വിദേശ രാജ്യങ്ങളിലെ ലോട്ടറികൾ കേരളത്തിൽ വിൽപ്പനയ്ക്ക്; 3.5 കോടി രൂപ മുതൽ 225 കോടി വരെ സമ്മാനമെന്ന് വാഗ്ദാനം

കേരളത്തിന് ഒരു രൂപ പോലും നികുതി നൽകാതെയാണ് ഈ തട്ടിപ്പ്.
വിദേശ രാജ്യങ്ങളിലെ ലോട്ടറികൾ കേരളത്തിൽ വിൽപ്പനയ്ക്ക്; 3.5 കോടി രൂപ മുതൽ 225 കോടി വരെ സമ്മാനമെന്ന് വാഗ്ദാനം
Published on

എല്ലാ നിയമങ്ങളും ലംഘിച്ച് കേരളത്തിൽ വിദേശ രാജ്യങ്ങളിലെ ലോട്ടറി വിൽപന. വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് ഒമാൻ, യുഎഇ, സ്പെയിൻ എന്നീ രാജ്യങ്ങളിലെ ലോട്ടറികൾ വ്യാപകമായി വിൽപന നടത്തുന്നത്. 3.5 കോടി രൂപ മുതൽ 225 കോടി വരെ സമ്മാനം വാഗ്ദാനം ചെയ്താണ് വിദേശ ലോട്ടറി വിൽപന നടക്കുന്നത്. കേരളത്തിന് ഒരു രൂപ പോലും നികുതി നൽകാതെയാണ് ഈ തട്ടിപ്പ്.

കേരളത്തിൽ സംസ്ഥാന സർക്കാരിൻ്റെ പേപ്പർ ലോട്ടറികൾ വിൽക്കാൻ മാത്രമാണ് അനുമതി. എന്നാൽ ആഴ്ചയിൽ ലക്ഷകണക്കിന് ഇത്തരത്തിൽ വിദേശലോട്ടറികളാണ് വിറ്റഴിക്കുന്നത്. ലക്കി ലോട്ടോ കമ്യൂണിറ്റി എന്ന വാട്സ് ഗ്രൂപ്പിലൂടെ സ്പെയിനിലെ അഞ്ച് ലോട്ടറികൾ വിൽക്കുന്നത്. 252 കോടി സമ്മാനതുക ലഭിക്കുന്ന ജാക് പോട്ട് ലോട്ടറികൾ വരെ ഇതിലുൾപ്പെടുന്നു. ലപ്രിമിറ്റിവ ജാക് പോട്ട് എന്ന ലോട്ടറിക്ക് വിലയോ വെറും 220 രൂപ. ഏത് ഭാഗ്യാന്വേഷികളും ഈ പ്രചാരണത്തിൽ വീണു പോകും.

സ്പെയിനിൽ നിന്ന് ഡയറക്ട് ടിക്കറ്റ് കൗണ്ടറുകൾ വഴിയാണ് ടിക്കറ്റെടുക്കുന്നത്. കസിൻ വഴിയാണ് ടിക്കറ്റ് വാങ്ങുന്നതെന്നും ഗ്രൂപ്പ് അഡ്മിൻ പറയുന്നു. നറക്കെടുപ്പിൽ വിജയിച്ചാൽ ഇയാളുടെ പേരിൽ തന്നെയാണ് ടിക്കറ്റ് ക്ലെയിം ചെയ്യുക. പിന്നാലെ പേപ്പർ വർക്കുകൾക്ക് ശേഷം 3-4 മാസങ്ങൾ കാത്തിരുന്നാൽ പണം കൈകളിലെത്തുമെന്നും അഡ്മിൻ പറയുന്നു.


വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരുടെ നമ്പറുകൾ ശ്രദ്ധിച്ചാലും കൗതുകമാണ്. ഇതിൽ 5 എണ്ണം ഇന്ത്യൻ നമ്പറുകൾ . ഒരെണ്ണം കുവൈറ്റ് നമ്പറും. ഈ നമ്പറുകൾ വഴിയാണ് ലോട്ടറി വാങ്ങാനുള്ള മുഴുവൻ പണമിടപാടും നടക്കുന്നത്. ഒരു ജാക് പോട്ട് മാത്രമല്ല, 5.5 കോടി ഒന്നാം സമ്മാനമുള്ള ബോണോ ലോട്ടോ, 3.7 കോടിയുടെ മറ്റൊരു ജാക് പോട്ട് തുടങ്ങി ആഴ്ചയിൽ 5 ദിവസവും ഉണ്ട് നറുക്കെടുപ്പ്. പണം നൽകിയാൽ ഇവർക്കെല്ലാം വ്യത്യസ്ത വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി ടിക്കറ്റ് അയച്ചുനൽകും. വിശ്വാസ്യത വർധിപ്പിക്കാൻ നറുക്കെടുപ്പിൻ്റെ തത്സമയ യുട്യൂബ് ലിങ്കും നൽകും.



സ്പെയിനിൽ നിന്ന് മാത്രമല്ല, ദുബായ് ലെ മഹ്‌സൂസ് ലോട്ടറി ടിക്കറ്റുകളും ഗ്രൂപ്പിൽ വിൽപനയ്ക്കുണ്ട്. ഒന്നാം സമ്മാനം 45 കോടി രൂപ. ഇത് UAE ബിഗ് ടിക്കറ്റ് വിൽപന നടത്തുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ടിക്കറ്റുകൾക്ക് ഒന്നാം സമ്മാനം 58 കോടി രൂപ.വലിയ തുക സമ്മാനം ലഭിക്കും എന്ന് വിശ്വസിപ്പിച്ച് ഗൾഫിലെ ലോട്ടറിക്കും മികച്ച മാർക്കറ്റാണ് കേരളത്തിൽ. വിദേശ ലോട്ടറി മാഫിയ ഇടപെടുന്നതും അങ്ങനെയാണ്.



സംസ്ഥാന സർക്കാറിൻ്റെ ലോട്ടറി ടിക്കറ്റിന് 28% ആണ് ജി എസ് ടി. അതായത് 100 രൂപയുടെ ലോട്ടറിയെടുത്താൻ സർക്കാറിന് ലഭിക്കുന്നത് 28 രൂപ. വിദേശ ലോട്ടറികൾക്ക് ഒരു രൂപ പോലും നികുതിയും നൽകേണ്ട. ഓരോ വാട്സപ്പ് ഗ്രൂപ്പിലും 250 ആളുകൾ വരെയുണ്ട്.


ഈ തട്ടിപ്പുകാരെയും നിയമ ലംഘകരെയും കണ്ടെത്താനും നടപടി എടുക്കാനും ഒരു പ്രയാസവുമില്ല. ഈ ഫോൺ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മാത്രം മതി. ബന്ധപ്പെട്ട വകുപ്പുകൾക്ക് ഉടൻ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ന്യൂസ് മലയാളം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com