ഇന്നലെ പുലർച്ചെ 2.30ഓടെയാണ് മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മ അപകടത്തില്‍ മരിച്ചത്
വയനാട് 900 കണ്ടിയിലെ റിസോർട്ടിലുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ. മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. മനപ്പൂർവം അല്ലാത്ത നരഹത്യാ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്നലെ വൈകിട്ടോടെ അറസ്റ്റിലായ ഇരുവരെയും ഈ മാസം 28 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്നാണ് പൊലീസിനോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. അപകടം നടന്ന 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിന് ലൈസന്‍സില്ലായിരുന്നു എന്നും ആരോപണമുണ്ട്. സമാനമായ രീതിയില്‍ പ്രദേശത്ത് മറ്റ് പല റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ മേപ്പാടിയിൽ പ്രവർത്തിക്കുന്ന മറ്റ് റിസോർട്ടുകളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
Also Read: റിസോർട്ടിലെ ടെന്റ് തകർന്നുവീണു; വയനാട്ടിൽ യുവതിക്ക് ദാരുണാന്ത്യം
ഇന്നലെ പുലർച്ചെ 2.30ഓടെയാണ് മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മ അപകടത്തില്‍ മരിച്ചത്. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമിച്ചിരുന്ന ടെന്റ് തകർന്ന് വീണായിരുന്നു മരണം. മരത്തടികൾ കൊണ്ട് നിർമിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. കാലപ്പഴക്കം കാരണമാണ് ടെന്റ് തകർന്നുവീണതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.