വിശ്വാസ്യത വർധിപ്പിക്കാൻ അടുത്ത ദിവസങ്ങളിൽ സമീപ പ്രദേശത്ത് പൊലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയെ പറ്റിയും യുവാവ് സംസാരിച്ചിരുന്നു
കോഴിക്കോട് പൊലീസ് ചമഞ്ഞെത്തി വ്യാപാരിയിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി. കോഴിക്കോട് പെരുമണ്ണ പയ്യടിമേത്തലിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കെ.എം. കോയയാണ് തട്ടിപ്പിനിരയായത്. പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ തേങ്ങ വിൽക്കാനുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് 11,000 രൂപ തട്ടിയെടുത്തത്. കോയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം. കോയയുടെ ഉടമസ്ഥതയിലുള്ള കെഎം ട്രെഡേഴ്‌സിലേക്കെത്തിയ യുവാവ്, പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ പെലീസുകാരനാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. മകളുടെ കൂടെ സ്കൂളിൽ പഠിച്ചതാണെന്നുകൂടി പറഞ്ഞതോടെ കോയക്ക് യുവാവിനെ പൂർണ വിശ്വാസവുമായി. വിശ്വാസ്യത വർധിപ്പിക്കാൻ അടുത്ത ദിവസങ്ങളിൽ സമീപ പ്രദേശത്ത് പൊലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയെ പറ്റിയും യുവാവ് സംസാരിച്ചു. തുടർന്ന് തേങ്ങയുടെ കമ്പോള വില അന്വേഷിച്ച യുവാവ്, പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നും തേങ്ങ കൊണ്ടുവരുന്നുണ്ടെന്ന് കോയയെ പറഞ്ഞ് ധരിപ്പിക്കുകയും ചെയ്തു.
ALSO READ: നന്തൻകോട് കൂട്ടക്കൊല: പ്രതി കേഡൽ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ
തേങ്ങ എത്തിക്കുന്നതിനു മുൻപേ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ എസ്ഐക്ക് 10,000 രൂപ നൽകണമെന്നായിരുന്നു യുവാവ് കോയയോട് പറഞ്ഞത്. കൂടാതെ ഇപ്പോൾ തിരിച്ചുനൽകാമെന്ന് പറഞ്ഞ് ഇയാൾ ആയിരം രൂപ കൂടി കോയയിൽ നിന്നും വാങ്ങിയെടുത്തു. ബൈക്കിലെത്തിയ 40 വയസ് പ്രായം തോന്നിക്കുന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് കോയ പറയുന്നു. കോയയുടെ കയ്യിൽ നിന്നും 11000 രൂപ വാങ്ങിയ ശേഷം യുവാവ് ഫോൺ നമ്പർ ആവശ്യപ്പെട്ടു. കോയ നമ്പർ എഴുതി നൽകുന്നതിനിടെയാണ് പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടത്. തട്ടിപ്പാണെന്ന് മനസ്സിലായതോടെ കോയ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.