നേരത്തെ യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തിൽ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു
ലൈംഗികാരോപണം നേരിടുന്ന എം. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുകേഷിൻ്റെ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചു. നേരത്തെ യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും, മഹിളാ കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തിൽ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.
മുകേഷിനെതിരെ നേരത്തെ കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെ നടി മീനു മുനീറും രംഗത്തെത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കണമെന്നാണ് ആവശ്യം.
യുവമോര്‍ച്ചയുടെ പ്രതിഷേധത്തിന് ശേഷമാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധ റാലിയുമായി എത്തിയത്. ടെസ് ജോസഫിൻ്റെ ആരോപണത്തിന് പിന്നാലെ പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പൊലീസ് മുകേഷിൻ്റെ വീടിന് സംരക്ഷണം ഏർപ്പെടുത്തുകയും അദ്ദേഹത്തെ വീട്ടിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അടിമുടി ഉലഞ്ഞിരിക്കുകയാണ് മലയാള സിനിമ. എല്ലാ ദിവസവും സ്ത്രീകള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുകയാണ്. മലയാള സിനിമാ മേഖലയിലെ പ്രമുഖ നടന്‍മാരും സംവിധായകരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ആരോപണവിധേയരുടെ ലിസ്റ്റില്‍ ഉള്‍പെടുന്നു.