'ആർഎസ്എസ് പോലൊരു ഭീകരസംഘടന' ഏതൊരു ജനാധിപത്യ രാജ്യത്തിനും ഭീഷണിയാണെന്ന് അദ്ദേഹം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഹിന്ദുത്വമെന്ന അപകടത്തെ തരണം ചെയ്യാൻ ഉയർത്തെണീക്കണമെന്ന് സമൂഹത്തോട് തൻ്റെ രചനകളിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു
ഇന്ത്യൻ നിയമ-രാഷ്ട്രീയ മണ്ഡലത്തിലെ ഒരു യുഗാന്ത്യമാണ് എ.ജി.നൂറാനി എന്നറിയപ്പെടുന്ന അബ്ദുൾ ഗഫൂർ മജീദ് നൂറാനിയുടെ വിയോഗത്തോടെ അടയാളപ്പെടുത്തപ്പെടുന്നത്. രാജ്യത്തെ ആർഎസ്എസ് വർഗീയ നിലപാടുകൾക്കെതിരെയും, ന്യൂനപക്ഷ വേട്ടകൾക്കെതിരെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങൾക്കെതിരെയും നിശിതമായി വിമർശനം നടത്തിവന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. ഭരണകൂട ഭീകരതയെ തുറന്നെതിർത്ത, സമകാലിക ഇന്ത്യയിൽ നിർഭയനായി നിലപാടുകൾ വെട്ടിത്തുറന്ന് പറഞ്ഞ ചുരുക്കം ചില ചരിത്രകാരന്മാരിൽ ഒരാളായി അദ്ദേഹം വാഴ്ത്തപ്പെടും.
ഇന്ത്യയുടെ ആത്മാവ് അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ അക്ഷരങ്ങളിലൂടെ നിരന്തര പോരാട്ടം നടത്തിയ വ്യക്തിത്വമായിരുന്നു നൂറാനി. നിയമജ്ഞൻ, പണ്ഡിതൻ, ഗ്രന്ഥകാരൻ, എല്ലാത്തിലുമുപരി രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പോരാളികളിൽ ഒരാൾ . 'ആർഎസ്എസ് പോലൊരു ഭീകരസംഘടന' ഏതൊരു ജനാധിപത്യ രാജ്യത്തിനും ഭീഷണിയാണെന്ന് അദ്ദേഹം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഹിന്ദുത്വമെന്ന അപകടത്തെ തരണം ചെയ്യാൻ ഉയർത്തെണീക്കണമെന്ന് സമൂഹത്തോട് തൻ്റെ രചനകളിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്തെ പ്രതിസന്ധിയിലാക്കുന്ന ആർഎസ്എസ്-ബിജെപി ഇടപെടലുകളെ, വർഗീയ രാഷ്ട്രീയത്തെ, മോദിയുടെ നയങ്ങളെയെല്ലാം നിശിതമായി വിമർശിച്ചുകൊണ്ടാണ് നൂറാനി തൻ്റെ രാഷ്ട്രീയ ഇടപെടലുകളിൽ കരുത്തു തെളിയിച്ചത്. ചാവേറുകൾക്ക് പ്രതിരോധിക്കാൻ കഴിയാത്തവിധം വസ്തുനിഷ്ഠമായ എഴുത്തുകളായിരുന്നു എക്കാലത്തേയും അദ്ദേഹത്തിൻ്റെ ആയുധം.
Also Read : 'ബഹുഭാര്യത്വം ഇല്ലാതാക്കുക അടുത്ത ലക്ഷ്യം'; അസമിൽ മുസ്ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷൻ ബിൽ പ്രാബല്യത്തിൽ
ആർഎസ്എസും ഗാന്ധിജിയും എന്ന തലക്കെട്ടിൽ, നിയമസാധുത തേടി ദേശീയ നായകന്മാരെ തിരഞ്ഞെടുക്കാനുള്ള സംഘപരിവാറിൻ്റെ വൈകിയ ശ്രമങ്ങളെ ആദ്ദേഹം തുറന്നെഴുതി. ഏറെ ചർച്ച ചെയ്യപ്പെട്ട ലേഖനമായിരുന്നു അത്. ഇന്ത്യയിലെ പബ്ലിക് പ്രോസിക്യൂട്ടർമാർ സർക്കാർ നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രരല്ലാത്തതിനാൽ നിയമക്കുരുക്കുകളുടെ ഇരകളാകുന്ന മുസ്ലീം സമുദായത്തെക്കുറിച്ചും നൂറാനി തൻ്റെ എഴുത്തുകളിലൂടെ പറഞ്ഞു.
പ്രധാനമന്ത്രി മോദിക്കെതിരെ തൻ്റെ തൂലികയിലൂടെ തുറന്ന പോരാട്ടമായിരുന്നു നൂറാനി നയിച്ചത്. പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 14 "വിഭജന ഭീതിയുടെ ഓർമ്മ ദിനം" ആയി പ്രഖ്യാപിച്ച നടപടി മുസ്ലീങ്ങളെയും മുസ്ലീം ലീഗിനെയും പഴിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും, ഒരു ഹിന്ദുരാഷ്ട്രത്തിൻ്റെ ശില്പിയായി ചരിത്രത്തിൽ ഇടം പിടിക്കാനാണ് നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്.
എന്നാൽ, ആ നീക്കത്തിൽ മോദി പരാജയപ്പെടുമെന്ന് നൂറാനി സധൈര്യം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിദേശ നയത്തിൽ മോദി കൊണ്ടുവന്ന ഹിന്ദുത്വ അജണ്ടയെ വിമർശിച്ച നൂറാനി പ്രധാനമന്ത്രിയെ തുഗ്ലക്കിനോട് ഉപമിച്ചു.മുസ്ലീം ആരാധനാലയങ്ങളെ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് നീക്കത്തിലെ ഗൂഢാലോചനകൾ ഉൾപ്പെടെ പൊളിച്ചുകാണിക്കുവാൻ അദ്ദേഹം തൻ്റെ രചനകളിലൂടെ നിരന്തരം പ്രരിശ്രമിച്ചുകൊണ്ടിരുന്നു.
ചരിത്ര രേഖകളും, വസ്തുതകളും നിരത്തിയുള്ള അദ്ദേഹത്തിൻ്റെ വാദങ്ങളെ ഖണ്ഡിക്കാൻ ആർഎസ്എസ്- ബിജെപി ക്യാമ്പുകൾക്ക് അത്ര എളുപ്പമായിരുന്നില്ല. അദ്ദേഹം ഉയർത്തിയ വാദങ്ങൾ വലിയ ചർച്ചകൾക്ക് തന്നെ തുടക്കമിട്ടു. കശ്മീർ വിഷയത്തിൽ അദ്ദേഹത്തിൻ്റെ നിലപാടുകൾ വിസ്മരിക്കാവുന്നതല്ല. രണ്ടുവർഷം വർഷം കൂടുമ്പോൾ നൂറാനി കശ്മീർ സന്ദർശിക്കുന്നത് പതിവായിരുന്നു. എന്നാൽ 2019ന് ശേഷം അദ്ദേഹം ഒരിക്കലും കശ്മീർ സന്ദർശിച്ചിട്ടില്ല. കശ്മീരിനേയും അവിടുത്തെ ഭക്ഷണത്തേയും സംസ്‌കാരത്തെയും സ്നേഹിച്ചിരുന്ന അദ്ദേഹം, അതിൻ്റെ പേരിൽ ഒരിക്കൽ ജയിലിൽ പോലും പോയിട്ടുണ്ട്.
Also Read; ഡി.കെ. ശിവകുമാറിന് ആശ്വാസം; സിബിഐ അന്വേഷണം തുടരാനുള്ള ഹർജി തള്ളി ഹൈക്കോടതി
കശ്മീരിലെ ഷെയ്ഖ് അബ്ദുള്ളയെ ദീര്‍ഘകാലം തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തിലും ജയലളിതയ്‌ക്കെതിരെ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ കേസിലും നൂറാനി ഹാജരായിട്ടുണ്ട്. ഈ കേസുകളില്‍ നൂറാനിയുടെ നിയമ വൈദഗ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ സങ്കീര്‍ണമായ നിയമ- രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് നൂറാനി നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. തൻ്റെ 93 വർഷക്കാലത്തെ ജീവിതത്തിനിടെ അദ്ദേഹം നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങൾ വിസ്മരിക്കാനാകാത്തതാണ്.
1930 സെപ്തംബർ 16ന് ബോംബെയിൽ ജനിച്ച നൂറാനി തൻ്റെ ജീവിതം ഉഴിഞ്ഞുവെച്ചത് രാഷ്ട്രീയ സാമൂഹിക ഇടപെടലുകൾക്കായിരുന്നു. ജെസ്യൂട്ട് സ്‌കൂളായ സെൻ്റ് മേരീസിലാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് മുംബൈയിലെ ഗവൺമെൻ്റ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി. ഇന്ത്യൻ സുപ്രീം കോടതിയിലും ബോംബെ ഹൈക്കോടതിയിലുമായി വ്യാപിച്ചു കിടക്കുന്നതായിരുന്നു അഭിഭാഷക ജീവിതം.
കോടതിമുറിക്ക് അപ്പുറത്തേക്കും അദ്ദേഹം തന്റെ ചിന്തകളെ തുറന്നുവിട്ടു. ഹിന്ദുസ്ഥാൻ ടൈംസ്, ദി ഹിന്ദു, ഡോൺ, ദി സ്റ്റേറ്റ്സ്മാൻ, ഫ്രണ്ട്ലൈൻ, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി , ദൈനിക് ഭാസ്കർ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിൻ്റെ ഉൾക്കാഴ്ചയുള്ള നിലപാടുകൾ കോളങ്ങളായി പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലെ നിയമവും രാഷ്ട്രീയവും സമൂഹവും തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലിൻ്റെ ആഴത്തിലുള്ള പര്യവേക്ഷണം കൂടിയായിരുന്നു അദ്ദേഹത്തിൻ്റെ എഴുത്തുകൾ.
ദി കശ്മീര്‍ ക്വസ്റ്റ്യന്‍സ്, മിനിസ്റ്റേഴ്‌സ് മിസ്‌കണ്ടക്ട്, ദി ട്രയല്‍ ഓഫ് ഭഗത് സിംഗ്, കോണ്‍സ്റ്റിറ്റ്യൂഷണല്‍ ക്വസ്റ്റ്യന്‍സ് ഓഫ് ഇന്ത്യ, ദി ആര്‍എസ്എസ് ആന്‍ഡ് ബിജെപി: എ ഡിവിഷന്‍ ഓഫ് ലേബര്‍ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ബദറുദ്ദീന്‍ തയാബ്ജി, ഡോ. സക്കീര്‍ ഹുസൈന്‍ തുടങ്ങിയ പ്രമുഖരുടെ ജീവചരിത്രങ്ങളും നൂറാനി രചിച്ചിട്ടുണ്ട്.