പൊന്നുള്ളീ, കണ്ണ് നിറയ്ക്കല്ലേ... നൂറിലേക്ക് കുതിച്ച് ഉള്ളി വില !

പൊന്നുള്ളീ, കണ്ണ് നിറയ്ക്കല്ലേ...  നൂറിലേക്ക് കുതിച്ച് ഉള്ളി വില !
Published on

സാധാരണക്കാരുടെ കണ്ണ് നിറച്ച് ഉള്ളി വിലയുടെ കുതിപ്പ് തുടരുന്നു. സവാളക്ക് കിലോ 90 രൂപയും ചെറിയ ഉള്ളിക്ക് 60 രൂപയുമാണ് പലയിടങ്ങളിലും വില. നാല് ദിവസത്തിനിടെ 30 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.  മൊത്ത വിപണയില്‍ കിലയോക്ക് 40 മുതല്‍ 60 കിലോ ഉണ്ടായിരുന്ന ഉള്ളി വില ഒറ്റക്കുതിപ്പിന് 70 മുതല്‍ 80 രൂപ വരെ എത്തുകയായിരുന്നു.

കേരളത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉള്ളിക്ക് പൊള്ളുന്ന വിലയാണ്. വെളുത്തുള്ളി വിലയും ഉയര്‍ന്ന് തന്നെയാണ്. കിലോയ്ക്ക് 330 രൂപയാണ് ചില്ലറ വിപണിയില്‍ ചെറിയുള്ളിയുടെ വില. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്താതെ ഉള്ളി വില കുറയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവിലെ സ്ഥിതിയാണെങ്കില്‍ കിലോയ്ക്ക് നൂറിന് മുകളിലേക്ക് ഉടന്‍ തന്നെ ഉള്ളി വില എത്തും.

വില വര്‍ധനയ്ക്ക് കാരണം

മഹാരാഷ്ട്രയില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് വില വര്‍ധനവിന് കാരണം. ഇനിയും വില ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബെംഗളൂരുവില്‍ നിന്നെത്തുന്ന സവാള ഒന്നര കിലോയ്ക്ക് 100 രൂപയാണ് വില.

കേരളത്തിനു പുറമെ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും വില കുതിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സവാള മാര്‍ക്കറ്റായ നാസിക്കിലെ ലസല്‍ഗാവില്‍ ക്വിന്റലിന് 6200 രൂപ വരെയായി. കഴിഞ്ഞ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പെയ്ത കനത്ത മഴയാണ് നിലവിലെ വില വര്‍ധനയ്ക്ക് കാരണം. മഴയില്‍ 21,000 ഹെക്ടറില്‍ സവാള കൃഷി നശിച്ചിരുന്നു. പുതിയ വിളവ് എത്താന്‍ വൈകുമെന്നതിനാല്‍ വില ഇനിയും കൂടും. പ്രധാനമായും സംസ്ഥാനത്ത് സവാള എത്തുന്നത് കര്‍ണാടക, നാസിക്, പൂനെ എന്നിവിടങ്ങളില്‍ നിന്നുമാണ്.


5 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വിലയിലേക്ക്


കിലോയ്ക്ക് 40 മുതല്‍ 60 വരെയുണ്ടായിരുന്ന ഉള്ളി വില ഉയര്‍ന്ന് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 70 മുതല്‍ 80 രൂപ വരെ എത്തി. ഉള്ളിയുടെ കുതിപ്പ് ഗാര്‍ഹിക ബജറ്റിനെയും ഉപഭോക്തൃ ശീലങ്ങളെ വരെ ബാധിച്ചിരിക്കുകയാണ്. ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ വില കൂടുന്നതിലേക്കടക്കം കാര്യങ്ങള്‍ എത്തി.

തക്കാളി വിലയിലും വര്‍ധന

ഡല്‍ഹിയില്‍ തക്കാളി വില കിലോയ്ക്ക് 60 രൂപയായി. സവാള, തക്കാളി വിലവര്‍ധനയോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയും ഉയര്‍ന്നു. നാസിക്കിലെ പിംപല്‍ഗാവ് എപിഎംസിയില്‍ ഒരാഴ്ചയ്ക്കിടയില്‍ തക്കാളി വില 25 ശതമാനമാണ് വര്‍ധിച്ചത്. നവംബര്‍ 1 ന് കിലോയ്ക്ക് 20 രൂപയായിരുന്നത് നവംബര്‍ 6 ന് 26 രൂപയിലെത്തി. നവംബറില്‍ തക്കാളി വിലയില്‍ സ്ഥിരതയുണ്ടാകുമെങ്കിലും ഉരുളക്കിഴങ്ങിന്റെ വില കുറയാന്‍ സമയമെടുക്കുമെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ പ്രവചിക്കുന്നത്. പുതിയ വിളകളുടെ വരവോടെ ഉള്ളി വില കുറയുമെന്നും ക്രിസില്‍ ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com