പണവുമായി ആകാശത്ത് നിന്ന് പറന്ന കുറ്റവാളി; ആരാണ് ഡി.ബി. കൂപ്പർ? ആ പെർഫെക്ട് ക്രൈമിൻ്റെ ചുരുളഴിയുമോ?

രണ്ട് ലക്ഷം ഡോളറുമായി വിമാനത്തിൽ നിന്ന് ചാടിയ ഡി.ബി കൂപ്പറുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചതോടെ, കേസ് പുനരാരംഭിക്കുകയാണ് എഫ്ബിഐ
പണവുമായി ആകാശത്ത് നിന്ന് പറന്ന കുറ്റവാളി; ആരാണ് ഡി.ബി. കൂപ്പർ? ആ പെർഫെക്ട് ക്രൈമിൻ്റെ ചുരുളഴിയുമോ?
Published on

'എല്ലാം തികഞ്ഞ കുറ്റകൃത്യം എന്നൊന്നില്ല' (there is no such thing as a perfect crime), എന്നാൽ ഉത്തരം ലഭിക്കാതെ പോയ പഴുതുകളില്ലാത്ത പല കുറ്റകൃത്യങ്ങൾക്കും ലോകം സാക്ഷിയായിട്ടുണ്ട്. അത്തരത്തിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്.  ലോകത്തെ ഏറ്റവും വലിയ നിയമ നിർവ്വഹണ സംവിധാനമുള്ള അമേരിക്ക പോലൊരു രാജ്യത്തെ അതി വിദഗ്ദമായി തോൽപ്പിച്ച ആ കുറ്റവാളി, ഡി.ബി കൂപ്പർ. വർഷങ്ങൾക്ക് മുൻപ്, 200000 ഡോളറുമായി (ഇന്നത്തെ 14 കോടി രൂപ) വിമാനത്തിൽ നിന്ന് താഴേക്ക് ചാടിയ കൂപ്പറെ ഒരു രാജ്യം മുഴുവൻ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. ആരാണ് അമേരിക്കയെ കുഴക്കിയ ഡി.ബി. കൂപ്പർ?

ദി പെർഫെക്ട് പ്ലാൻ

1971 നവംബർ 24. ഓറിഗണിൽ നിന്ന് സിയാറ്റിലിലേക്ക് പോകുന്ന നോർത്ത് വെസ്റ്റ് ഓറിയൻ്റ് എയർലൈൻസ് ഫ്ലൈറ്റ് 305 ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണ്. ശൈത്യകാലമായതിനാൽ അമേരിക്കയിലെ പോർട്‌ലാൻ്റ് വിമാനത്താവളത്തിലെ യാത്രികരെല്ലാം കനത്ത വസ്ത്രങ്ങളും കോട്ടുകളും ധരിച്ചിരുന്നു. അവിടെ വെള്ള ഷർട്ടും, കറുത്ത സ്യൂട്ടും റെയിനോകോട്ടും, കൂളിങ്ങും ഗ്ലാസും ധരിച്ചെത്തിയ അയാളെ ആരും ശ്രദ്ധിച്ചില്ല. അയാൾ സിയാറ്റിലിലേക്കുള്ള വൺ വേ ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് കൗണ്ടറിൽ അയാൾ പറഞ്ഞ പേര് ഡാൻ കൂപ്പർ എന്നായിരുന്നു.

വിമാനത്തിൽ ഏറ്റവും പിന്നിലെ സീറ്റായിരുന്നു കൂപ്പറിന് ലഭിച്ചത്. സീറ്റിലിരുന്ന ശേഷം അയാൾ ഒരു സിഗരറ്റ് പുകച്ചുകൊണ്ട്, സോഫ്റ്റ് ഡ്രിങ്കുകൾ ഓർഡർ ചെയ്തു. സോഫ്റ്റ് ഡ്രിങ്കുമായി എത്തിച്ചേർന്ന 23കാരിയായ ഫ്ലൈറ്റ് അറ്റൻഡറിന്, അയാൾ ചെറുപുഞ്ചിരിയോടെ ഒരു കടലാസ് കഷ്ണം കൈമാറി. 40 വയസ് പ്രായം തോന്നിക്കുന്ന യാത്രക്കാരൻ, നേരമ്പോക്കിനായി കൈമാറിയ കുറിപ്പാണെന്ന് കരുതി അവളത് തുറന്നുനോക്കാതെ കീശയിലിട്ടു. എന്നാൽ അവളെ അടുത്ത് വിളിച്ച് കൂപ്പർ, ഇങ്ങനെ പറഞ്ഞു, "മിസ്, നിങ്ങൾ അത് തുറന്ന് നോക്കുന്നതാവും ഉചിതം. കാരണം എൻ്റെ സ്യൂട്ട്കേസിൽ ഒരു ബോംബുണ്ട്!"

സാധാരണഗതിയിൽ വെറും 30 മിനുറ്റ് കൊണ്ട് തീരേണ്ടിയിരുന്ന ആ വിമാനയാത്ര, സെക്കൻ്റുകൾക്കുള്ളിൽ അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഞെട്ടിക്കുന്ന ഒന്നായി മാറി. കൂപ്പർ തൻ്റെ ബ്രൗൺ സ്യൂട്ട്കേസ് തുറന്ന് വയറുകൾ ഘടിപ്പിച്ച ബോബ്, യാത്രക്കാരറിയാതെ പുറത്തുകാട്ടി. " എനിക്ക് 20,000 ഡോളർ അമേരിക്കൻ കറൻസി നൽകുക, സിയാറ്റിൽ വിമാനത്താവളത്തിൽ നാല് പാരച്യൂട്ടുകളും എത്തിക്കുക, സിയാറ്റിലിൽ ഇന്ധനം നിറച്ച ട്രക്ക് സജ്ജമാക്കു, ബോംബ് പൊട്ടാതിരിക്കാൻ നിങ്ങൾ ഇത്രയും ചെയ്താൽ മതി," അയാൾ ഫ്ലൈറ്റ് അറ്റൻഡറെ അടുത്ത് വിളിച്ച് ആവശ്യങ്ങൾ നിരത്തി.

കൂപ്പറിന് നൽകിയ പണത്തിൻ്റെ സീരിയൽ നമ്പറുകളുമായി പൊരുത്തപ്പെട്ടവ പിന്നീട കണ്ടെടുത്തു (ചിത്രം : എഫ്ബിഐ)

ഇവ കിട്ടിയില്ലെങ്കിൽ വിമാനം തകരുമെന്ന കൂപ്പറിൻ്റെ ഭീഷണിക്ക് മുന്നിൽ എയർലൈൻ കീഴടങ്ങി. വിമാന ക്രൂ എയർ ട്രാഫിക് കൺട്രോളിന് വിവരങ്ങൾ കൈമാറി. കൂപ്പറിന് പണവും പാരച്യൂട്ടും സജ്ജമാകും വരെ വിമാനം ആകാശത്ത് കറങ്ങി. യന്ത്രത്തകരാർ മൂലം ലാൻഡിങ്ങ് വൈകുകയാണെന്ന് പറഞ്ഞ് ഫ്ലൈറ്റ് അറ്റൻഡർമാർ യാത്രക്കാരെ ആശ്വസിപ്പിച്ചു. താഴെ കൂപ്പറിൻ്റെ ആവശ്യങ്ങൾ നിറവേറ്റാനായി ജീവനക്കാർ പരക്കം പാഞ്ഞു. മുകളിൽ ഒന്നുമറിയാത്ത യാത്രക്കാർ സിയാറ്റിൽ വിമാനത്തവളത്തിലിറങ്ങനായി തയ്യാറെടുത്തു.

വൈകുന്നേരം 5.39ന്, ഏകദേശം മൂന്നര മണിക്കൂർ ആകശത്തിൽ കറങ്ങിയ ശേഷം, വിമാനം സിയാറ്റിലിൽ ലാൻഡ് ചെയ്തു. കൂപ്പറിൻ്റെ ആവശ്യപ്രകാരം മെയിൻ ടെർമിനലിൽ നിന്ന് മാറിയായിരുന്നു ലാൻഡിങ്ങ്. അവിടെ പണം നിറച്ച സ്യൂട്ട്കേസുകളും, നാല് പാരച്യൂട്ടും, ഇന്ധനവുമായുള്ള ട്രക്കും കൂപ്പറിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. വിമാനത്തിലെ മുഴുവൻ യാത്രക്കാരും, ഒപ്പം രണ്ട് ഫ്ലൈറ്റ് അറ്റൻഡർമാരും സിയാറ്റിലിലറങ്ങി. ഇന്ധനം നിറക്കുന്ന വേളയിൽ, കൂപ്പർ തൻ്റെ പദ്ധതി വിശദീകരിച്ചു. തെക്കുകിഴക്കൻ പാതയിലൂടെ മെക്സിക്കോയിലേക്കാണ് വിമാനം പോകേണ്ടത്. ഇന്ധനം നിറക്കാനായി നെവാഡയിൽ ലാൻഡ് ചെയ്യാം. വിമാനം മെക്സിക്കോയിലേക്ക് പറന്നു. മെക്സിക്കോയിലേക്കുള്ള വിമാനത്തെ പിന്തുടർന്ന് രണ്ട് യുദ്ധവിമാനങ്ങളുമുണ്ടായിരുന്നു.

കൂപ്പർ പെട്ടന്ന് ജീവനക്കാരോട് കോക്പിറ്റിലേക്ക് മാറാൻ ആവശ്യപ്പെട്ടു. കോക്‌പിറ്റിലെത്തിയ ഒരു ജീവനക്കാരി പതിയെ തിരിഞ്ഞുനോക്കിയപ്പോൾ, കൂപ്പർ പണം നിറച്ച ബാഗ് തൻ്റെ ശരീരത്തിൽ കെട്ടികൊണ്ടിരിക്കുകയായിരുന്നു. ഭയം കൊണ്ടായിരിക്കണം പിന്നീട് അവൾ തിരിഞ്ഞുനോക്കിയില്ല. 

വിമാനത്തിൽ നിന്ന് ലഭിച്ച ടൈ (ചിത്രം : എഫ്ബിഐ) 

നെവാഡയിലെ റിനോയിൽ ലാൻഡ് ചെയ്ത വിമാനത്തെ കാത്ത് എഫ്ബിഐ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നു. നിലം തൊട്ടതോടെ എഫ്ബിഐ വിമാനത്തെ വളഞ്ഞു. വിമാനത്തിൽ നിന്ന് പുകച്ചുതീർത്ത സിഗരറ്റ കുറ്റികളും, ഒരു ടൈയും, രണ്ട് പാരച്യൂട്ടും എഫ്ബിഐ കണ്ടെടുത്തു. അതെ, കൂപ്പർ വിമാനത്തിൽ നിന്ന് പുറത്ത് ചാടിയിരുന്നു.

പിന്നാലെ പറന്നിരുന്ന യുദ്ധവിമാനങ്ങൾ കൂപ്പറിനെ കണ്ടിരുന്നില്ല, പതിറ്റാണ്ടുകൾ അന്വേഷിച്ചിട്ടും കൂപ്പറിൻ്റെ പൊടി പോലും ലഭിച്ചില്ല. അയാൾ മരിച്ചിരിക്കാമെന്ന് എഫ്ബിഐ വാദം, കൂപ്പറിന് നൽകിയ സീരിയൽ നമ്പറുമായി സാമ്യതകളുള്ള ചില നോട്ടുകൾ കണ്ടെത്തിയതോടെ അസാധുവായി. 800ഓളം സാക്ഷികളെ വിസ്തരിച്ചു, പലരെയും ചോദ്യം ചെയ്തു. നാല് പതിറ്റാണ്ടോളം അന്വേഷിച്ച കേസ്, 2016ൽ എഫ്ബിഐ ഔദ്യോഗികമായി അവസാനിപ്പിച്ചു.

കൂപ്പർ വിമാനത്തിൽ ഉപേക്ഷിച്ച പാരച്യൂട്ട് (ചിത്രം : എഫ്ബിഐ)


കൂപ്പറും റിച്ചാർഡ് ഫ്ലോയ്ഡും

കൂപ്പറിൻ്റെ ഹൈജാക്ക് നടന്ന് മാസങ്ങൾക്ക് ശേഷം, 1972 ഏപ്രിൽ 7ന്, അമേരിക്കയിലെ ന്യൂജേഴ്സിയിൽ നിന്ന് ലോസ് ആഞ്ചലെസിലേക്ക് പറന്ന മറ്റൊരു വിമാനത്തിലും സമാന സംഭവം നടന്നു. 85 യാത്രക്കാരുമായി പറന്ന ബോയിംഗ് 727 എന്ന വിമാനത്തിലെ റിച്ചാർഡ് ഫ്ലോയ്‌ഡ് എന്ന യാത്രക്കാരൻ്റെ ലക്ഷ്യം ലോസ് ആഞ്ചലെസ് ആയിരുന്നില്ല. ജെയിംസ് ജോൺസൺ എന്ന അപരനാമമുപയോഗിച്ച് വിമാനത്തിൽ കയറിയ അയാൾ, മറ്റൊരു ഡി.ബി. കൂപ്പറാവാമെന്ന് വിശ്വസിച്ചു. 50,000 ഡോളറായിരുന്നു റിച്ചാർഡ് ആവശ്യപ്പെട്ടത്, ഒപ്പം പാരച്യൂട്ടുകളും. വെറും നാലര മാസം മുമ്പ് ഡാൻ കൂപ്പർ നടത്തിയ ഹൈജാക്കിങ്ങിനെ അനുകരിച്ച്, പണം ലഭിച്ച ശേഷം പാരച്യൂട്ട് ഉപയോഗിച്ച് റിച്ചാർഡ് മക്കോയ് വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടു.

റിച്ചാർഡ് ഫ്ലോയ്ഡ്

എന്നാൽ ഇത്തവണ എഫ്ബിഐക്ക് പിഴച്ചില്ല. മൂന്ന് ദിവസങ്ങൾക്ക് ശേഷം റിച്ചാർഡ് പിടിയിലായി. പലരും റിച്ചാർഡ് തന്നെയാണ് ഡി.ബി. കൂപ്പറെന്ന് വാദിച്ചെങ്കിലും എഫ്ബിഐ ഈ വാദം നിരസിക്കുകയായിരുന്നു.


വീണ്ടും തെളിവുകൾ... തുടരുന്ന അന്വേഷണം

എഫ്ബിഐ കേസ് അവസാനിപ്പിച്ച് പത്ത് വർഷങ്ങൾക്കിപ്പുറം കൂപ്പർ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. കേസ് എഫ്ബിഐ വിട്ടെങ്കിലും, റിട്ടയേർഡ് പൈലറ്റും യൂട്യൂബറുമായ ഡാൻ ഗ്രൈഡറി കൂപ്പറിനെ വെറുതേ വിടാൻ ഉദ്ദേശമില്ലായിരുന്നു. അയാൾ അന്വേഷണം തുടർന്നു. ഡാൻ ഗ്രൈഡറിൻ്റെ രണ്ട് പതിറ്റാണ്ടായുള്ള അന്വേഷണം തന്നെയാണ് കേസിലെ പുതിയ വഴിത്തിരിവിന് കാരണമായത്. സമാനമായി ഹൈജാക്ക് ചെയ്ത റിച്ചാർഡ് ഫ്ലോയ്ഡിൻ്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നും ഡാൻ ഗ്രൈഡർ കൂപ്പർ കേസുമായി ബന്ധപ്പെട്ട പാരച്യൂട്ട് കണ്ടെത്തിയിരിക്കുകയാണ്. കൂപ്പർ ഉപയോഗിച്ചതാണെന്ന് കരുതപ്പെടുന്ന പാരച്യൂട്ട് കണ്ടെടുത്തതോടെ, എഫ്ബിഐ കേസ് പുനരാരംഭിച്ചിരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഡാൻ ഗ്രൈഡർ


തൻ്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് ഡാൻ ഗ്രൈഡർ പാരച്യൂട്ട് കണ്ടെത്തിയ കാര്യം പുറത്തുവിട്ടത്. റിച്ചാർഡിൻ്റെ ബന്ധുവീട്ടിൽ നിന്ന് ലഭിച്ച പാരച്യൂട്ട്, ഇയാൾ തന്നെയായിരിക്കാം ഡി.ബി.കൂപ്പറെന്ന വാദത്തിന് ശക്തി കൂട്ടുന്നുണ്ട്. റിച്ചാർഡ് ഫ്ലോയിഡിൻ്റെ മൃതശരീരം പുറത്തെടുത്ത് പരിശോധന നടത്തുന്നതടക്കം എഫ്ബിഐ പരിഗണിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരും സംശയിക്കുന്നത് പോലെ കൂപ്പറും റിച്ചാർഡും ഒരാളാണെന്ന് തെളിയിക്കുകയാണെങ്കൽ, അഞ്ച് പതിറ്റാണ്ടായി മറ കെട്ടിയ കേസിന് തിരശീല വീഴും.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com