വിവാഹമോ വീടുതാമസമോ മരണമോ ഒക്കെ ഉണ്ടാകുമ്പോൾ സന്ദർശിക്കുന്നതുപോലെ ലളിതമാണോ ഒരു പൂജയ്ക്കായി പ്രധാനമന്ത്രി എത്തുന്നത്?
ഇന്ത്യൻ നീതിന്യായ സംവിധാനത്തിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഉണ്ടായ വെള്ളിനക്ഷത്രം എന്നൊക്കെ വിളിക്കാവുന്നത്ര ശോഭയുള്ളയാളാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ചന്ദ്രചൂഡ് എഴുതിയ ഭൂരിപക്ഷം വിധികളും മനുഷ്യാവകാശങ്ങളോടുചേർന്നു നിൽക്കുന്നതും അഴിമതിയോടു സന്ധിചെയ്യാത്തവയും ആയി പുകഴ്ത്തപ്പെട്ടു. സുപ്രീം കോടതിയുടെ ചരിത്രത്തിലെ മികച്ച വിധികൾ എടുത്താൽ അതിൽ മുൻനിരയിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ ഒരു ഡസൻ വിധികൾ എങ്കിലും ഉണ്ടാകും. എന്നാൽ ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ വീട്ടിൽ പ്രധാനമന്ത്രി എത്തുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കുക? വിവാഹമോ വീടുതാമസമോ മരണമോ ഒക്കെ ഉണ്ടാകുമ്പോൾ സന്ദർശിക്കുന്നതുപോലെ ലളിതമാണോ ഒരു പൂജയ്ക്കായി പ്രധാനമന്ത്രി എത്തുന്നത്?
ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെ പിഎം ആരാധന
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൃത്യം 60 ദിവസം കഴിഞ്ഞാൽ വിരമിക്കുകയാണ്. അതിനു മുൻപ് ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്ന ബഞ്ചിലും ഭരണഘടനാ ബഞ്ചിലും ഒരുപിടി ശ്രദ്ധേയമായ കേസുകൾ പരിഗണിക്കാനുണ്ട്. വിരമിച്ചതിനു ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർ പല പദവികളിൽ എത്തുന്നതും കാണാറുണ്ട്. മനുഷ്യാവകാശ കമ്മീഷനും നിയമപരിഷ്കാര കമ്മീഷനും ഉൾപ്പെടെ നിയമനങ്ങൾക്കു പുറമെ കേരള ഗവർണർ ആയ മുൻ ചീഫ് ജസ്റ്റിസ് പി സദാശിവത്തേയും രാജ്യം കണ്ടതാണ്. നവീകരണ വാദിയായി ആഘോഷിക്കപ്പെടുന്ന ചീഫ് ജസ്റ്റിസ് ആണ് ചന്ദ്രചൂഡ്. വ്യക്തി സ്വാതന്ത്ര്യത്തിൽ മാത്രമല്ല മറ്റു ഭരണാഘടനാ വിഷയങ്ങളിൽ കൂടി ചേർന്ന് 68 വിധിന്യായങ്ങൾ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എഴുതിയിട്ടുണ്ട്. സ്വകാര്യതയെ ഉയർത്തിപ്പിടിച്ച് ഒൻപതംഗ ബഞ്ചിനായി എഴുതിയ 2017ലെ വിധി മതി ചന്ദ്രചൂഡിന്‍റെ നവീകരണ ആശയങ്ങൾ മനസ്സിലാക്കാൻ. ഹാദിയയ്ക്ക് അനുകൂലമായി എഴുതിയ വിധിയും വ്യക്തി സ്വാതന്ത്യ്രത്തിന് കിരീടം നൽകുന്നതായിരുന്നു. പക്ഷേ, രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആ വസതി സന്ദർശിച്ചതിനു പിന്നാലെ സംശയാസ്പദമായ വിധികളുടെ ഒരു ഘോഷയാത്രയാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നുവരുന്നത്.
സംശയനിഴലിൽ നിർത്തിയ 'വിധികൾ'
ഇലക്ടറൽ ബോണ്ട് കേസിൽ വിധിയെഴുതിയ ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി. ഭീമ കൊറെഗാവ് കേസിൽ കേന്ദ്രസർക്കാരിനെ തുണച്ച വിധിയും വിവാദത്തിലായി. അയോധ്യ ഭൂമി ഹിന്ദു വിഭാഗത്തിനു മാത്രമായി കൊടുത്ത വിധിയിലെ പങ്കാളിത്തവും ചോദ്യം ചെയ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപണ വിധേയനായ സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ജസ്റ്റിസ് ലോയയുടെ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയതും ജസ്റ്റിസ് ചന്ദ്രചൂഡ് ആണ്. അങ്ങനെ നവീകരണ വാദത്തിന്‍റെ നിരവധി വിധികൾ ചൂണ്ടിക്കാണിക്കാൻ ഉള്ളപ്പോഴും വിമർശിക്കപ്പെട്ട വിധികളും ജസ്റ്റിസ് ചന്ദ്രചൂഡിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്‍റെ വസതി സന്ദർശിച്ചത് ചർച്ചയാകുന്നത്.
എന്താണ് പെരുമാറ്റച്ചട്ടം?
സുപ്രീം കോടതിയുടെ ഫുൾ കോർട്ട് 1997ൽ അംഗീകരിച്ച പെരുമാറ്റച്ചട്ടമാണ് ഇപ്പോൾ ന്യായാധിപന്മാർക്കു ബാധകമായിട്ടുള്ളത്. അതിന്‍റെ ഒന്നാമത്തെ നിർദേശം തന്നെ ശ്രദ്ധേയമാണ്. ഉന്നത നീതിപീഠത്തിലെ ന്യായാധിപന്മാർ പെരുമാറ്റം കൊണ്ടോ പ്രസ്താവന കൊണ്ടോ ഏതെങ്കിലും പക്ഷം ചേരുന്നതായി ജനതയ്ക്കു തോന്നരുത് എന്നാണ്. സുപ്രീംകോടതിയിലെ ആണെങ്കിലും ഹൈക്കോടതിയിലെ ആണെങ്കിലും ഏതു ജഡ്ജിയും സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത് ഒന്നും ചെയ്യാൻ പാടില്ല എന്നാണ് അടുത്തവരി. വിവാദമായേക്കാവുന്നതും പക്ഷപാതപരവുമായേക്കാവുന്നതുമായ എല്ലാത്തിനോടും അലൂഫ്നെസ് അഥവാ അകൽച്ച പാലിക്കണം എന്നാണ് ഈ പെരുമാറ്റച്ചട്ടത്തിൽ പറയുന്നത്. പ്രധാനമന്ത്രിയെ പൂജയ്ക്കു ക്ഷണിച്ചു വരുത്തിയതിലൂടെ അതു ലംഘിക്കപ്പെട്ടു എന്നാണ് വിമർശനം.
ചരിത്രം പറയുന്നതെന്ത്?
കത്തെഴുതി വിവാദത്തിലായ ഏതാനും ചീഫ് ജസ്റ്റിസുമാരുണ്ട് ചരിത്രത്തിൽ. നെഹ്റു ഇന്ത്യയുടെ അന്തസ്സ് രാജ്യാന്തരതലത്തിൽ ഉയർത്തി എന്ന് 1953ൽ കത്തെഴുതിയ ബോംബെ ഹൈക്കോടതി ജഡ്ജി എം.സി ഛഗ്ലയുണ്ട്. ആ ഛഗ്ള പിന്നീട് ഇന്ത്യയുടെ അമേരിക്കയിലെ അമ്പാസഡർ ആയി നിയമിതനായി. പിന്നീട് കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി. 1980ൽ ഇന്ദിരാഗാന്ധി ഭരണത്തിൽ തിരിച്ചുവന്നപ്പോൾ ഇന്ദിരയ്ക്കു മാത്രമെ ഇന്ത്യയെ രക്ഷിക്കാനാകൂ എന്ന് ജസ്റ്റിസ് പി.എൻ ഭഗവതി കത്തെഴുതി. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം നിരവധി ജഡ്ജിമാർ വിവാദവിധികളും പ്രസ്താവനകളും നടത്തി. മേഘാലയ ഹൈക്കോടതിയിലെ ജസ്റ്റിസ് സുദീപ് രഞ്ജൻ 2018ൽ എഴുതിയ വിധിയിലെ ഒരു വാചകം തന്നെ വിവാദമായി. മോദിയെപ്പോലെ ഒരു ഭരണാധികാരി ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ത്യ മുസ്ലിം രാഷ്ട്രമാകും എന്നായിരുന്നു ആ നിരീക്ഷണം. ജനലക്ഷങ്ങൾ സ്നേഹിക്കുന്ന ഇന്ത്യയുടെ നേതാവ് എന്നാണ് പറ്റ്ന ഹൈക്കോടതിയിലെ ജസ്റ്റിസ് എം.ആർ. ഷാ വിശേഷിപ്പിച്ചത്. നരേന്ദ്ര മോദി ബഹുമുഖ പ്രതിഭയാണെന്നു വിശേഷിപ്പിച്ച ജസ്റ്റിസ് അരുൺ മിശ്ര പിന്നീട് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി. സർക്കാരിന് അനുകൂലമായി വിധി എഴുതുന്നു എന്ന പഴി കേട്ട ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭാ അംഗമാകുന്നതും കണ്ടു.
പൂജയും പ്രധാനമന്ത്രിയും
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഉൾപ്പെട്ട ബഞ്ച് വിധിയെഴുതിയ അയോധ്യയിൽ ക്ഷേത്രം നിർമിച്ച് പ്രതിഷ്ഠയും ആദ്യ പൂജയും നടത്തിയത് പ്രധാനമന്ത്രിയാണ്. ആ ചീഫ് ജസ്റ്റിസിന്‍റെ വസതിയിലാണ് ആരതി ഉഴിയാൻ പ്രധാനമന്ത്രി രാവിലെ എത്തിയത്. ഒരു പൂജ നടത്തുന്നിടത്തു പോകുന്നതിന് എന്താണ് കുഴപ്പം എന്ന ചോദ്യം ഒട്ടും നിഷ്കളങ്കമല്ല. പൂജ നടക്കുന്നത് ചീഫ് ജസ്റ്റിസിന്‍റെ വസതിയിലും പോകുന്നത് പ്രധാനമന്ത്രിയും എന്നതാണ് പ്രശ്നം. ഭരണ സംവിധാനങ്ങളോട് ചീഫ് ജസ്റ്റിസ് അടുപ്പം കാണിച്ചാൽ പിന്നീട് എഴുതുന്ന വിധികളെ ജനത വിശ്വസിക്കുമോ? എഴുതിക്കഴിഞ്ഞ വിധികളേയും സംശയിക്കില്ലേ? ആ സംശയമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. സർക്കാരിന് ഏറ്റവും അനുകൂലമാകേണ്ട കേസുകളിൽ പോലും ഇനി സംശയം ഉണ്ടാകില്ലേ. കത്തെഴുതിയ ചീഫ് ജസ്റ്റിസുമാരേക്കാൾ വിവാദമുണ്ടാക്കുകയാണ് പ്രധാനമന്ത്രിക്കു നൽകിയ ക്ഷണം. അത്തരമൊരു ക്ഷണം കിട്ടിയാൽ സ്വീകരിക്കില്ല എന്നു പറയാൻ നിലപാടും തന്‍റേടവുമുള്ള നേതാക്കൾ ഇല്ലാത്തപ്പോൾ പ്രത്യേകിച്ചും. നീതി ഇങ്ങനെ സംശയത്തിലാക്കരുത്.