പെന്‍സില്‍വാനിയയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്.
തോമസ് മാത്യൂ ക്രൂക്‌സ്
ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിനു പിന്നില്‍ തോമസ് മാത്യൂ ക്രൂക്‌സെന്ന 20 വയസുകാരനാണെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു. പെന്‍സില്‍വാനിയയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. വെടിയൊച്ച ഉയര്‍ന്നതും പോഡിയത്തിനു പിന്നിലേക്ക് ട്രംപ് ഒളിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ട്രംപിന്‍റെ വലതു ചെവിയുടെ മുകള്‍ ഭാഗത്ത് പരുക്ക് പറ്റി. വെടിവെപ്പില്‍ കാണികളില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു.
ആരാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റിനെ വെടിവെച്ച ഈ ഇരുപതുകാരന്‍?
ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തില്‍ ഉള്‍പ്പെട്ട വ്യക്തിയായി എഫ്ബിഐ കണ്ടെത്തിയത് തോമസ് മാത്യൂ ക്രൂക്‌സിനെയാണ്.
വോട്ടര്‍ രജിസ്‌ട്രേഷന്‍ റെക്കോര്‍ഡ് പ്രകാരം ക്രൂക്‌സ് റിപ്പബ്ലിക്കനായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പെന്‍സില്‍വാനിയയിലെ ബെഥേല്‍ പാര്‍ക്കിലാണ് തോമസ് മാത്യൂ ക്രൂക്‌സ് താമസിക്കുന്നത്.
2022ല്‍ ബെഥേല്‍ പാര്‍ക്ക് ഹൈസ്‌ക്കൂളില്‍ നിന്നും ക്രൂക്‌സ് ബിരുദം നേടി. ദേശീയ ഗണിത ശാസ്ത്ര സംരംഭത്തിന്‍റെ 500 ഡോളര്‍ 'സ്റ്റാര്‍ റിവാര്‍ഡ്' നേടിയ വിദ്യാര്‍ഥിയായിരുന്നു ക്രൂക്‌സ് എന്നാണ് പശ്ചിമ പെന്‍സില്‍വാനിയയിലെ ട്രിബ്യൂണ്‍ റിവ്യുവില്‍ നിന്നും അറിയാന്‍ കഴിയുന്നത്.
എആര്‍ സ്‌റ്റൈല്‍ സെമി ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ചാണ് മാത്യൂ ക്രൂക്‌സ് ട്രംപിനെ വെടിവെച്ചത്.
വീടിനടുത്തുള്ള ഒരു പ്രാദേശിക നഴ്‌സിങ് ഹോം അടുക്കളയില്‍ ക്രൂക്‌സ് ജോലി നോക്കിയിരുന്നു.
ലിബറല്‍ ക്യാംപെയ്ന്‍ ഗ്രൂപ്പായ ആക്ട് ബ്ലൂവിന് 2021ല്‍ ക്രൂക്‌സ് 15 ഡോളര്‍ സംഭാവന നല്‍കിയിട്ടുണ്ട്. പൊതുവെ ഡെമോക്രാറ്റിക് അനുഭാവികളാണ് ആക്ട് ബ്ലൂവിന് സംഭാവന നല്‍കുന്നത്.
ഒരു വര്‍ഷമായി ക്ലയര്‍ടണ്‍ സ്‌പോര്‍ട്‌സ്‌മെന്‍ ക്ലബ് എന്ന പ്രാദേശിക ഷൂട്ടിങ് ക്ലബിലെ അംഗമായിരുന്നു ക്രൂക്‌സ്.
ഡൊണാള്‍ഡ് ട്രംപിനെ വെടിവെയ്ക്കാനായി ഉപയോഗിച്ച എആര്‍ സെമി ഓട്ടോമാറ്റിക് റൈഫിള്‍ ക്രൂക്‌സിന്‍റെ അച്ഛന്‍ മാത്യൂ ക്രൂക്‌സ് ആറു മാസം മുന്‍പ് വാങ്ങിയതാണെന്നാണ് അധികൃതര്‍ പറയുന്നത്.
യുഎസ് മാധ്യമങ്ങള്‍ പറയുന്ന പ്രകാരം, വെടിവെയ്ക്കുമ്പോള്‍ ക്രൂക്‌സ് ധരിച്ചിരുന്നത് ഡിമോളിഷന്‍ റാഞ്ച് എന്ന യൂട്യൂബ് ചാനലിന്‍റെ ടീ ഷര്‍ട്ടാണ്. വിവിധ തരം തോക്കുകളും സ്‌ഫോടക വസ്തുക്കളും പരിചയപ്പെടുത്തുന്ന ഈ യൂട്യൂബ് ചാനലിന് ലക്ഷക്കണക്കിന് കാണികളാണുള്ളത്.
സംശയകരമായ ഉപകരണങ്ങള്‍ ക്രൂക്‌സിന്‍റെ വാഹനത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ബോംബ് സ്‌ക്വോഡ് പരിശോധിച്ചുവെന്നുമാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡൊണാള്‍ഡ് ട്രംപ് പ്രസംഗിച്ചു കൊണ്ടിരുന്ന ബട്‌ലര്‍ ഫാം ഷോഗ്രൗണ്ടിലെ വേദിക്ക് 130 യാര്‍ഡുകള്‍ അകലെ ഒരു നിര്‍മാണ പ്ലാന്‍റിനു മുകളില്‍ നിന്നാണ് തോമസ് മാത്യൂ ക്രൂക്‌സ് വെടിവെച്ചതെന്നാണ് എഫ്ബിഐ പറയുന്നത്. ക്രൂക്‌സിനെ അമേരിക്കന്‍ സീക്രട് സര്‍വീസ് വധിച്ചുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.