
മൂന്ന് പതിറ്റാണ്ടോളം കേരളത്തിലെ ഇടത് യുവജന പ്രവർത്തകർ പാടിയ രണഗാഥയിലെ രക്തപുഷ്പമാണ് വിടവാങ്ങിയത്.കൂത്തുപറമ്പില്‍ വെടിയേറ്റ് വീണപ്പോൾ പുഷ്പന് പ്രായം 24. നീണ്ട 30 വർഷം തളർച്ചയില്‍ ജീവിച്ചപ്പോഴും പാർട്ടിക്കെതിരായ വിമർശനങ്ങളെ തനിക്കാവുംവിധം ചെറുത്ത്, അടിയുറച്ച നിലപാടിൽ തന്നെ ജീവിച്ചു സഖാവ് പുഷ്പന്‍.1994 നവംബർ 25. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. സ്വാശ്രയ കോളജുകൾക്കും ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണത്തിനും എതിരെ ഡിവൈഎഫ്ഐ സമരം നടക്കുകയായിരുന്നു. അതിന്റെ ഭാഗമായി അന്നത്തെ സഹകരണ മന്ത്രി എം.വി. രാഘവനെ വഴിതടയാന്‍ എത്തിയത് രണ്ടായിരത്തോളം ഡിവൈഎഫ്ഐ പ്രവർത്തകർ. അവരില്‍ 24 കാരനായ സഖാവ് പുതുക്കുടി പുഷ്പനും.
ഇങ്ക്വിലാബ് വിളികളുമായി എത്തിയവരെ ലാത്തി കൊണ്ട് ചെറുക്കാന്‍ ശ്രമിച്ചു പൊലീസ്, എന്നാല്‍ സമരക്കാർ തിരിച്ചു കല്ലെറിഞ്ഞു. സംഘർഷഭരിതമായി. കാര്യങ്ങൾ കൈവിട്ടു. മന്ത്രി വേദിയിലേക്ക് കയറുമ്പോൾ ആദ്യ വെടിയൊച്ച മുഴങ്ങി. സമരക്കാർ ചിതറിയോടുന്നതിനിടെ ഉദ്ഘാടന വേദിയിലേക്ക് മുൻ സിപിഎംകാരനായ രാഘവൻ പൊലീസ് സുരക്ഷയോടെ കേറിപ്പോയി. 13 മിനിറ്റ് പ്രസംഗം. മടങ്ങാനുള്ള മന്ത്രിയുടെ ശ്രമത്തിനിടെ സമരക്കാർ വീണ്ടുമിരമ്പി.
ഡിവൈഎഫ്ഐക്കാർക്ക് നേരെ പൊലീസ് വെടിയുതിർത്തു.രണ്ടുമണിക്കൂറോളം കലാപ കലുഷിതമായി അവിടം.അതിനിടെ ജില്ലാ നേതാക്കളടക്കം അഞ്ച് ഡിവൈഎഫ്ഐക്കാർ മരിച്ചുവീണു. കഴുത്തിന് പുറകിലേറ്റ വെടി പുഷ്‌പനെയും വീഴ്ത്തി.വെടിയുണ്ട പുഷ്പന്റെ സുഷുമ്ന നാഡിക്ക് പ്രഹരമേൽപിച്ചു. കഴുത്തിന് താഴേക്ക് തളർന്നു. അന്നുമുതൽ ഒരേ കിടപ്പ്. നീണ്ട 30 വർഷം.
ഇക്കാലയളവിൽ പല കോണുകളില്‍ നിന്നും അനുഭാവികളിൽ നിന്നുപോലും കൂത്തുപറമ്പിനെയും പുഷ്പനെയും പാർട്ടി മറന്നു എന്ന വിമർശനമുയർന്നു.സ്വാശ്രയ കോളജുകളോടുള്ള സമീപനം മാറ്റിയ പാർട്ടിക്ക് പുഷ്പനും കൂത്തുപറമ്പ് സഖാക്കളും ബാധ്യതയായി എന്നും വിമർശനം. പക്ഷേ അതെല്ലാം പുഷ്പൻ പ്രതിരോധിച്ചു. ''എഴുന്നേറ്റ് നടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ ലോകത്തിലെവിടെ ആയാലും എന്നെ ചികിത്സിക്കാന്‍ പാർട്ടി തയ്യാറാണ്, അതെനിക്ക് നന്നായി അറിയാം'' വിദേശ ചികിത്സ നല്‍കിയില്ലെന്ന ആരോപണത്തോടും പുഷ്പൻ പ്രതികരിച്ചു. കുടുംബത്തിലൊരാള്‍ക്ക് തൊഴില്‍ നല്‍കി. പെന്‍ഷന്‍ അനുവദിച്ചു. നല്ല ചികിത്സ നല്‍കി.അങ്ങനെയങ്ങനെ.ഓരോ മാധ്യമ അഭിമുഖങ്ങളിലും പാർട്ടിക്കെതിരെ ഉയരുന്ന വിമർശനം കട്ടിലിൽ കിടന്നുകൊണ്ട് പുഷ്പനെന്ന സഖാവ് നേരിട്ടു. ആ വീഴ്ച്ചയിലും നിലപാട് കൊണ്ട് അടിയുറച്ച പാർട്ടിക്കാരനായി തുടർന്നു.
ഒടുവില്‍ കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞപ്പോൾ പുഷ്പന്‍ പൊതുവേദിയിലെത്തി. പ്രവർത്തകരുടെ തോളില്‍ തലചെരിച്ച് പ്രിയ സഖാവിനെ നോക്കിക്കണ്ടു. കേരളത്തിലെ ഇടതുപക്ഷ യുവജന രാഷ്ട്രീയത്തിലെ എക്കാലത്തേയും വൈകാരിക മുഖമാണ് പുഷ്പൻ. സൈമൺ ബ്രിട്ടോയ്ക്കും മുകളിൽ പാർട്ടി പ്രവർത്തകർ പുഷ്പനെ നെഞ്ചിലേറ്റി.വെടിയുണ്ട കൊണ്ട് ശരീരം തളർന്നിട്ടും തളരാത്ത മനസ്സും ചിന്തയുമായി ഇത്രയും കാലം കിടന്ന പുഷ്പൻ ഇനിയില്ല. രാജീവൻ, ബാബു, റോഷൻ, ഷിബുലാൽ, മധു. മുദ്രാവാക്യങ്ങളിൽ മുഴങ്ങിക്കേട്ട രക്തസാക്ഷിപ്പേരുകളിൽ സഖാവ് പുഷ്പനെന്ന ജീവിച്ചിരുന്ന രക്തസാക്ഷിയുടെ പേര് കൂടി.