മദ്യപിച്ചും കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചും നടത്തിയ പാർട്ടിക്കിടെയാണ് സംഭവം
ഓസ്ട്രേലിയയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സുഹൃത്തിനെ തീകൊളുത്തി കൊന്ന് യുവതി. 24കാരിയായ കോർബി ജീൻ വാൾപോൾ കോടതിയിൽ കുറ്റം സമ്മതിച്ചതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. സുഹൃത്തായ ജെയ്ക്ക് ലോഡറിനെ(36) ആണ് യുവതി പാർട്ടിക്കിടെ തീകൊളുത്തി കൊന്നത്. പാർട്ടിക്കിടെ ജെയ്ക്ക് ലോഡറുടെ പെരുമാറ്റത്തിൽ താൻ തളർന്നുപോയെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കോർബി ജീൻ കോടതിയിൽ പറഞ്ഞു.
2024 ജനുവരി 7നാണ് സംഭവം. ഓസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസിലെ ഹൗലോങ്ങിലുള്ള തന്റെ വീട്ടിൽ, യുവതി ജെയ്ക്ക് ലോഡറിനും സുഹൃത്തുക്കൾക്കുമൊപ്പം ഒരു പാർട്ടി നടത്തിയിരുന്നു. മദ്യപിച്ചും കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചുമായിരുന്നു പാർട്ടി. പാർട്ടിക്കിടെ ജെയ്ക്ക് ലോഡറും യുവതിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ജെയ്ക്ക് തന്നോട് ശത്രുതാപരമായി പെരുമാറിയെന്നും, ഉറങ്ങിക്കിടക്കുന്ന കാമുകനെ ശല്യപ്പെടുത്തിയെന്നും പറഞ്ഞായിരുന്നു യുവതി തർക്കം ആരംഭിച്ചത്.
ഇതിനെടെയാണ് യുവാവ് സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നത്. പുരുഷന്മാരോടൊപ്പം മദ്യപിക്കുന്നത് സഹിക്കാൻ കഴിയുന്നില്ലെങ്കിൽ അടുക്കളയിൽ പോയി ഭക്ഷണമുണ്ടാക്കി ജീവിക്കൂ എന്നായിരുന്നു ജെയ്ക്ക് ലോഡറിൻ്റെ പരാമർശം. ഇതോടെ സ്ഥിതിഗതികൾ വഷളായി. യുവതി ഗാരേജിൽ നിന്നും പെട്രോൾ എടുത്ത് ജെയ്ക്കിനെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.ഈ സമയത്ത് താൻ മദ്യത്തിന്റെയും മയക്കുമരുന്നിൻ്റെയും സ്വാധീനത്തിലായിരുന്നെന്ന് കോർബി ജീൻ കോടതിയിൽ പറഞ്ഞു. ആക്രമണത്തിൽ ജെയ്ക്ക് ലോഡറിന് 55 ശതമാനം പൊള്ളലേറ്റിരുന്നു. എട്ട് ദിവസം കോമയിൽ കിടന്ന ശേഷം ഇയാൾ മരിച്ചു.
2022 മുതൽ താൻ ലഹരിക്കടിമായാണെന്ന് പറഞ്ഞ കോർബി ജീൻ വാൾപോൾ, കുറ്റകൃത്യത്തിൽ പശ്ചാത്താപം പ്രകടിപ്പിച്ചു. കോടതിയിൽ കോർബി താൻ ചെയ്ത കുറ്റമെല്ലാം സമ്മതിച്ചു. ജെയ്ക്കിനോട് താൻ ചെയ്തത് പൊറുക്കാനാവാത്ത കുറ്റമാണെന്നായിരുന്നു കോടതിയിലെ കോർബിയുടെ പ്രസ്താവന. ജെയ്ക്കിനോടും വീട്ടുകാരോടും കൂട്ടുകാരോടും ക്ഷമ ചോദിക്കുന്നെന്നും കോർബി കൂട്ടിച്ചേർത്തു. കോടതി ശിക്ഷാവിധി മാറ്റിവെച്ചു.