
സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ കഴിഞ്ഞ ദിവസം യൂണിഫോമുമിട്ട്, ബൈക്കിൽ ഓർഡറുമായി ഇറങ്ങിയതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭാര്യയായ ഗ്രേസിയ മുനോസിനോടൊപ്പമാണ് സൊമാറ്റോ സിഇഒ ഡെലിവറിക്കിറങ്ങിയത്.
ഇതിനിടെ ഉണ്ടായ അനുഭവങ്ങളാണിപ്പോൾ അദ്ദേഹം പങ്കുവെക്കുന്നത്. ഡെലിവറിക്കിടെ ഗുരുഗ്രാമിലെ ഒരു മാളിലെ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞു. ഇതിലൂടെ എല്ലാ ഡെലിവറി പാർട്‌ണർമാർക്കും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ മാളുകളുമായി അടുത്ത് പ്രവർത്തിക്കേണ്ടതുണ്ടെന്ന് മനസിലാക്കുന്നതായി സിഇഒ പ്രതികരിച്ചു.
ലിഫ്റ്റിൽ കയറാൻ നോക്കിയപ്പോൾ അടുത്തുള്ള സ്റ്റെപ് വഴി കയറിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഡെലിവറി ചെയ്യാനെത്തുന്നവർക്ക് ലിഫ്റ്റ് ഉപയോഗിക്കാൻ പാടില്ലെന്ന കാര്യം മനസിലാക്കി താൻ മൂന്നാമത്തെ നില വരെ നടന്നുകയറിയതായും ദീപീന്ദർ ഗോയൽ പറഞ്ഞു.
മാളുകൾ മാത്രമല്ല, വിവിധ സൊസൈറ്റികളും ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്ന അനുഭവം പങ്കുവെച്ച് നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ചത്. ഇത്തരം അവഗണനകൾ മാറണമെന്നും, എല്ലാ മാളുകളും ഓഫീസുകളും ഡെലിവറി ചെയ്യാനെത്തുന്നവർക്ക് സൗഹാർദപരമായ അന്തരീക്ഷം ഉണ്ടാക്കണമെന്നും, വിവേചനം പാടില്ലെന്നും നിരവധി പേർ പ്രതികരണം രേഖപ്പെടുത്തിയിരുന്നു.