സ്ത്രീകൾക്ക് സുരക്ഷ ഒരുക്കലാണ് നിങ്ങളുടെ ചുമതല, വനിതാ ഡോക്ടർമാരോട് രാത്രി ജോലി ചെയ്യരുതെന്ന് പറയാനാവില്ല: ബംഗാൾ സർക്കാരിനോട് സുപ്രീംകോടതി

അവർക്ക് ആനുകൂല്യമല്ല വേണ്ടത്. അവർ ഏത് ഷിഫ്റ്റിലും ജോലി ചെയ്യാൻ തയ്യാറാണ്- ചീഫ് ജസ്റ്റിസ് പറഞ്ഞു
സ്ത്രീകൾക്ക് സുരക്ഷ ഒരുക്കലാണ് നിങ്ങളുടെ ചുമതല, വനിതാ ഡോക്ടർമാരോട് രാത്രി ജോലി ചെയ്യരുതെന്ന് പറയാനാവില്ല: ബംഗാൾ സർക്കാരിനോട് സുപ്രീംകോടതി
Published on

വനിതാ ഡോക്ടർമാർക്ക് രാത്രി ജോലിക്ക് വിലക്കേർപ്പെടുത്തിയ പശ്ചിമ ബംഗാൾ സർക്കാരിൻ്റെ വിജ്ഞാപനത്തില്‍ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സ്ത്രീകൾക്ക് സുരക്ഷ കൂട്ടുകയല്ലാതെ അവരോട് രാത്രി ജോലി ചെയ്യേണ്ടെന്ന് പറയാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. "സ്ത്രീകൾ രാത്രി ജോലി ചെയ്യരുതെന്ന് നിങ്ങൾക്കെങ്ങനെ പറയാനാവും? വനിതാ ഡോക്ടർമാരെ നിയന്ത്രിക്കുന്നതെന്തിനാണ്? അവർക്ക് ആനുകൂല്യമല്ല വേണ്ടത്. അവർ ഏത് ഷിഫ്റ്റിലും ജോലി ചെയ്യാൻ തയ്യാറാണ്"- ചീഫ് ജസ്റ്റിസ് പറഞ്ഞു. കൊല്‍ക്കത്ത ബലാത്സംഗക്കൊലയില്‍ സ്വമേധയായെടുത്ത കേസില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യങ്ങള്‍. കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നാണ് വനിതാ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി ബംഗാൾ സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്.

പശ്ചിമ ബംഗാൾ സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ഇത് ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നിങ്ങളാണ് സുരക്ഷ ഒരുക്കേണ്ടത്. പശ്ചിമ ബംഗാൾ സർക്കാർ വിജ്ഞാപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. സുരക്ഷ ഒരുക്കലാണ് സർക്കാരിൻ്റെ കടമ. നിങ്ങൾക്ക് വനിതാ ഡോക്ടർമാരോട് രാത്രി ജോലി ചെയ്യാനാവില്ലെന്ന് പറയാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. സിബിഐ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ അലോസരപ്പെടുത്തുന്നതാണെന്ന് പറഞ്ഞ സുപ്രീം കോടതി വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ തടസപ്പെടുത്തിയേക്കുമെന്നും വ്യക്തമാക്കി.



സ്ത്രീകളുടെ സ്വാതന്ത്ര്യത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ കഴിയില്ലെന്നും അനൂജ് ഗാർഗ് കേസ് ചൂണ്ടിക്കാട്ടി സുപ്രീം കോടതി പറഞ്ഞു. സത്രീകളുടെ ജോലി സമയം 12 മണിക്കൂറാക്കി ചുരുക്കി കൊണ്ടും നൈറ്റ് ഡ്യൂട്ടി ഒഴിവാക്കി കൊണ്ടുമുള്ള ആഗസ്റ്റ് 19 ലെ വിജ്ഞാപനത്തിൽ സർക്കാർ മാറ്റം വരുത്താൻ തയ്യാറാണെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com