മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടർ യാത്രികനോട് വാഹനം നിർത്താൻ ആവശ്യപ്പെടുന്നതിനിടെ ഇയാൾ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പ്രതി ഹൈദരിനെ പൊലീസ് പിടികൂടി.
വയനാട് മാനന്തവാടിയിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഓഫീസറെ ഇടിച്ചുവീഴ്ത്തി യുവാവ്. സിവിൽ എക്സൈസ് ഓഫീസർ ഇ.എസ്. ജെയ്മോനെയാണ് ബൈക്കിടിപ്പിച്ച് തെറിപ്പിച്ചത്. ബാവലി ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടർ യാത്രികനോട് വാഹനം നിർത്താൻ ആവശ്യപ്പെടുന്നതിനിടെ ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പ്രതി ഹൈദരിനെ പൊലീസ് പിടികൂടി.
മാനന്തവാടി കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ബാവലി ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്നു സ്‌കൂട്ടർ യാത്രികൻ. എക്സൈസ് ഉദ്യോഗസ്ഥൻ വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, യാത്രികൻ ഇയാളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജെയ്മോനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വയനാട്ടിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായിരുന്നു. കൽപ്പറ്റ പഴയ ബസ്സ്റ്റാൻ്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. യുവാക്കളുടെ കയ്യിൽ നിന്നും 6.25 ഗ്രാം എംഡിഎംഎ പിടികൂടി. കൽപ്പറ്റ സ്വദേശി സോബിൻ കുര്യാക്കോസ്, മുട്ടിൽ സ്വദേശി മുഹമ്മദ് അസനുൽ ഷാദുലി, കണിയാമ്പറ്റ സ്വദേശി അബ്ദുൽ മുഹമ്മദ് ആഷിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സോബിൻ കുര്യാക്കോസ്, മുഹമ്മദ് അസനുൽ ഷാദുലി എന്നിവർ മുൻപും സമാന കേസിൽ പിടിയിലായിട്ടുണ്ട്.
അതേസമയം കോഴിക്കോട് പൊലീസിനെ കണ്ട പരിഭ്രാന്തിയിൽ യുവാവ് എംഡിഎംഎ പാക്കറ്റ് വിഴുങ്ങി. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് മൈക്കാവ് സ്വദേശി ഷാനിദ് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ തരികളുള്ള രണ്ട് കവറുകൾ ഇയാളുടെ വയറ്റിൽ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഇന്നലെ രാവിലെ 9 മണിക്കായിരുന്നു സംഭവം. അമ്പാഴത്തോട് അങ്ങാടിയിൽ നിൽക്കുകയായിരുന്ന യുവാവ് പൊലീസിനെ കണ്ടപ്പോൾ കയ്യിലിരുന്ന പാക്കറ്റ് വിഴുങ്ങുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ ഷാനിദിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് ഇയാൾ പറഞ്ഞത്.