ഇന്നലെ രാത്രി പത്തരയോടെയാണ് ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് സ്ത്രീയുടെ നിലവിളിയും തീയും പുകയും ഉയരുന്നതും സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്
തിരുവനന്തപുരം കൈമനത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കരുമം സ്വദേശി ഷീജയുടേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന കുടുംബത്തിൻ്റെ ആരോപണത്തെ തുടർന്ന് ഷീജയുടെ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പത്തരയോടെയാണ് ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് സ്ത്രീയുടെ നിലവിളിയും തീയും പുകയും ഉയരുന്നതും സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ആളുകൾ ഓടിയെത്തിയപ്പോഴേക്കും യുവതിയുടെ ശരീരം പൂർണമായും കത്തിക്കരിഞ്ഞു. 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെതാണെന്ന് മനസ്സിലായെങ്കിലും ആളെ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു മൃതദേഹം.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കരുമം എന്ന സ്ഥലത്തുനിന്ന് സ്ത്രീയെ കാണാതായതായി വിവരം കിട്ടി. ഇന്ന് രാവിലെ ഇവരുടെ ബന്ധുക്കൾ എത്തിയാണ് മരിച്ചത് ഷീജയാണെന്ന് സ്ഥിരീകരിച്ചത്. വീട്ടുകാരുമായി അകന്നു കഴിഞ്ഞിരുന്ന ഷീജ മെഡിക്കൽ കോളജിന് സമീപം ആൺ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ആൺസുഹൃത്ത് സജികുമാറിന് പങ്കുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
സജികുമാറിൻ്റെ വീടിന് അടുത്തുള്ള പുരയിടത്തിലാണ് ഷീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിനു മുൻപ് ഇരുവരും കണ്ടിരുന്നതായാണ് പൊലീസിന്റെ നിഗമനം. ദുരൂഹത നീക്കാൻ സജികുമാറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്.