ഒരു വനിതാ നേതാവിനായി അണികൾ ആവേശം കൊള്ളുമ്പോൾ അതൊരു മാറ്റത്തിന്‍റെ തുടക്കം കൂടിയാണ്
പ്രിയങ്ക ഗാന്ധി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇനിയെങ്കിലും അനിവാര്യമായ ഒരു മാറ്റമാണ് വയനാട്ടിൽ സംഭവിക്കുന്നത്. പാരമ്പര്യത്തിന്‍റെ പ്രിവിലിജ് കൊണ്ടാണെന്നു വിമർശിച്ചാലും രാജ്യത്തിന്‍റെ നേതൃനിരയിലേക്ക് ഒരു വനിതയുടെ കടന്നുവരവാണ് അവിടെ കാണുന്നത്. ഇന്ദിരാഗാന്ധി വന്നപ്പോൾ അനുസരണയോടെ നിന്ന മന്ത്രിമാരെ കിച്ചൺക്യാബിനറ്റ് അംഗങ്ങൾ എന്ന് അധിക്ഷേപിച്ച പുരുഷ കേസരികളുടെ രാജ്യമാണ്. ഇവിടെ രാഷ്ട്രീയത്തിലെ മറ്റു വനിതകൾക്കെല്ലാം താലമെടുക്കാനും കുരവയിടാനുമുള്ള പ്രാതിനിധ്യമേ ഇതുവരെ ഉണ്ടായിരുന്നുള്ളു. ഒരു പാരമ്പര്യവുമില്ലാതെ മാർഗരറ്റ് താച്ചറും തെരേസ മേയും ലിസ് ട്രസും ബ്രിട്ടനിലും അഞ്ചലോ മാർക്കൽ ജർമനിയിലും എലസബത്ത് ബോണെ ഫ്രാൻസിലും മഗ്ദലീന ആൻഡേഴ്സൺ സ്വീഡനിലും സന്ന മാരിൻ ഫിൻലൻഡിലും എത്തിയതു ലോകം കണ്ടു. അതുപോലെ എത്രയോ പേർ. ലോകത്തെ ഏറ്റവും പാരമ്പര്യമുള്ള ജനാധിപത്യമായ അമേരിക്കയിൽ ആദ്യമായി കമലാ ഹാരിസ് ആ പദവിയിലേക്ക് ഒരു പടി അടുത്തു നിൽക്കുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള മാതാവ്. ജമൈക്കയിൽ നിന്നുള്ള പിതാവ്. അമേരിക്കയിൽ ജനനം. രാഷ്ട്രീയ പാരമ്പര്യത്തിന്‍റെ എല്ലാ കണക്കുകളും അസ്ഥാനത്താക്കിയാണ് കമലാ ഹാരിസ് ആദ്യം വൈസ് പ്രസിഡന്‍റായത്. ഇപ്പോൾ പ്രസിഡന്‍റ് സ്ഥാനത്തേക്കു മുന്നിൽ നിൽക്കുന്നത്. അങ്ങനെ വനിതകൾക്കു വളർന്നുവരാവുന്ന രാഷ്ട്രീയ കാലാവസ്ഥയിലേക്കെത്താൻ ഇന്ത്യ ഇനിയും ഒരുപാടു മാറേണ്ടതുണ്ട്. എങ്കിലും പ്രിയങ്ക നൽകുന്ന സന്ദേശം പ്രതീക്ഷാ നിർഭരമാണ്.
വയനാടുവഴി പ്രിയങ്ക
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ രണ്ടുപതിറ്റാണ്ടു നയിച്ചത് സോണിയാ ഗാന്ധിയല്ലേ എന്ന ചോദ്യം ഉയരും. രണ്ടുവട്ടം പ്രധാനമന്ത്രിസ്ഥാനം വേണ്ടെന്നു വച്ചതല്ലേ എന്നും പറയുന്നതുകേൾക്കാറുണ്ട്. സോണിയാ ഗാന്ധിയുടെ നിയമനം ഒരു പ്രാണപ്രതിഷ്ഠപോലെ പ്രതീകാത്മകമായിരുന്നു. പിളർന്ന് നൂറ്റിയെട്ടു കഷണമാകാതിരിക്കാൻ നേതാക്കൾ കണ്ടെത്തിയ അത്താണി. പ്രധാനമന്ത്രിസ്ഥാനം സോണിയാ ഗാന്ധി വേണ്ടെന്നു വച്ചതുപോലും ഇറ്റലിക്കാരിയെന്ന പേരിൽ ചുറ്റും വെറുപ്പ് വിതയ്ക്കപ്പെടും എന്ന് അറിഞ്ഞുകൊണ്ടാണ്. തമിഴ്നാട്ടിൽ നിന്നു വന്ന ശ്യാമള ഗോപാലന്‍റെ മകൾ കമലയെ അംഗീകരിക്കുന്ന അമേരിക്കക്കാരെപ്പോലെ വിശാലഹൃദയം നമ്മുടെ ജനതയ്ക്ക് ഇനിയും ഉണ്ടായിട്ടില്ല. പക്ഷേ പ്രിയങ്കയുടെ ഈ വരവ് വ്യത്യസ്തമാണ്. കഴിഞ്ഞ 20 വർഷമായി മുഖ്യധാരയിൽ തന്നെയുണ്ട്. രാഷ്ട്രീയമായും വ്യക്തിപരമായും കടുത്ത ആക്രമണം നേരിട്ടു തന്നെയാണ് പ്രചാരണ വേദികളിൽ നിറഞ്ഞു നിന്നത്. രാഹുൽ ഗാന്ധിയുടെ കുഞ്ഞുപെങ്ങളായി ആ നിഴലിൽ നിൽക്കുകയുമായിരുന്നില്ല ഇതുവരെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും വാക്കുകൊണ്ടു നേരിട്ടു പടവെട്ടി തന്നെയാണ് തുടരുന്നത്. ചിലഘട്ടങ്ങളിലെങ്കിലും രാഹുൽ ഗാന്ധിയേക്കാൾ കടുത്ത വാക്കുകൾ ഉപയോഗിച്ചു തന്നെയാണ് നിലയുറപ്പിച്ചത്. അംബികാ സോണിയും സുഷമാ സ്വരാജും മുതൽ സ്മൃതി ഇറാനിയും നിർമലാ സീതാരാമനും വരെ നിന്ന നിൽപ്പല്ല പ്രിയങ്കയുടേത്. ഇന്ത്യയിൽ കഴിഞ്ഞ ഏഴു ബജറ്റുകൾ അവതരിപ്പിച്ചിട്ടും നിർമല സീതാരാമൻ എന്ന പേര് അറിയാത്ത അനേകർ ഉണ്ടാകും. എന്നാൽ പ്രിയങ്കയെ അറിയാത്തവർ ഉണ്ടാകാൻ ഇടയില്ല.ഒറ്റയ്ക്ക് രാജ്യത്തിന്‍റെ ഭാഗധേയം നിർണയിക്കാൻ മാത്രം സ്വാധീനമുള്ള നേതാവാണ് ഇന്ന് പ്രിയങ്ക.
ALSO READ: യെച്ചൂരിക്കു ശേഷമുള്ള സിപിഎം; വരുമോ ആദ്യ വനിതാ ജനറൽ സെക്രട്ടറി?
പ്രിയങ്കയുടെ കുടുംബപാരമ്പര്യം
ഇപ്പോൾ ഇറ്റലിയിൽ ജോർിജിയ മെലോനിയും സ്ലോവേനിയയിൽ നടാഷാ മുസറും ബോസ്നിയയിൽ ബോർജാനോ ക്രിസ്റ്റോയും ഡോമിനിക്കയിൽ സിൽവാനി ബർട്ടനും ശ്രീലങ്കയിൽ ഹരിണി അമരസൂര്യയും മെക്സിക്കോയിൽ ക്ലോഡിയ ഷെയ്ൻബാമും ഒക്കെ അധികാരത്തിലുണ്ട്. വേറേയും ഒരു ഡസൻ രാജ്യങ്ങളിൽ കൂടിയുണ്ട് സ്ത്രീകൾ രാഷ്ട്രനായക പദവിയിൽ. ഇന്ത്യയിൽ അതുപോലെ ഒരു സാഹചര്യം ഉണ്ടാകാത്തത് മതപരമായ വിലക്കുകൊണ്ടല്ല. എല്ലാ മതങ്ങളിലേയും പുരുഷന്മാർ ഇവിടെ സ്ത്രീകൾ അധികാരസ്ഥാനത്ത് എത്തുന്നതിന് എതിരാണ് എന്നതുകൊണ്ടാണ്. 33 ശതമാനം സംവരണമൊക്കെ ഇനിയും സാധ്യമാകുമോ എന്ന് ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജൻഡർ ഇക്വാലിറ്റി അധവാ ലിംഗസമത്വം ഒരു പ്രത്യയശാസ്ത്രമായി പോലും മുഖ്യധാരാ പാർട്ടികളൊന്നും പറയുന്നില്ല. നെഹ്റുവിന്‍റെ ഒരേയൊരു മകൾ എന്ന നിലയിൽ ഇന്ദിരാഗാന്ധി വളർന്നുവന്ന സാഹചര്യം വ്യത്യസ്തമാണ്. സോണിയാ ഗാന്ധിക്ക് പാർട്ടി അധ്യക്ഷ സ്ഥാനം നൽകിയതുപോലെ തന്നെ ഒരു അനിവാര്യതയായിരുന്നു ഇന്ദിരാഗാന്ധിയുടെ സ്ഥാനാരോഹണവും. മമത ബാനർജിയെ അംഗീകരിക്കുന്ന ബംഗാളി ജനതയുണ്ട്. ജയലളിതയെ അംഗീകരിച്ചിരുന്ന തമിഴ് ജനതയുമുണ്ട്. ആ രണ്ടു സമൂഹത്തിന്‍റേയും ധാർമിക ശക്തി പുരോഗമനം ഉണ്ട് എന്ന് പറയുന്ന മലയാളികൾക്കു പോലും ഇല്ല. ഗൗരിയമ്മയ്ക്ക് ഇവിടെ മുഖ്യമന്ത്രിയാകാൻ കഴിയാതെ പോയത് ആ മനോഭാവം കൊണ്ടാണ്. പക്ഷേ ഇപ്പോൾ പ്രിയങ്കയ്ക്കായി മുഴങ്ങുന്ന ആ ജയ് വിളികൾ ഒരു പ്രതീക്ഷയാണ്. ഒരു വനിതാ നേതാവിനായി അണികൾ ആവേശം കൊള്ളുമ്പോൾ അതൊരു മാറ്റത്തിന്‍റെ തുടക്കം കൂടിയാണ്.
ALSO READ: ആർഎസ്എസിനും ഇടതിനും ഇടയിൽ എന്തിന് എഡിജിപി?
മാറണം പൊതുജീവിതവും
രാഷ്ട്രീയത്തിലെ മാത്രമല്ല, കലാസാഹിത്യ രംഗത്തേയും ഉദ്യോഗസ്ഥ തലത്തിലേയും വനിതകളോട് ഒരു പ്രതിപത്തിക്കുറവ് കാണിക്കുന്ന സമൂഹമാണ് നമ്മുടേത്. നമ്മുടെ കലാകാരികളെ സിനിമ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ കണ്ടതാണ്. രാഷ്ട്രീയത്തിലും അത്തരം സമീപനങ്ങളിൽ മാറ്റമില്ലെന്ന തുറന്നുപറച്ചിലുകളും പിന്നാലെ ഉണ്ടായി. പകുതിയിലേറെ സ്ത്രീകൾ വോട്ടർമാരായുള്ള ഒരു സമൂഹത്തിൽ കൂടുതൽ സ്ത്രീകൾക്കു മുന്നേറ്റ നിരയിലേക്കു വരാനുള്ള പ്രചോദനമാണ് പ്രിയങ്ക. വയനാട്ടിൽ ഈ ദിവസങ്ങളിൽ ഉയരുന്ന മുദ്രാവാക്യങ്ങൾ തന്നെ മനോഹരമാണ്. നെഹ്റു കുടുംബത്തോടുള്ള വിധേയത്വമായി മാത്രം അതിനെ എടുക്കേണ്ടതില്ല. പ്രിയങ്ക എന്ന സ്ത്രീ കൂടിയാണ് അംഗീകരിക്കപ്പെടുന്നത്. ജലവിതരണ പദ്ധതികൾക്കും വെയ്റ്റിങ്ഷെഡുകൾക്കും പണം അനുവദിക്കാനുള്ള കേവലം ഒരു എംപിയെയല്ല വയനാട്ടിൽ നിന്ന് മുന്നോട്ടുവയ്ക്കുന്നത്. കോൺഗ്രസ് ഇനി ശരിക്കും ഇരട്ട എൻജിനിൽ ഓടുകയാണ്. ആ ആങ്ങളയും പെങ്ങളും രാജ്യത്തെ നയിക്കുകയോ നയിക്കാതിരിക്കുകയോ ചെയ്യട്ടെ. അതിലും പ്രധാനം ഇരുവരും ഇന്ത്യൻ രാഷ്ട്രീയത്തിൽ നൽകുന്ന സന്ദേശമാണ്. അത് സ്നേഹത്തിന്‍റേയും ചേർത്തു നിർത്തലിന്‍റേതുമാണ്. നഖശിഖാന്തം എതിർക്കുന്ന രാഷ്ട്രീയ എതിരാളികളെപ്പോലും കളങ്കമില്ലാത്ത ചിരിയുമായി ചെന്നു കെട്ടിപ്പിടിക്കുന്ന മനോഭാവമാണ്. ആ സ്നേഹ സന്ദേശത്തിന് ഇന്ന് വളരെയേറെ മൂല്യമുണ്ട്.