'രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾ മരിക്കും'; വ്യാപാരികളെ ഭയപ്പെടുത്തിയ പോസ്റ്ററുകൾ

പ്രസ്താവനയ്ക്ക് താഴെ 'ബ്ലഡി മേരി' എന്നും എഴുതിയിട്ടുണ്ട്. ഇതിന് പുറമെ എല്ലാ പോസ്റ്ററിലും സിന്ദൂരവും മഷിയും തേച്ചിട്ടുണ്ട്.
'രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾ മരിക്കും';  വ്യാപാരികളെ ഭയപ്പെടുത്തിയ പോസ്റ്ററുകൾ
Published on

ഒരു ദിവസം തുടങ്ങുന്നത് തന്നെ നിങ്ങൾ മരിക്കുമെന്ന ഭീഷണി കേട്ടുകൊണ്ടാണെങ്കിൽ എന്തായിരിക്കും മനുഷ്യരുടെ അവസ്ഥ. ആലോചിക്കാൻ തന്നെ പ്രയാസമായിരിക്കും, എന്നാൽ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുകയാണ് ഒരു കൂട്ടം വ്യാപാരികൾ. മഹാരാഷ്ട്ര രത്നഗിരി പട്ടണത്തിലെ ഒരു കൂട്ടം വ്യാപാരികളാണ് ഈ ദുരവസ്ഥയിലൂടെ കടന്നുപോകുന്നത്. മരണഭയം നൽകുന്ന പോസ്റ്ററുകളാണ് ഇന്നലെ പ്രദേശത്തെ വ്യാപാരികളുടെ ഉറക്കം കെടുത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ കട തുറക്കാൻ എത്തിയ വ്യാപാരികളാണ് തങ്ങളുടെ കടകളുടെ മുൻപിലായി 'രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾ മരിക്കും' എന്നെഴുതിയ പോസ്റ്റർ ഒട്ടിച്ചു വച്ചിരിക്കുന്നതായി കണ്ടത്. ‘രണ്ട് ദിവസത്തിന് ശേഷം 2024 ഒക്ടോബർ 5-ന് നിങ്ങൾ മരിക്കും’ എന്നാണ് പോസ്റ്ററിലെ കൃത്യമായ വാചകം. കൂടാതെ ഈ പ്രസ്താവനയ്ക്ക് താഴെ 'ബ്ലഡി മേരി' എന്നും എഴുതിയിട്ടുണ്ട്. ഇതിന് പുറമെ എല്ലാ പോസ്റ്ററിലും സിന്ദൂരവും മഷിയും തേച്ചിട്ടുണ്ട്. ഇംഗ്ലീഷിലാണ് പോസ്റ്റർ എഴുതിയിരിക്കുന്നത്.

പോസ്റ്റർ കണ്ട് വ്യാപാരികൾ പരിഭ്രാന്തരാകുകയായിരുന്നു. രത്നഗിരിയിലെ അനികേത് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകൾക്ക് പുറത്താണ് ഭീഷണി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഷോപ്പിംഗ് കോംപ്ലക്സിലെ 25-ഓളം സ്റ്റോറുകളുടെ പുറത്തും ഒരോ പോസ്റ്റർ പതിച്ചിട്ടുണ്ട്. തലേ ദിവസം രാത്രി വൈകും വരെ പോസ്റ്ററുകൾ ഉണ്ടായിരുന്നില്ലെന്ന് കടയുടമകൾ പറയുന്നു.

ഏതായാലും സംഭവം പ്രദേശത്തെ ജനങ്ങളെയാകെ ഞെട്ടിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് റൂറൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com