
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ടെൻഡർ കഴിഞ്ഞദിവസം തുറന്നു. ഭോപ്പാൽ കമ്പനിയായ ദിലീപ് ബിൽകോണിനാണ് കരാർ നൽകിയത്. ഗൊരഘ്പൂർ എക്സ്പ്രസ് വേയും വിജയവാഡ മച്ചിലിപട്ടണം ഹൈവേയും ഗുണ ആറുവരിപ്പാതയും നാഗ്പൂർ-മുംബൈ ഹൈവേയും ഒക്കെ നിർമിച്ച കമ്പനിയാണ്. ഋഷികേശിലും രാജസ്ഥാനിലെ കോട്ടയിലും ബിലാസ്പൂരിലുമെല്ലാം തുരങ്കപാതകൾ നിർമിച്ച പരിചയവുമുണ്ട്. പോരാത്തതിന് ഗുജറാത്തിലെ ഗ്രീൻഫ്രീൽഡ് വിമാനത്താവളത്തിന്‍റെ റൺവേ വരെ പണിതിട്ടുമുണ്ട്. 1341 കോടി രൂപയുടെ വയനാട് തുരങ്കപാത നിർമിക്കാൻ എന്തുകൊണ്ടും അർഹതയുണ്ട് എന്ന് അർത്ഥം.പോരെങ്കിൽ കൊങ്കൺ റയിൽവേ കോർപ്പറേഷന്‍റെ മേൽനോട്ടവുമുണ്ട്. സ്ഥലം ഏറെ മുൻപു തന്നെ ഏറ്റെടുത്തതാണ്. ഭരണാനുമതിയും ലഭിച്ചു. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊന്നും ഇതു വേണ്ട എന്നു പറഞ്ഞിട്ടില്ല. അതുകൊണ്ട് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. പക്ഷേ, കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനു പിന്നാലെയാണ് ഈ കരാർ തുറന്നത്. അതും ദുരന്തഭൂമിയോട് ഏറെ അകലെയല്ലാതെ കടന്നുപോകുന്ന പാത. ഇവിടെ ഇങ്ങനെയൊന്നു പണിയും മുൻപ്
സർക്കാർ സംവിധാനം തന്നെ ഉയർത്തുന്ന ആശങ്കകൾ നീക്കാൻ സർക്കാരിന് ബാധ്യതയില്ലേ?
മല തുരക്കും മുൻപ് ഒരു നിമിഷം
ഇപ്പോഴും എത്രേപേരാണ് മരിച്ചത് എന്നുപോലും തിട്ടമില്ലാത്ത ദുരന്തമാണ് സമീപ പ്രദേശത്ത് നടന്നത്. അതു നടന്നു മുപ്പത്തിയഞ്ചാം ദിവസമാണ് മലതുരന്ന് രാജ്യത്തെ തന്നെ മൂന്നാമത്തെ വലിയ തുരങ്കം നിർമിക്കാൻ ഒരുങ്ങുന്നത്. എട്ടു കിലോമീറ്ററും 753 മീറ്ററും നീളമുള്ള ഇരട്ടത്തുരങ്കം. ഈ തുരങ്കപാതയെക്കുറിച്ച് സംസ്ഥാനത്തെ ഔദ്യോഗിക വിദഗ്ധ സമിതിയായ സ്റ്റേറ്റ് എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റിയുടെ യോഗത്തിന്‍റെ മിനുട്സ് ന്യൂസ് മലയാളം പൊതുജനങ്ങൾക്കു മുന്നിൽ വയ്ക്കുകയാണ്. മേയിൽ ചേർന്ന യോഗം അത്യന്തം ഗുരുതരമാണെന്നു വിലയിരുത്തി പ്രദേശത്ത് നേരിട്ട് പരിശോധന നടത്താൻ തീരുമാനിച്ചു. പരിശോധനയ്ക്കു ശേഷം യോഗം ഉന്നയിച്ച ആശങ്കകളാണ് ജൂണിൽ ചേർന്ന യോഗത്തിലെ മിനുട്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
തുരങ്കപാതയും മൃഗങ്ങളും
ആർ. അജയകുമാർ വർമ അധ്യക്ഷനായ സമിതി മേയ് 22ന് പ്രദേശം സന്ദർശിച്ചു തയ്യാറാക്കിയ വിവരങ്ങളാണ് ജൂൺ 11 മുതൽ 13 വരെ നടന്ന യോഗത്തിൽ പരിഗണിച്ചത്. പദ്ധതി പ്രദേശം ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളി വളരെ വലുതാണ് എന്നാണ് പ്രധാന വിലയിരുത്തൽ. നിർദിഷ്ട ടണലിനു സമീപമുള്ള പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത വളരെ കൂടുതലാണ്. ഹൈ എന്നാണ് മിനുട്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രദേശത്തെ നാലിലൊന്നും അഥവാ 26.54 ശതമാനം സ്ഥലവും ഉയർന്ന മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയാണ്. കൂടാതെ 35.67 ശതമാനം സ്ഥലത്തും മണ്ണിടിച്ചിൽ സാധ്യത കരുതിയിരിക്കണം. അതായത് മോഡറേറ്റ് സാധ്യത എന്ന് അർത്ഥം. പദ്ധതി പ്രദേശം കാലവർഷ കാലത്ത് അടിക്കടി മണ്ണിടിച്ചിൽ ഉണ്ടാകുന്ന മേഖലയാണ് എന്നതാണ് അടുത്ത പരാമർശം. മേഖലയിൽ നടത്തിയ സ്റ്റെബിലിറ്റി അനാലിസിസ് അഥവാ സ്ഥിരതാ പരിശോധനയിൽ പദ്ധതി പരാജയപ്പെടാൻ സാധ്യതയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. താഴെയുള്ള പാറകളിലേക്ക് മണ്ണിടിഞ്ഞ് എത്താനും സാധ്യതയുണ്ട്. പുത്തുമല വെറും മുക്കാൽ കിലോമീറ്റർ മാത്രം അകലെയാണെന്ന ഓർമപ്പെടുത്തലും ഈ മിനിട്സിലുണ്ട്. ഇപ്പോഴത്തെ ചൂരൽമല ഉരുൾപൊട്ടലിന് ഒന്നര മാസം മുൻപായിരുന്നു യോഗം എന്നു മറക്കാതിരിക്കാം. അതുകൊണ്ട് 2019ൽ നടന്ന പുത്തുമല ദുരന്തത്തെക്കുറിച്ചുമാത്രമാണ് ഈ മിനുട്സ് പരിഗണിച്ചത്.
പരിസ്ഥിതി ലോല പ്രദേശത്തെ പദ്ധതി
പരിസ്ഥിതി ലോല പ്രദേശത്താണ് പദ്ധതി എന്നാണ് അഞ്ചാമത്തെ പരാമർശം. പദ്ധതി കടന്നുപോകുന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും വയനാട്ടിലെ വെള്ളരിമലയും അതീവ പരിസ്ഥിതി ദുർബല മേഖലകളാണ്. നിർമാണം വളരെ അപകടകരമായ വെള്ളരിമലയിലെ സർവേ നമ്പർ 53, 260, കോടഞ്ചേരിയിലെ സർവേ നമ്പർ 163 എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. ഏട്ടേമുക്കാൽ കിലോമീറ്ററുള്ള പദ്ധതിയുടെ അഞ്ചേമുക്കാൽ കിലോമീറ്ററും വനമേഖലയിലാണ്. 17 ഹെക്ടർ വനഭൂമിയാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. അരണമലയിലെ കാട്ടുനായ്ക്ക വിഭാഗത്തിലെ 27 ഗോത്ര കുടുംബങ്ങളേയും പദ്ധതി ബാധിക്കും. 32 ഗോത്ര സങ്കേതങ്ങൾ പദ്ധതിയോട് ചേർന്നാണ്. ഇതിനെല്ലാം പുറമെ നീലഗിരി ബയോസ്പിയറിലെ പരിസ്ഥിതി വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ പ്രദേശമാണ് 10 കിലോമീറ്റർ ചുറ്റളവിലുള്ളത്. പദ്ധതി നടപ്പാക്കുമ്പോൾ വലിയതോതിൽ മണ്ണിടിച്ചിലും പാറവീഴാനുള്ള സാധ്യതയും പ്രതീക്ഷിക്കണം. ഈ പദ്ധതി മൂലം രാജ്യത്തെ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന ബാണാസുര ചിലപ്പൻ എന്ന പക്ഷിവർഗത്തിന് ഉണ്ടാകാവുന്ന ആഘാതവും പഠിച്ചിട്ടില്ല.
നിർത്തിവയ്ക്കാനല്ല, ഒന്നു മെല്ലെപ്പോകാൻ
പരിസ്ഥിതി അപ്രെയ്സൽ കമ്മിറ്റി പദ്ധതിയിൽ നിന്ന് പിന്നോട്ടുപോകാൻ പറയുന്നില്ല. പക്ഷേ, ഇവയ്ക്കൊക്കെ എന്തു സംഭവിക്കും എന്നു വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എല്ലാത്തിനും പരിഹാരം കാണണമെന്നാണ്. ഇങ്ങനെ ഒരു തുരങ്കം പണിയുന്നതിലൂടെ, അതിലൂടെ വാഹനങ്ങൾ ഇരമ്പിപ്പായുന്നതിലൂടെ പ്രദേശത്തേക്ക് പുതിയതായി എത്താൻ ഇടയുള്ള സസ്യങ്ങളും ജീവിജാലവും ഉണ്ടാക്കുന്ന മാറ്റം എന്താണെന്നു പഠിച്ചിട്ടില്ലെന്നും മിനുട്സ് പറയുന്നു. മേപ്പാടിയിലെ നിർദിഷ്ട തുരങ്കമുഖത്തുകൂടി സഞ്ചരിച്ചിരുന്ന ആനകളും മറ്റും പദ്ധതി നിർമാണം തുടങ്ങുന്നതോടെ വഴിമാറും. ഇത് ഗ്രാമങ്ങളിൽ പുതിയ ആക്രമണത്തിനും സാധ്യതയുണ്ടാക്കുന്നു. ഇത് എങ്ങനെ പരിഹരിക്കും എന്നും വ്യക്തമാക്കണം. തുരങ്കം അടഞ്ഞാൽ ജനാധിവാസ മേഖലകളിലൂടെയാകും ആനകൾ കുപ്പാച്ചി വനത്തിലേക്കു പോവുക എന്നു മറക്കരുത് എന്നും മിനുട്സിൽ എഴുതിവച്ചിട്ടുണ്ട്. പരിസ്ഥിതി അനുമതിക്കുള്ള മിനുട്സിൽ എഴുതുന്നതൊക്കെ വഴിപാടു കഴിക്കുന്നതുപോലുള്ള സംഭവമാണ് എന്നു കരുതുന്നവരാണ് രാഷ്ട്രീയ നേതൃത്വത്തിൽ നല്ല പങ്കും. അതുകൊണ്ടാണ് മുഖ്യധാര പാർട്ടികളൊന്നും വിഷയത്തിൽ ഇടപെടാത്തത്. ഇത്ര വലിയ അപകടം ഉണ്ടായതിനു പിന്നാലെ സംസ്ഥാന സർക്കാരിന്‍റെ സ്റ്റേറ്റ് ലെവൽ എക്സ്പർട്ട് കമ്മിറ്റി ഉയർത്തിയ ആശങ്കകൾക്ക് എങ്കിലും മറുപടി ഉണ്ടാകും എന്നു കരുതാം.