
മറ്റൊരു ലോക സമാധാന ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. സമാധാനത്തെ മുൻനിർത്തിയുള്ള സംസ്കാരം വളർത്തിയെടുക്കണമെന്നതാണ് ഈ വർഷത്തിലെ സമാധാന സന്ദേശം. സമാധാനവും സാമ്പത്തിക വികസനവും പരസ്പര ബന്ധിതമല്ലെന്നും, ഒന്ന് മറ്റൊന്നിനെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും സമാധാന സന്ദേശം വ്യക്തമാക്കുന്നു. 1981ൽ യുഎൻ ജനറൽ അസംബ്ലിയിൽ അംഗീകരിച്ച പ്രമേയം, 2001ലാണ് സെപ്റ്റംബർ 21 ലോക സമാധാന ദിനമായി ആചരിക്കാമെന്ന് തീരുമാനിക്കുന്നത്.
എന്നാൽ, മൂന്നാമതൊരു യുദ്ധ സാഹചര്യം കൂടി വഴി തുറക്കുമ്പോഴാണ് ഇന്ന് ലോക സമാധാന ദിനം ആചരിക്കുന്നത്. സമാധാന ദിനം ആചരിക്കുമ്പോൾ ലോകം വിവിധ യുദ്ധങ്ങൾക്ക് നടുവിലാണ്. റഷ്യയും യുക്രൈനും യുദ്ധം ആരംഭിച്ചിട്ട് രണ്ട് വർഷങ്ങൾ പിന്നിടുകയാണ്. ഇസ്രയേൽ - ഹമാസ് യുദ്ധം ഒരു വർഷത്തോട് അടുക്കുന്നു. ഇറാനും ഇസ്രയേലും തമ്മിലുള്ള ബന്ധവും വഷളാവുകയാണ്.
യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുക്കേണ്ട വികസിത രാജ്യങ്ങൾ തന്നെ രണ്ട് പക്ഷമായി തിരിഞ്ഞു. ഇഷ്ടക്കാർക്ക് ഈ വികസിത രാജ്യങ്ങൾ ആയുധങ്ങൾ എത്തിച്ചു നൽകുന്ന കാഴ്ചയാണ് ലോകം കാണുന്നത്. ഈ യുദ്ധങ്ങൾക്ക് എന്ന് അവസാനമുണ്ടാകുമെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.