ഇക്കോ ടൂറിസം ജീവനക്കാരനായ വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ, മൃതദേഹവുമായി നാട്ടുകാർ വലിയ പ്രതിഷേധം തന്നെ നടത്തിയിരുന്നു.
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വികസനത്തിനും രാഷ്ട്രീയത്തിനും അപ്പുറംകാട്ടാന ആക്രമണങ്ങൾ വീണ്ടും ചർച്ചയാകുന്നു. ഇത് കാട് അല്ല ഞങ്ങളുടെ നാടാണെന്ന് പറയേണ്ടി വരുന്നവരുടെ അവസ്ഥയിലാണ് ഇവിടെ കഴിയുന്നതെന്നാണ് ജനങ്ങൾ പറയുന്നത്.വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ 156 പേർക്കാണ് ജീവൻ നഷ്ടമായത്. അതിൽ 130 ഓളം പേരാണ് കാട്ടാന ആക്രമണത്തിൽ മാത്രമായി കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടിയാണ് വയനാട് മണ്ഡലത്തിലെ ഭൂരിഭാഗം ആളുകളും കഴിയുന്നത്. വീടിനു മുന്നിലും കൃഷി ഇടങ്ങളിലും കാട്ടാന ഇറങ്ങുന്നത് ഇവിടുത്തെ പതിവ് കാഴ്ച്ചയാണ്. ഓരോ ദിവസവും ഉറക്കമിളച്ച് കാവലിരുന്നാണ് ആളുകൾ അവരുടെ ജീവനും കൃഷിയും സംരക്ഷിക്കുന്നത്. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടതെന്നും, ആറുമണി കഴിഞ്ഞാൽ പിന്നെ ആരും പുറത്ത് ഇറങ്ങാറില്ലെന്നും പുൽപള്ളി, പനോം പ്രദേശവാസികൾ പറയുന്നു.
Also Read; പാറശ്ശാലയിലെ ദമ്പതികളുടെ മരണം; ഭാര്യയെ സെൽവരാജ് കൊലപ്പെടുത്തിയതാണെന്ന സംശയത്തിൽ പൊലീസ്
വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ മാത്രം 156 പേരാണ് ഇതിനോടകം മരിച്ചതെന്ന് വന്യജീവി പ്രതിരോധ ആക്ഷൻ കമ്മിറ്റി അംഗം ടി സി ജോസ് പറഞ്ഞു. കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരനായ വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ, മൃതദേഹവുമായി നാട്ടുകാർ വലിയ പ്രതിഷേധം തന്നെ നടത്തിയിരുന്നു. പ്രതിഷേധങ്ങൾക്കപ്പുറം വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെന്നും ഇനി ആർക്കും ഈ ഒരു അവസ്ഥ വരരുതെന്നുമാണ് പോളിൻ്റെ കുടുംബം പറയുന്നത്.
വയനാട്ടില്‍ എക്കാലവും വന്യജീവികള്‍ കൃഷിസ്ഥലങ്ങളിലും ജനവാസമേഖലകളിലും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നത്തെ ഇത്രത്തോളം സങ്കീര്‍ണമാക്കിയത് ദീര്‍ഘവീക്ഷണമില്ലാത്ത വനപരിപാലന സമീപനമാണെന്ന വിമർശനവും ഉയരുന്നു. കടുവകളിലും ആനകളിലും വന്‍തോതില്‍ വംശവര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കര്‍ഷക സംഘടനകളുടെ അവകാശവാദം. 6000 ആനകള്‍ കേരളത്തില്‍ മാത്രമുണ്ട്. ഇത്രയും ആനകളെ താങ്ങാനുള്ള ശേഷി കേരളത്തിലെ വനങ്ങള്‍ക്കില്ല. കാട്ടില്‍ ആവിശ്യത്തിനുള്ള വെള്ളവും ഭക്ഷണവുമില്ലാത്തതിനാൽ അവ കാടുവിട്ട് നാട്ടിലേക്കു ഇറങ്ങിത്തുടങ്ങിയെന്നാണ് പരാതി.
വയനാട്ടില്‍ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും സ്ഥാനാർത്ഥികളുടെ വാഗ്ദാന പട്ടികകളിൽ ഈ വിഷയം ഇടം നേടാറുണ്ടെങ്കിലും, തെരഞ്ഞെടുപ്പിന് ശേഷം ആരും ഇത് പരിഗണിക്കാറില്ലെന്ന് ജനങ്ങൾ പറയുന്നു. വയനാട്ടിലെ ജനങ്ങളുടെ ആവശ്യം ശാശ്വത പരിഹാരമാണ്. മൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് പറയുന്നില്ല. പക്ഷേ സര്‍ക്കാര്‍ നിയമങ്ങളിലും നയങ്ങളിലും മാറ്റം വേണമെന്നും ജീവനില്‍ പേടിയില്ലാതെ ജീവിക്കുവാനുള്ള സാഹചര്യം വേണമെന്നും ജില്ലയിലെ ജനങ്ങൾ ആവശ്യപ്പെടുന്നു.