കുട്ടിക്കാലം മുതൽ ആർഎസ്എസുമായി അടുത്ത ബന്ധം; ആരാണ് സംസ്ഥാനത്തെ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ?

കേരളത്തിൻ്റെ 23ാമത് ഗവർണറായാണ് രാജേന്ദ്ര അർലേക്കർ സ്ഥാനമേൽക്കുന്നത്
കുട്ടിക്കാലം മുതൽ ആർഎസ്എസുമായി അടുത്ത ബന്ധം; ആരാണ്  
സംസ്ഥാനത്തെ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ?
Published on

കേരളത്തിൻ്റെ പുതിയ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ നിയമിച്ച്കൊണ്ട് രാഷ്ട്രപതി ഉത്തരവിറക്കി. കേരളത്തിൻ്റെ 23ാമത് ഗവർണറായാണ് രാജേന്ദ്ര അർലേക്കർ സ്ഥാനമേൽക്കുന്നത്. ഗോവയില്‍ നിന്നുള്ള ബിജെപി നേതാവാണ് അർലേക്കര്‍. 1954 ഏപ്രിൽ 23ന് പനാജിയിലാണ് ജനനം. കുട്ടിക്കാലം മുതൽ ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അർലേക്കർ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. ദീർഘകാലം ആർഎസ്എസ് ചുമതലകൾ വഹിച്ച അർലേക്കർ 1989 ൽ ബിജെപി അംഗത്വം നേടി.


ബിജെപി കേന്ദ്ര നേതൃത്വവുമായി വളരെ അടുത്ത ആത്മബന്ധം സൂക്ഷിക്കുന്ന നേതാവാണ് അർലേക്കർ. 2012-ൽ ഗോവ നിയമസഭാ സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഗോവ പട്ടിക ജാതി മറ്റു പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപറേഷൻ ചെയർമാനായും,ഗോവ ബിജെപി യൂണിറ്റിന്‍റെ ജനറൽ സെക്രട്ടറിയായും, ബിജെപി സൗത്ത് ഗോവ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ മനോഹര്‍ പരീക്കര്‍, കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധവകുപ്പ് മന്ത്രിയായപ്പോൾ ഗോവ മുഖ്യമന്ത്രി പദത്തിലേക്ക് രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൻ്റെ പേരായിരുന്നു ഉയർന്നുകേട്ടത്.

ഗോവ ലെജിസ്ലേറ്റീവ് അസംബ്ലിയെ 'കടലാസ് രഹിതമാക്കിയ ആദ്യ സംസ്ഥാന അസംബ്ലി' എന്ന ബഹുമതിക്ക് അർഹരാക്കിയത് അർലേക്കറാണ്. രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായിരുന്നു ഗോവയിലേത്. 2015 ഒക്ടോബറിൽ വനം, പരിസ്ഥിതി, പഞ്ചായത്ത് മന്ത്രിയായി നിയമിതനായ അർലേക്കർ 2017 വരെ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2021 ജൂലൈ 6ന് ഹിമാചൽ പ്രദേശ് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. 2023 ഫെബ്രുവരിയിൽ ബിഹാറിൻ്റെ 29ാമത് ഗവർണറായും ചുമതലയേറ്റു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com