
അവസാന ദിനം കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കി. കളി സമനിലയിലാക്കാന്‍ സറേയുടെ കൈവശമുള്ളത് വെറും ഒരു വിക്കറ്റ്. കൗണ്ടി ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ത്രില്ലറുകളിലൊന്നായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷിയായത്. അവസാന നിമിഷം വരെ സറേയ്ക്ക് മേല്‍ സമ്മര്‍ദം ഇരട്ടിപ്പിച്ച് സോമര്‍സെറ്റ് നായകൻ ബാറ്റര്‍ക്ക് ചുറ്റും 10 ഫീല്‍ഡര്‍മാരേയും നിര്‍ത്തി. ആ ഫീല്‍ഡ് പ്ലേസ്മെന്റ് സമ്മര്‍ദം വെറുതെയായില്ല. ഒടുവില്‍ അവസാന പന്തില്‍ വിക്കറ്റ് വീഴ്ത്തി സോമര്‍സെറ്റിന് ത്രസിപ്പിക്കുന്ന ജയം.
സറേയുടെ ഡാനിയേല്‍ വോറല്‍ ആയിരുന്നു അവസാന ദിനത്തിലെ അവസാന ഓവര്‍ നേരിടാന്‍ ക്രീസിലുണ്ടായിരുന്നത്. ബൗളർ ജാക്ക് ലീച്ച്. ജാക്ക് ലീച്ച് ഡെലിവർ ചെയ്ത മികച്ചൊരു ഓഫ് കട്ടര്‍ ചെന്നു പതിച്ചത് വോറലിന്റെ പാഡിലായിരുന്നു. സോമര്‍സെറ്റിന്റെ എല്ലാ താരങ്ങളും ഒരേസ്വരത്തിൽ അപ്പീല്‍ ചെയ്തു. അംപയര്‍ക്കും തീരുമാനം എടുക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. ആ വിധി ഔട്ട് എന്നായിരുന്നു. സോമര്‍സെറ്റ് ചരിത്ര ജയം തൊട്ടു.
ആദ്യം ബാറ്റ് ചെയ്ത സോമര്‍സെറ്റ് ആദ്യ ഇന്നിംഗ്സിൽ 317 റണ്‍സെടുത്തിരുന്നു. സറെ ഒന്നാം ഇന്നിങ്സില്‍ സോമര്‍സെറ്റിന്റെ സ്കോര്‍ മറികടന്ന് 321 റണ്‍സ് കണ്ടെത്തി. ടോം കറന്‍, ബെന്‍ ഗെഡ്ഡെസ്, റയാന്‍ പട്ടേല്‍ എന്നിവരുടെ അര്‍ധ ശതകമാണ് ഒന്നാം ഇന്നിങ്സില്‍ സറെയെ തുണച്ചത്. രണ്ടാം ഇന്നിങ്സില്‍ സോമര്‍സെറ്റിനെ 224 റണ്‍സിന് പുറത്താക്കാന്‍ സറേയ്ക്ക് സാധിച്ചെങ്കിലും സറെ ബാറ്റിങ് നിര 109 റണ്‍സിന് തകര്‍ന്ന് തരിപ്പണമായി. അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ ജാക്ക് ലീച്ചും ആര്‍ച്ചി വോണും ചേര്‍ന്നാണ് സറേയെ തകര്‍ത്തിട്ടത്.
183 പന്തുകള്‍ നേരിട്ട് 56 റണ്‍സോടെ ഡോം സിബ്ലി ചെറുത്ത് നിന്നെങ്കിലും സറെ നിരയില്‍ നിന്ന് യാതൊരു പിന്തുണയും അദ്ദേഹത്തിന് ലഭിച്ചില്ല. സറേയുടെ മൂന്ന് താരങ്ങള്‍ മാത്രമാണ് രണ്ടാം ഇന്നിങ്സില്‍ രണ്ടക്കം കടന്നത്. ആറ് സറേ ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായി.