'എല്ലാ വർഷവും സ്ത്രീ സംരംഭകർക്കായി മേള'; വനിതകളെ തൊഴിൽ ദാതാക്കളാക്കി മാറ്റാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് KSWDC ചെയർപേഴ്സൺ

പുറത്തുപോയി തൊഴിൽ ചെയ്യാൻ സാഹചര്യമില്ലാത്ത സ്ത്രീകളെ സ്വയം തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കുമെന്നും KSWDC ചെയർപേഴ്സൺ പറഞ്ഞു
'എല്ലാ വർഷവും സ്ത്രീ സംരംഭകർക്കായി മേള'; വനിതകളെ തൊഴിൽ ദാതാക്കളാക്കി മാറ്റാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് KSWDC ചെയർപേഴ്സൺ
Published on

ഉൽപ്പന്നങ്ങൾ വിപണിയിലേക്കെത്തിക്കുന്നതിന് വനിതകളെ സഹായിക്കുന്നതിന് എല്ലാക്കൊല്ലവും മേളകൾ നടത്തുമെന്ന് കേരള വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടി. പ്രദർശനത്തിനോടൊപ്പം തന്നെ അവർക്ക് മുന്നോട്ട് പോകുന്നതിന് സഹായകമാകുന്ന തരത്തിലുള്ള ക്ലാസുകളും സംഘടിപ്പിക്കും. പുറത്തുപോയി തൊഴിൽ ചെയ്യാൻ സാഹചര്യമില്ലാത്ത സ്ത്രീകളെ സ്വയം തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കുകയും അവരെ തൊഴിൽ ദാതാക്കളാക്കി മാറ്റാനും ഉതകുന്ന പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നും റോസക്കുട്ടി പറഞ്ഞു.

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്ത്രീ സംരംഭകർക്കായി ഒരുക്കിയ പ്രദർശന വിപണന മേള 'എസ്കലേറ 2025'ൻ്റെ അഞ്ചാം ദിവസമായ മാർച്ച് ഒന്നിന് ആരോഗ്യം ആനന്ദം - അകറ്റാം അർബുദം എന്ന വിഷയത്തിൽ വനിതകൾക്കായി സെഷൻ നടത്തി. ആർസിസി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിൽ നിന്നുള്ള ഡോ. ജിജി തോമസ്, ഡോ. ജയകൃഷണൻ ആർ എന്നിവർ സെർവിക്കൽ കാൻസർ, സ്തനാർബുദം എന്നിവയെക്കുറിച്ച് സംസാരിച്ചു. ഡോ. രാഹുൽ യു.ആർ, ഡോമി ജോൺ മോറിസ് (ആരോഗ്യം ആനന്ദം ക്യാംപയിൻ) എന്നിവരും പങ്കാളികളായി. കൗമാരക്കാരുടെ ആരോഗ്യ വിഷയത്തിൽ ഡോ. അമർ ഫെറ്റിൽ, ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ഡോ. നിപിൻ ഗോപാലും ക്ലാസുകൾ നയിച്ചു.

പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് പ്രാദേശികവും സംസ്ഥാന അടിസ്ഥാനത്തിലുള്ള മാർക്കറ്റിനു വേണ്ടിയുള്ള ഒട്ടേറെ ചെറുകിട സ്ഥാപനങ്ങൾ കേരളത്തിൽ വളർന്നുവരുന്നുണ്ട്. തൊഴിലിനും വരുമാനത്തിനും ഇവയെ പ്രോത്സാഹിപ്പിക്കുന്ന കടമയാണ് കെഎസ്ഡബ്യൂഡിസി പോലെയുള്ള സ്ഥാപനങ്ങൾ നിർവഹിക്കുന്നത്. വനിതാ വികസന കോർപ്പറേഷന്റെ തന്നെ സഹായത്തോടും പിന്തുണയോടും കൂടി വിജയകരമായി പ്രവർത്തിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ പ്രോഡക്ട് എക്സിബിഷൻ നടത്തുന്നത് വഴി കൂടുതൽ ഉൽപ്പാദകർക്ക് ആത്മവിശ്വാസം നൽകാനാകുമെന്ന് സ്റ്റാളുകൾ സന്ദർശിച്ച മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക് പറഞ്ഞു.

മേളയുടെ ആറാം ദിവസമായ മാർച്ച് രണ്ടിന് 10 മണി മുതൽ വിവിധ സർവീസ് സംഘടനകളും വനിതാ ശിശു വികസന വകുപ്പും സംഘടിപ്പിക്കുന്ന അമച്വർ നാടകമത്സരം ഉണ്ടായിരിക്കും. വൈകുന്നേരം 7 മുതൽ ഗായിക പുഷ്പവതി നയിക്കുന്ന ഗാനമേളയുമുണ്ടാകും. മാർച്ച് മൂന്നിനാണ് പ്രദർശനമേള സമാപിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com