എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു എന്‍.എസ് മാധവന്‍റെ പ്രതികരണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മീടു ക്യാംപെയ്ന് സമാനമായ ചലനം സൃഷ്ടിക്കുമെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. 'ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരെയുള്ള ആരോപണങ്ങളാണ് 2017-ലെ ക്യാംപെയ്ന് തുടക്കമിട്ടത്. കൂടുതല്‍ ആളുകള്‍ ലൈംഗിക ദുരുപയോഗ കഥകളുമായി രംഗത്തെത്തിയതോടെ #MeToo ആഗോളതലത്തില്‍ ചര്‍ച്ചയായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെ രണ്ട് വമ്പന്മാര്‍ ഇതിനകം വീണു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കായി കാത്തിരിക്കുന്നു. മോളിവുഡിലെ വേട്ടക്കാരെ കൂടുതല്‍ ഇത് തുറന്നുകാട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം '- എന്‍.എസ് മാധവന്‍ എക്സില്‍ കുറിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവെച്ചു. നടി രേവതി സമ്പത്തിന്‍റെ ലൈംഗികപീഡനാരോപണത്തെ തുടര്‍ന്ന് നടന്‍ സിദ്ദീഖ് 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനവും രാജിവെച്ചു. ഇരുവര്‍ക്കുമെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു.
ALSO READ : ഇത് ട്രെയ്‌ലര്‍ മാത്രം; ആണഹന്തകളുടെ മുട്ടുകാലൊടിക്കാന്‍ പ്രാപ്തിയുള്ളതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
നടനും എംഎല്‍എയുമായ മുകേഷിനെതിരായ#MeToo ആരോപണം ഓര്‍മ്മപ്പെടുത്തി ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് വീണ്ടും രംഗത്തെത്തി. 2018 ല്‍ ട്വിറ്ററിലൂടെ മുകേഷിനെതിരായ സംഭവത്തെ കുറിച്ച് ടെസ് ജോസഫ് വെളിപ്പെടുത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെ കുറിച്ച് ടെസ് ജോസഫ് വീണ്ടും ഓര്‍മപ്പെടുത്തിയത്. 'നിയമം അധികാരമുള്ളവര്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ എവിടെയാണ് പ്രതീക്ഷ' എന്നാണ് ടെസ് ജോസഫ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അതേസമയം, ആരോപണം ഉന്നയിച്ച യുവതിയെ കണ്ടിട്ടില്ലെന്നും ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് പ്രതികരിച്ചു. ആറ് കൊല്ലം മുൻപ് സ്ഥാനാർഥി നിർണ്ണയം നടന്ന സമയത്ത് ഉണ്ടായ ബാലിശമായ ആരോപണം മാത്രമാണിതെന്നും സിപിഎം എംഎൽഎ അല്ലായിരുന്നെങ്കിൽ തിരിഞ്ഞ് നോക്കില്ലെന്നും മുകേഷ് പ്രതികരിച്ചു.