fbwpx
മലങ്കൾട്ടിന് എന്താണ് കുഴപ്പം? സണ്ണി ജോസഫിനെതിരെ സാംസ്കാരിക പ്രഭുക്കളുടെ വെട്ടുകിളി വിഷപ്രയോഗം: വിനോയ് തോമസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 16 May, 2025 04:38 PM

സാഹിത്യലോകത്ത് തനിക്കും ഇതേ പ്രതിസന്ധി നേരിട്ടിരുന്നതായി കുറിപ്പിൽ വിനോയ് തോമസ് വിവരിക്കുന്നു.

KERLA


കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഒട്ടനവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. മലയോര മേഖലയില്‍നിന്ന് വന്നയാള്‍ എന്ന് പറഞ്ഞായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരിഹാസവും കമന്റുകളും നിറഞ്ഞത്. ഈ സാഹചര്യത്തില്‍, കേരളത്തിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പരിസരങ്ങളിൽ മലയോരമേഖലയോടുള്ള വേർതിരിവിനെക്കുറിച്ച് വിശദമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരനായ വിനോയ് തോമസ്. മലയോരത്ത് വളർന്ന സാധാരണക്കാരനായ ഒരു കോൺഗ്രസുകാരൻ കെപിസിസി പ്രസിഡൻ്റ് ആയപ്പോൾ സാംസ്കാരികപ്രഭുക്കൾ വെട്ടുകിളി വിഷപ്രയോഗവുമായി ഇറങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് തനിക്കും ഇതേ പ്രതിസന്ധി നേരിട്ടിരുന്നതായി വിനോയ് തോമസ് പറയുന്നു. 'മലങ്കൾട്ടിന് എന്താണ് കുഴപ്പം' എന്ന തലക്കട്ടോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 



കുറിപ്പിൻ്റെ പൂർണരൂപം;

"  മലങ്കൾട്ടിന് എന്താണ് കുഴപ്പം..?
🌴🌴🌱🌱🌿🌿🌳🌳🌲🪵🌲🌲
പുതിയ കെപിസിസി പ്രസിഡണ്ട് എന്നെപ്പോലെ തന്നെ ഒരു മലയോരക്കാരനാണ്. അദ്ദേഹത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ വന്ന നിരവധി കമന്റുകൾ കണ്ടപ്പോൾ ഒരു കാര്യം ഞാൻ ആലോചിച്ചു. കേരളത്തിൻ്റെ സാംസ്കാരികരംഗം തനി മലയോരക്കാരെ എങ്ങനെയാണ് പരിഗണിക്കുന്നത്.
പലപ്പോഴും കേരളത്തിന്റെ പൊതു സാംസ്കാരിക സമൂഹമെന്ന് നമ്മൾ കരുതുന്ന കൂട്ടം എന്നെ കാണുന്നത് ഒരു മലയോര ക്രിസ്ത്യൻ സംവരണ എഴുത്തുകാരനായാണ്. മലയോരം എന്ന ആ ലേബൽ കൊണ്ട് എനിക്ക് ചില സ്പെഷ്യൽ കരുതലുകൾ കിട്ടാറുണ്ട്. പക്ഷെ ആ കരുതൽ അനുഭവിക്കുമ്പോഴൊക്കെ എനിക്ക് തോന്നുക ഞാൻ ഒരു പ്രത്യേക വിഭാഗക്കാരനായി മാറിപ്പോയല്ലോ എന്നാണ്.
ആലോചിക്കുമ്പോൾ ആ വിഭാഗത്തെ പറ്റി അത്രനല്ല അഭിപ്രായമല്ല സാംസ്കാരികലോകത്തിന് പൊതുവേയുള്ളതെന്ന് മനസ്സിലാകും. ഞാനുൾപ്പെട്ട ആ കുടിയേറ്റവിഭാഗം കുഴപ്പംപിടിച്ചവരാണെന്ന് എന്തുകൊണ്ടോ അവർ കരുതിയിരിക്കുന്നു.

കാട് കൈയേറിയവർ, വേട്ടയാടി മൃഗങ്ങളെ കൊല്ലുന്നവർ, ആദിവാസി സമൂഹങ്ങളെ നശിപ്പിച്ചവർ, കപ്പയും റബ്ബറും നാടിനുവേണ്ട മറ്റ് ഉത്പന്നങ്ങളും കൃഷിചെയ്യുക എന്ന കൊടുംപാതകം നടത്തുന്നവർ, ബുദ്ധിജീവി വേഷംകെട്ടലുകളോട് വലിയ ബഹുമാനമില്ലാത്തവർ, കാല്പനികമായ രാഷ്ട്രീയ തത്വശാസ്ത്രങ്ങളിൽ കാര്യമായ വിശ്വാസമില്ലാത്തവർ, പൈങ്കിളിക്കാർ, പരിസ്ഥിതി വിരുദ്ധർ, സർവ്വോപരി കോൺഗ്രസുകാർ...

അച്ചൻമാർ, കന്യാസ്ത്രീകൾ, പള്ളി ജീവനക്കാർ, കശാപ്പുകാർ, കർഷകർ, വാറ്റുകുടിക്കുന്നവർ, അശ്ലീലം പറയുന്നവർ, പള്ളിയിൽ പോകുന്നവർ, അദ്ധ്വാനിക്കുന്നവർ എന്നിങ്ങനെ ഒട്ടുമേ സാഹിത്യപൊലിമയില്ലാത്ത കഥാപാത്രങ്ങളായി ജീവിക്കുന്ന ഈ സമൂഹം കേരളീയജീവിതത്തിന്റെയോ മലയാളസാഹിത്യത്തിന്റെയോ ഭാഗമാണെന്ന് ഇവിടുത്തെ സാംസ്കാരികപ്രമാണിമാർ ആരും തന്നെ ഇതുവരെ അംഗീകരിച്ചിട്ടില്ല.
വെറുതെയങ്ങ് ജീവിച്ചുപോകാൻ മാത്രമുള്ളവർ എന്നു കണക്കാക്കപ്പെടുന്ന ആ വിഭാഗത്തിൽ പെട്ട ഞാൻ മലയാള സാഹിത്യരംഗത്ത് എത്തപ്പെടുന്നത് ഡിസി ബുക്സ് നടത്തിയ നോവൽമത്സരത്തിലൂടെയാണ്. നൂറ്റിനാൽപത്തഞ്ചുപേരോട് മത്സരിച്ചു വിജയിച്ചിട്ടാണ് എൻ്റെ ആദ്യനോവൽ വെളിച്ചം കാണുന്നത്. പിന്നീട് ഈ നിമിഷംവരെ വിവരിക്കാനാവാത്തത്ര കഠിനാധ്വാനം ചെയ്തിട്ടാണ് ഞാൻ സാഹിത്യരംഗത്ത് നിലനിൽക്കുന്നത്.

കരിക്കോട്ടക്കരി എന്ന നോവൽ എഴുതിക്കഴിഞ്ഞപ്പോൾ ഒരു പുതിയ ലോകം എനിക്ക് തുറന്നുകിട്ടി. അതോടെ നാൽപതുവയസ്സുവരെ ഞാൻ അനുഭവിച്ച ജീവിതം, അതിന്റെ വേദനകൾ, അപമാനങ്ങൾ, മുറിവുകൾ, എന്റെ ചുറ്റിലുമാടിയ കഥാപാത്രങ്ങൾ, ഞാൻ കണ്ട കാഴ്ചകൾ, എന്റെ മതം, എന്റെ രാഷ്ട്രീയം, എന്റെ കാമനകൾ, എന്റെ പിടിവിട്ട ഭാവനകൾ, എല്ലാത്തിനെക്കുറിച്ചും എഴുതുകതന്നെ എന്ന് ഞാൻ തീരുമാനിച്ചു.
ആ തീരുമാനം നടപ്പിലാക്കാൻ എത്രമാത്രം പ്രയാസമുണ്ടെന്ന് എഴുത്ത് എന്ന പ്രക്രിയയുടെ ദുരിതപർവ്വത്തിലൂടെ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ളവർക്ക് മനസ്സിലാകും. അതുകൊണ്ട് ഏത് മഹാസാഹിത്യകാരനേയും പോലെ എനിക്കും എൻ്റെ എഴുത്ത് പ്രധാനപ്പെട്ടതാണ്.
എൻ്റെ സാഹിത്യത്തിൻ്റെ ഗുണദോഷങ്ങളേക്കുറിച്ച് ഒന്നും പറയാതെ മലയാളത്തിലെ കുടിയേറ്റസംവരണം എന്ന വിഭാഗത്തിലേക്ക് എൻ്റെ കൃതികളെ ഒതുക്കുന്ന ചിലരുണ്ട്. അവർക്ക് അതിന് ഒറ്റ കാരണമേയുള്ളൂ, ഞാനൊരു മലയോരക്കാരനായി ജനിച്ചുപോയി. സാംസ്കാരിക തമ്പുരാക്കൻമാരെ സംബന്ധിച്ച് കേരളത്തിൽ പെടാത്ത ഒരു സ്ഥലമാണ് മലയോരം. അവിടുന്നുണ്ടാകുന്ന സാഹിത്യം അവർക്ക് മലയാളത്തിൻ്റെ മുഖ്യധാരയിൽ പെടുത്താൻ ഒരിക്കലും കഴിയില്ല.

അതുകൊണ്ട് ഞങ്ങൾ മലയോര സാഹിത്യകാരൻമാർ നന്നായി എഴുതിയാൽ മാത്രം പോരാ, ഞങ്ങളുടെ മതം, ജാതി, ജന്മസ്ഥലം എന്നിവയൊക്കെ വരേണ്യമായ മറ്റൊരു അവസ്ഥയിലേക്ക് മാറ്റിയെടുത്തെങ്കിൽ മാത്രമേ സ്വീകാര്യത കിട്ടുകയുള്ളൂ. തങ്ങളുടെ ജീവിതത്തെ അങ്ങനെ മാറ്റിയെടുത്തവരുടെ കഥയാണ് ഞാൻ കരിക്കോട്ടക്കരിയിൽ പറഞ്ഞത്.
സാഹിത്യരംഗത്ത് മാത്രമാണ് ഈ അവസ്ഥ എന്ന് വിചാരിക്കരുതേ. മലയോരത്ത് വളർന്ന സാധാരണക്കാരനായ ഒരു കോൺഗ്രസുകാരൻ കെപിസിസി പ്രസിഡന്റ് ആയപ്പോഴും ഈ സാംസ്കാരികപ്രഭുക്കൾ വെട്ടുകിളി വിഷപ്രയോഗവുമായി ഇറങ്ങിയിട്ടുണ്ട്. സണ്ണിജോസഫ് ഒരുരൂപ മെമ്പർഷിപ്പുള്ള വെറുമൊരു കോൺഗ്രസുകാരൻ മാത്രമായിരുന്ന കാലം മുതൽക്കേ എനിക്ക് അദ്ദേഹത്തെ അറിയാം.
കേരളത്തിലെ കോൺഗ്രസുകാർക്ക് വോട്ടു ചെയ്ത് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കാൻ അവസാനമായി അവസരം കിട്ടിയത് 1991 ലാണ്. ആ സംഘടനാതെരഞ്ഞെടുപ്പിൽ എൻ്റെ നാടായ ഉളിക്കല്ലിലെ കോൺഗ്രസുകാർ ഇതാണ് ഞങ്ങളുടെ നേതാവ് എന്ന് പറഞ്ഞ് ഡിസിസി സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തയച്ച ആളുടെ പേരാണ് സണ്ണിജോസഫ്. അന്നുമുതൽ ഒരു പ്രലോഭനത്തിനും വഴങ്ങാതെ പാർട്ടിക്കും നാടിനും വേണ്ടി അദ്ദേഹം ചെയ്ത കഠിനാധ്വാനത്തിന്റെ അംഗീകാരമാണ് ഈ കെപിസിസി പ്രസിഡൻറ് സ്ഥാനം.

അവഹേളിക്കുന്നവരേക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള മാർഗ്ഗം കഠിനാദ്ധ്വാനമാണ് എന്നു വിശ്വസിക്കുന്ന ഞങ്ങളുടെ രീതിയേക്കുറിച്ച് ഫോണെടുത്ത് വിരലു ചലിപ്പിക്കുക എന്നത് മാത്രം ശീലിച്ച ഈ കമൻ്റ് കമ്പനികൾക്ക് അറിയില്ലായിരിക്കാം.
സണ്ണിജോസഫ് എന്ന മനുഷ്യനുമായി അടുത്തടപഴകിയ ആദ്യത്തെ സന്ദർഭം ഞാൻ ഓർമ്മിക്കുന്നു. അന്ന് മട്ടന്നൂർ കോടതിയിലെ ഏറ്റവും തിരക്കുള്ള വക്കീലന്മാരിൽ ഒരാളായ സണ്ണിജോസഫിന് ജില്ലാകേന്ദ്രത്തിലെ രാഷ്ട്രീയ ഉത്തരവാദിത്വം കിട്ടിയപ്പോൾ തലശ്ശേരിയിലേക്ക് താമസംമാറേണ്ടി വന്നു. മലയോരത്ത് താമസിച്ച് ജില്ലാ രാഷ്ട്രീയത്തിൽ സജീവമാകുക എന്നത് അക്കാലത്ത് നടക്കുന്ന കാര്യമല്ല.
തലശ്ശേരിയിൽ നല്ലയൊരു വീട് വാങ്ങാനുള്ള കാശ് അദ്ദേഹത്തിന്റെ കയ്യിലില്ല. അതുകൊണ്ട് താമസ യോഗ്യമല്ലാത്ത ഒരു പഴയവീടാണ് അദ്ദേഹം വാങ്ങിയത്. ബെന്നിച്ചേട്ടന്റെ നേതൃത്വത്തിൽ ഞങ്ങൾ അഞ്ചാറു സുഹൃത്തുക്കൾ ഒരു മാസത്തോളം തലശ്ശേരിയിൽ താമസിച്ച് പെയിന്റടിച്ചും റിപ്പയർ ചെയ്തും വൃത്തിയാക്കിയിട്ടാണ് അദ്ദേഹത്തിനും കുടുംബത്തിനും അവിടെ താമസിക്കാൻ പറ്റിയത്.

ആ ഒരുമാസം കൊണ്ട് സണ്ണിജോസഫ് ആരാണെന്ന് എനിക്ക് വ്യക്തമായി. സാമൂഹ്യ വിഷയങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, പ്രശ്നങ്ങൾ വിശകലനം ചെയ്ത് പടിപടിയായി അതിൻെറ കുരുക്കഴിക്കുന്ന ബുദ്ധികൂർമ്മത, ചെറിയ കാര്യങ്ങളിൽ പോലുമുള്ള കഠിനാധ്വാനം, നർമ്മബോധം, ഷോ ഇറക്കാതെ നാടിനു ഗുണമുള്ള കാര്യങ്ങൾ ചെയ്യണമെന്നുള്ള മനോഭാവം എന്നിവയൊക്കെ ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞു.
എന്തായാലും അന്നുതൊട്ടേ എൻ്റെ മനസ്സിലെ മാതൃകാരാഷ്ട്രീയനേതാവ് സണ്ണിജോസഫാണ്.
എനിക്ക് അദ്ദേഹം അങ്ങനെയാണെങ്കിൽ മറ്റു പലർക്കും മറ്റു പലതുമാണ്. ചിലർക്ക് കെ കെ ശൈലജ ടീച്ചർ എന്ന ജനപ്രിയ എംഎൽഎയെ പേരാവൂർ മണ്ഡലത്തിൽ മലർത്തിയടിച്ച് കേരള നിയമസഭയിലേയ്ക്ക് കന്നിയങ്കം ജയിച്ച രാഷ്ട്രീയ എതിരാളി, ചിലർക്ക് ഇരിട്ടി താലൂക്കിന്റെ ശില്പി, ചിലർക്ക് തലശ്ശേരി വളവുപാറ റോഡ് കൊണ്ടുവന്ന എംഎൽഎ, അങ്ങനെ പലതും… പക്ഷേ ഒരു കാര്യം ഉറപ്പിച്ചു പറയാം, അദ്ദേഹം ആർക്കും ശത്രുവല്ല. എന്നിട്ടും ഇത്രയധികം അധിക്ഷേപം അദ്ദേഹം കേൾക്കേണ്ടിവരുന്നത് എന്തുകൊണ്ടായിരിക്കാം? കാരണം ഒന്നേയുള്ളൂ, അദ്ദേഹം ഒരു കുടിയേറ്റക്കാരനാണ്.

ഇങ്ങനെയൊക്കെ ഞങ്ങളെ കാണുന്നവരോട് ഒറ്റ കാര്യമേ പറയാനുള്ളൂ. ഇത്രയും കാലം കുടിയേറ്റക്കാർ എന്ന പേരിൽ നിങ്ങൾ ഞങ്ങളോട് കാണിച്ച കരുതലിൽ പൊതിഞ്ഞ ആ അവഗണനയുണ്ടല്ലോ, അതിൻെറ കൊമ്പ് ചവിട്ടിയൊടിച്ചിട്ടാണ് ഞങ്ങളിൽ ചിലരൊക്കെ വന്ന് ഇവിടെയിങ്ങനെ നിൽക്കുന്നത്. ആ നിൽപ്പു കാണുമ്പോൾ തെറി വിളിക്കാൻ തോന്നുന്നവരോടും എനിക്ക് സ്നേഹം മാത്രം.
കാരണം നമ്മളെ അവഹേളിക്കുന്നവരോട് എങ്ങനെ പെരുമാറണമെന്ന് എന്നെ പഠിപ്പിച്ചത് മണ്ണിനേയും കൃഷിയേയും മനുഷ്യരേയും സ്നേഹിച്ച് കുടിയേറ്റമേഖലയിൽ പുതിയൊരു ലോകം സൃഷ്ടിച്ച എൻ്റെ പൂർവ്വികരും അവരോടൊപ്പം വളർന്ന സണ്ണിജോസഫ് എന്ന രാഷ്ട്രീയ നേതാവുമാണ്.

വിനോയ് തോമസ് "

KERALA
മുതലപ്പൊഴിയിൽ വീണ്ടും പ്രതിഷേധം; ഹാർബർ എൻജിനീയറിങ് ഓഫീസും ഉപരോധിച്ച് നാട്ടുകാർ
Also Read
user
Share This

Popular

KERALA
KERALA
മുതലപ്പൊഴിയിൽ വീണ്ടും പ്രതിഷേധം; ഹാർബർ എൻജിനീയറിങ് ഓഫീസും ഉപരോധിച്ച് നാട്ടുകാർ