്ഞത്. അപ്പോൾ അടിസ്ഥാനപരമായ പ്രശ്നം 2008ൽ വന്ന റിപോർട്ടാണ്. 1950ൽ കിട്ടിയ ഭൂമി 1988ൽ ഫറൂഖ് കോളേജ് വിൽക്കുകയും ഈ തുക കോളേജിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്തു. ആധാര കൈമാറ്റം വരെ നടന്നു. 2022 വരെ ഭൂമി വാങ്ങിയവർ ടാക്സ് അടയ്ക്കുന്നുമുണ്ട്. നിർധനരായ നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് ഇപ്പോഴും സംസ്ഥാന സർക്കാരും പ്രതിപക്ഷവുമടക്കം എതിരാണ്. നിയമപ്രകാരം വിഷയം പരിഹരിക്കണമെന്നാണ് മുസ്ലിം ലീഗിന്റെയും നിലപാട്.
മുനമ്പത്തെ പ്രശ്നം നിയമപരമായി പരിഹരിക്കുമെന്നാണ് സംസ്ഥാന വഖഫ് ബോർഡിന്റെ നിലപാട്. വഖഫ് ഭൂമി സംരക്ഷിക്കാനുള്ള നിയമപരമായ ബാധ്യതയാണ് ബോർഡിനുള്ളതെന്നും ആരെയെങ്കിലും കുടിയൊഴിപ്പിക്കാനോ ഇല്ലാത്ത അവകാശം സ്ഥാപിക്കാനോ ഉദ്ദേശ്യമില്ലെന്നും ബോർഡ് ചെയർമാൻ വ്യക്തമാക്കുന്നു. താമസക്കാരുടെ അവകാശം സംരക്ഷിക്കുമെന്ന് പറയുമ്പോഴും നിയമവിരുദ്ധമായ കയ്യേറ്റം നടക്കുന്നുണ്ടെന്നും നോട്ടീസ് കിട്ടിയവർക്ക് ബോർഡിന് മുന്നിൽ രേഖകൾ ഹാജരാക്കാമെന്നും ബോർഡ് നിലപാടെടുക്കുന്നു.