വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം: പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീയും, മകനും അറസ്റ്റിൽ

ഫാത്തിമക്കെതിരെ നരഹത്യക്കും തെളിവു നശിപ്പിച്ചതിനും ആണ് പൊലീസ് കേസെടുത്തത്
വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം: പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീയും, മകനും അറസ്റ്റിൽ
Published on


മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ചതിൽ നടപടികളുമായി പൊലീസ്. മരിച്ച അസ്മയെ പ്രസവസമയത്ത് സഹായിച്ച ഫാത്തിമ, അവരുടെ മകൻ അബൂബക്കർ സിദ്ധിഖ് എന്നിവരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. ഫാത്തിമയെ അസ്മയുടെ പ്രസവം നടന്ന ചട്ടിപറമ്പിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു. മലപ്പുറം ഒതുക്കങ്ങൽ സ്വദേശികളാണ് ഫാത്തിമയും മകൻ അബൂബക്കർ സിദ്ധിക്കും.


അസ്മയുടെ മരണത്തെ തുടർന്ന് ഒളിവിൽ പോയ ഫാത്തിമയെ തേഞ്ഞിപ്പാലം പറമ്പിൽപീടികയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മകൻ അബൂബക്കർ സിദ്ദിക്കാണ് ഫാത്തിമയെ ചട്ടിപറമ്പിലെ സിറാജുദിൻ്റെ വാടകവീട്ടിൽ എത്തിച്ചത്. പ്രസവം നടക്കുന്ന സമയം മുതൽ രാത്രി ഏറെ വൈകും വരെ ഫാത്തിമ സിറാജുദ്ദീന്റെ വീട്ടിലുണ്ടായിരുന്നു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പ്രസവത്തെ തുടർന്ന് അസ്മയ്ക്ക് അമിത രക്തസ്രാവം ഉണ്ടാകുമ്പോഴും ഫാത്തിമ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

ഫാത്തിമക്കെതിരെ നരഹത്യക്കും തെളിവു നശിപ്പിച്ചതിനും ആണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ സാമ്പത്തിക ഇടപാടുകൾ അബൂബക്കർ സിദ്ദിക്കുമായാണ് ഉണ്ടായതെന്നാണ് സൂചന. ഇവയ്ക്ക് ഒത്താശ ചെയ്തതിനുള്ള വകുപ്പുകളാണ് അബൂബക്കർ സിദ്ദിഖിനെതിരെ ചുമത്തിയത്. സിറാജുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളെ സഹായിച്ച എല്ലാവരും അന്വേഷണത്തിൽ ഉൾപെടുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഫാത്തിമയുടെയും മകൻറെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com