കുമാരസ്വാമിയോട് ബിജെപി എന്തുകൊണ്ട് രാജി ആവശ്യപ്പെടുന്നില്ല? പ്രത്യാക്രമണവുമായി സിദ്ധരാമയ്യ

മുഡാ കേസിന് പിന്നാലെ സിദ്ധരാമയ്യ രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുയാണ് ബിജെപി
കുമാരസ്വാമിയോട് ബിജെപി എന്തുകൊണ്ട് രാജി ആവശ്യപ്പെടുന്നില്ല? പ്രത്യാക്രമണവുമായി സിദ്ധരാമയ്യ
Published on


മൈസൂർ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് രാജി വെക്കണമെന്ന ആഹാന്വങ്ങൾ ഉയരുന്നതിന് പിന്നാലെ ബിജെപിക്കെതിരെ പ്രത്യാക്രമണം നടത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊലീസ് കേസുള്ള ജനതാദൾ സെക്യുലർ മേധാവി എച്ച്‌ഡി കുമാരസ്വാമിയുടെ രാജി സഖ്യകക്ഷിയായ ഭാരതീയ ജനതാ പാർട്ടി എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ ചോദ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തെറ്റായ വിവരങ്ങൾ നൽകിയെന്ന പരാതിയിലാണ് കുമാരസ്വാമിക്കെതിരെ പൊലീസ് കേസെടുത്തത്.

"എച്ച്.ഡി. കുമാരസ്വാമി ഏത് സർക്കാരിന്‍റെ ഭാഗമാണ്? അദ്ദേഹത്തിനെതിരെ എഫ്ഐആർ ഉണ്ട്. എന്നാൽ എന്തുകൊണ്ടാണ് അദ്ദേഹം രാജിവെക്കാത്തത്? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാബിനറ്റിലെ മന്ത്രിയാണ് കുമാരസ്വാമി." സിദ്ധരാമയ്യ പറഞ്ഞു.


പിന്നാലെ എക്സ് പോസ്റ്റിലൂടെ കുമാരസ്വാമിയുടെ മറുപടിയെത്തി. "അഴിമതിയിൽ നിന്ന് രക്ഷനേടാൻ ലോകായുക്തയ്ക്ക് മുകളിൽ എസിബി രൂപീകരിച്ച സിദ്ധരാമയ്യ, ഇപ്പോഴിതാ ലോകായുക്തയുടെ തന്നെ കീഴിൽ മുഡാ അഴിമതിയിൽ പിടിക്കപ്പെട്ടിരിക്കുന്നു. ഇത് കർമ്മയല്ലേ സിദ്ധരാമയ്യ? എസിബിയും ഹൈക്കോടതി പിരിച്ചുവിട്ടു. ഇപ്പോൾ നിങ്ങൾ ലോകായുക്തയെ വശത്താക്കി സിബിഐക്ക് സംസ്ഥാനത്തേക്ക് കടക്കാനുള്ള വാതിൽ അടച്ചു. നിങ്ങൾ ഞാൻ കരുതിയത് പോലെ ധീരനല്ല, ഭീരുവാണ്," കുമാരസ്വാമി കുറിച്ചു.

മൈസൂരു അർബൻ ഡെവലപ്പ്മെൻ്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണ കേസിൽ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തനിക്ക് ഒന്നിനെയും ഭയമില്ലെന്നും താൻ പോരാടുമെന്നുമായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. അന്വേഷണം നേരിടാൻ തയ്യാറാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

ALSO READ: ഭൂമി കുംഭകോണം: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ അനുമതി നൽകി ഗവർണർ

മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിക്ക് സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്നതാണ് സിദ്ധരാമയ്യക്കെതിരെയുള്ള ആരോപണം. സർക്കാർ ഭൂമി ബന്ധുക്കൾക്ക് അനധികൃതമായി നൽകിയെന്ന് കാട്ടി പ്രദീപ് കുമാർ, ടി.ജെ. എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് ആക്ടിവിസ്റ്റുകൾ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്. ഏകദേശം 3,000 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ബിജെപി ആരോപണം.

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരു പരിസരത്ത് 14 ബദൽ സൈറ്റുകൾ അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയിൽ ലോകായുക്ത പൊലീസിൽ നൽകിയ പരാതിയിൽ എബ്രഹാം ആരോപിച്ചിരുന്നു. സിദ്ധരാമയ്യ, ഭാര്യ പാർവതി, മകൻ എസ്. യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകളിലാണ് പരാതി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com