ധീരജ് കൊലപാതകവുമായി യൂത്ത് കോൺഗ്രസിനോ, കെഎസ്‌യുവിനോ യാതൊരു ബന്ധവുമില്ലെന്നായിരുന്നു രാഹുലിൻ്റെ പ്രസ്താവന.
കണ്ണൂർ മലപ്പട്ടത്തെ കോൺഗ്രസ് പ്രകോപന മുദ്രാവാക്യ വിവാദത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ധീരജിനെ കൊലപ്പെടുത്തിയ കത്തി കോൺഗ്രസിൻ്റെ കയ്യിലില്ലെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രസ്താവന. ധീരജ് വധക്കേസിൻ്റെ യഥാർഥ ചിത്രം സർക്കാർ പുറത്തുകൊണ്ടുവരണമെന്ന പറഞ്ഞ രാഹുൽ, ഇതുവരെ കത്തി കണ്ടെത്താത്ത് എന്ത് കൊണ്ടാണെന്നും ചോദിച്ചു.
ധീരജ് കൊലപാതകവുമായി യൂത്ത് കോൺഗ്രസിനോ, കെഎസ്‌യുവിനോ യാതൊരു ബന്ധവുമില്ലെന്നാണ് രാഹുലിൻ്റെ അവകാശവാദം. ധീരജിൻ്റെ ചോര ഞങ്ങളുടെ കയ്യിൽ പറ്റിയിട്ടില്ല, അതുകൊണ്ട് തന്നെ ആ കത്തിയും കയ്യിലില്ല. സർക്കാരിൻ്റെ കീഴിലുള്ള പൊലീസും ആഭ്യന്തര വകുപ്പും കത്തി കണ്ടുപിടിക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചു. അഭിമന്യു കേസിൻ്റെ അവസ്ഥയും സമാന രീതിയിലാണെന്നും, പ്രതികളെ കണ്ടെത്തുന്നില്ലെന്നും രാഹുൽ വിമർശിച്ചു.
യൂത്ത് കോൺഗ്രസിന് താക്കീതു നൽകിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനും രാഹുൽ മറുപടി നൽകി. കെ. സുധാകരന് മുന്നിൽ തോറ്റു തുന്നം പാടിയ ആളാണ് ഈ 'കവച കുണ്ഡലം' എന്നായിരുന്നു രാഹുലിൻ്റെ പരിഹാസം. ഒരു മൂട്ട വിചാരിച്ചാൽ പോലും ഭയപ്പെടുന്ന പാർട്ടിയാണ് സിപിഐഎം. കെ.കെ രാഗേഷിന് പക്വത ഇല്ലെന്നും ധൈര്യമുണ്ടെങ്കിൽ പുഷ്പചക്രവുമായി വരട്ടെയെന്നും രാഹുൽ പറഞ്ഞു. ധീരജിനെ കുത്തിയ കത്തിയുമായി വന്നാൽ കോൺഗ്രസിന് ഒരു പുഷ്പചക്രം കരുതിവയ്ക്കുമെന്നും, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനമാണ് നൽകുന്നതെന്നുമായിരുന്നു രാഗേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.
സിപിഐഎമ്മിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന വിമർശനവും രാഹുൽ ഉയർത്തി. കണ്ണൂരിൽ സിപിഐഎം കൊലപാതകങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഗുണ്ടകൾ നാട്ടിലിറങ്ങി അക്രമം അഴിച്ചുവിടുന്നു. അവർക്കെതിരെ നടപടിയെടുക്കുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയെന്നാണ് സിപിഐഎമ്മിനെ രാഹുൽ വിശേഷിപ്പിച്ചത്. സിപിഐഎമ്മിൻ്റെ ഗുണ്ടകൾ അക്രമം അഴിച്ചുവിടുമ്പോൾ പൊലീസ് എസ്കോർട്ട് പോകുകയാണ്. ഭരണ പരാജയം മറച്ചുവെക്കാനുള്ള നീക്കമാണെന്നും രാഹുൽ പറഞ്ഞു.
കോന്നി ഫോറസ്റ്റ് ഓഫീസിലെ ജനീഷ് കുമാർ എംഎൽഎയുടെ രോഷ പ്രകടനത്തിലും യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പ്രതികരിച്ചു. സ്വന്തം സർക്കാരിന് എതിരായാണ് ഭരണപക്ഷ എംഎൽഎ നിലപാട് എടുത്തത്. എംഎൽഎ പറയുന്നത് കേട്ടാൽ വി.ഡി. സതീശനാണ് വനം മന്ത്രി എന്ന് തോന്നും. ആളെ കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്തതും എല്ലാം ഇതേ സർക്കാരിന്റെ വനം വകുപ്പാണ്. പിന്നീട് പറയുന്നു ഡിവൈഎഫ്ഐ വനംവകുപ്പിനെ കൈകാര്യം ചെയ്യുമെന്ന് . എല്ലാവരെയും കൈകാര്യം ചെയ്യിലാണോ ഡിവൈഎഫ്ഐയുടെ പണിയെന്നും രാഹുൽ ചോദിച്ചു.