
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് അമേൽ തൊട്ടിയില്‍ അമർ ഇലാഹി (22) ആണ് കാട്ടാനാക്രമണത്തില്‍ മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ഒപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ മരിക്കുകയായിരുന്നു.
ഈ മാസം ആദ്യം എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഉരുളൻതണ്ണിയിലും യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. കുടമ്പുഴ ക്ണാച്ചേരി സ്വദേശി എൽദോസിനെയാണ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എൽദോസ് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയായിരുന്നു കാട്ടാനയുടെ ആക്രമണം. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ നാളെ യുഡിഎഫ്-എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.