
ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു-കശ്മീർ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ഒമർ അബ്ദുള്ളക്കൊപ്പം നാഷണൽ കോൺഫറൻസിലെ നാല് മന്ത്രിമാരും ഒരു സ്വതന്ത്ര്യ എംഎൽഎയുമുൾപ്പെടെ അഞ്ച് ക്യാബിനറ്റ് മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. തെരഞ്ഞെടുപ്പിൽ എൻസിക്കൊപ്പം സഖ്യം ചേർന്ന കോൺഗ്രസ്, മന്ത്രി പദവിയിലേക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ഒരു ദശാബ്ദത്തിനു ശേഷം ജമ്മുവിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് ഒമർ അബ്ദുള്ള. സുരിന്ദർ കുമാർ ചൗധരി, സക്കീന ഇറ്റൂ, ജാവേദ് അഹമ്മദ് റാണ, ജാവേദ് അഹമ്മദ് ദാർ എന്നീ എന്‍സി എംഎല്‍എമാരും സ്വതന്ത്ര എംഎൽഎ സതീഷ് ശർമയുമാണ് ക്യാബിനറ്റ് മന്ത്രിമാരായി ഒമർ അബ്ദുള്ളക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയാണ് സക്കീന ഇറ്റൂ. കശ്മീരിലെ മൂന്ന് മേഖലകളെയും പ്രതിനിധീകരിച്ചു കൊണ്ടുള്ള മന്ത്രിമാർ സഭിയിലുണ്ട്.
സക്കീന ഇറ്റൂ
ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ ഡിഎച്ച് പോറ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് എൻസിയുടെ മുതിർന്ന നേതാവ് സക്കീന ഇറ്റൂ മന്ത്രിസഭയിലെത്തുന്നത്. എതിരാളിയായ പിഡിപി സ്ഥാനാർഥി അഹമ്മദ് ദാറിനെ 17,449 വോട്ടുകൾക്കാണ് സക്കീന ഇറ്റൂ തോൽപ്പിച്ചത്.
1996ൽ 26ാം വയസിലാണ് സക്കീന ഇറ്റൂ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇതോടെ ജമ്മു-കശ്മീർ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന പദവിയും ഇവർ സ്വന്തമാക്കി. ജമ്മു കശ്മീർ രാഷ്ട്രീയത്തിൽ സജീവമായ സക്കീന, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, ടൂറിസം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളുടെ മന്ത്രിയായി മുൻപും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സുരീന്ദർ ചൗധരി
ജമ്മു മേഖലയിലെ നൗഷേര മണ്ഡലത്തിൽ നിന്നാണ് മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം കൂടിയായ സുരീന്ദർ ചൗധരി തെരഞ്ഞെടുക്കപ്പെടുന്നത്. ഒമർ അബ്ദുള്ള സർക്കാരിൻ്റെ ഉപമുഖ്യമന്ത്രിയാണ് ചൗധരി. ജമ്മു കശ്മീരിലെ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌നയെ ഏഴായിരത്തിലധികം വോട്ടുകൾക്കാണ് ചൗധരി പരാജയപ്പെടുത്തിയത്.
എൻസിയിലെത്തുന്നതിന് മുൻപ് സുരീന്ദർ ചൗധരിക്ക് പിഡിപി ബന്ധമുണ്ടായിരുന്നു. 2022 മാർച്ചിൽ ഇയാൾ പിഡിപി വിട്ട് ബിജെപിയിൽ ചേർന്നു. പിന്നാലെ 2023 ജൂലൈയിലാണ് ഇയാൾ ബിജെപിയിൽ നിന്ന് പുറത്തുകടന്ന് എൻസിയിൽ ചേരുന്നത്.
ജാവേദ് റാണ
ജമ്മുവിലെ സംവരണ മണ്ഡലമായ മെന്ദർ നിയമസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ജാവേദ് റാണ. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ മുർതാസ അഹമ്മദ് ഖാനെക്കാൾ 14,000 ത്തോളം വോട്ടുകൾ നേടിയായിരുന്നു ജാവേദിൻ്റെ വിജയം.
കേന്ദ്ര ഭരണ പ്രദേശമാകുന്നതിന് മുമ്പ് ജമ്മു കശ്മീർ നിയമസഭാ മണ്ഡലത്തിലും ലെജിസ്ലേറ്റീവ് കൗൺസിലിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അതിർത്തി ജില്ലയായ പൂഞ്ചിലെ കലബൻ ഗ്രാമമാണ് റാണയുടെ സ്വദേശം. ആർട്സ് ബിരുദം പൂർത്തിയാക്കിയ റാണ, ജമ്മു സർവകലാശാലയിൽ നിന്നും 1989-ൽ നിയമത്തിൽ ബിരുദം നേടി.
സതീഷ് ശർമ
ജമ്മു മന്ത്രിസഭയിലെ ഏക സ്വതന്ത്ര്യ എംഎൽഎയാണ് സതീഷ് ശർമ. ചാംബ് മണ്ഡലത്തിൽ മത്സരിച്ച സതീഷ്, ബിജെപി നേതാവ് രാജീവ് ശർമയെ 6,929 വോട്ടുകൾക്ക് പരാജയപ്പെടുത്തി. സർക്കാർ രൂപീകരണത്തിന് മുൻപ് തന്നെ സതീഷ് എൻസി-കോൺഗ്രസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ചാംബ് മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സതീഷ് ശർമ സ്ഥാനാർഥിയായി മത്സരിച്ചത്. സതീഷ് ശർമയുടെ പിതാവ് മദൻ ലാൽ ശർമ, മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു. മദൻ ലാൽ ജമ്മു-പൂഞ്ച് ലോക്‌സഭാ സീറ്റിൽ നിന്ന് രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടു.
ജാവേദ് അഹമ്മദ് ദാർ
എൻസിയിലെ മുതിർന്ന അംഗമായ ജാവേദ് അഹമ്മദ് മുൻ ഒമർ അബ്ദുള്ള സർക്കാരിന് കീഴിലും മന്ത്രിയായിരുന്നു. വടക്കൻ കശ്മീരിലെ റാഫിയാബാദ് മണ്ഡലത്തിൽ നിന്ന് 28,783 വോട്ടുകൾ നേടിയാണ് ജാവേദ് അഹമ്മദ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇയാളുടെ എതിരാളിയായ കശ്മീർ അപ്നി പാർട്ടി നേതാവ് യാവർ അഹമ്മദ് മിറിന് 19,581 വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ.