"ദ്രാവിഡിനെപ്പോലെയല്ല ഗംഭീര്‍..." പരിശീലകന്‍ മാറിയതിന് ശേഷം ഇന്ത്യന്‍ ടീമില്‍ സംഭവിച്ച ആ സുപ്രധാന മാറ്റത്തെക്കുറിച്ച് റിഷഭ് പന്ത്

ബം​ഗ്ലാദേശിനെ ഒരിക്കലും കുറച്ചു കാണരുതെന്നും മത്സരത്തിൽ മുൻതൂക്കം നിലനിർത്താൻ ഇന്ത്യ മികച്ച രീതിയിൽ പരിശ്രമിക്കണമെന്നും റിഷഭ് പന്ത് പറഞ്ഞു.
"ദ്രാവിഡിനെപ്പോലെയല്ല ഗംഭീര്‍..." പരിശീലകന്‍ മാറിയതിന് ശേഷം ഇന്ത്യന്‍ ടീമില്‍ സംഭവിച്ച ആ സുപ്രധാന മാറ്റത്തെക്കുറിച്ച് റിഷഭ് പന്ത്
Published on
Updated on


ഗൗതം ​ഗംഭീർ‌ ഇന്ത്യൻ ടീമിന്റെ പരിശീലകനായതിന് ശേഷം വലിയ രീതിയിലുള്ള ചർച്ചകളാണ് ഇന്ത്യൻ ടീമിന്റെ ഭാവിയെക്കുറിച്ച് ഉടലെടുക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലാണ് ഇന്ത്യൻ കോച്ചായി ​ഗംഭീർ സ്ഥാനമേൽക്കുന്നത്. അദ്ദേഹത്തിന് കീഴിൽ ടി20 പരമ്പര ഇന്ത്യ നേടിയപ്പോൾ ഏകദിനത്തിൽ തോൽവിയായിരുന്നു ഫലം. രാഹുൽ ദ്രാവിഡിന് പകരം ​ഗൗതം ​ഗംഭീർ‌ പരിശീലക സ്ഥാനത്ത് വന്നതിന് ശേഷം എന്തെല്ലാം പ്രധാനപ്പെട്ട മാറ്റങ്ങളാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വാചാലനാവുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്.

"എനിക്ക് തോനുന്നു, ഒരു മനുഷ്യൻ എന്ന നിലയിലും കോച്ച് എന്ന നിലയിലും രാഹുൽ ദ്രാവിഡ് വളരെ സന്തുലിതനായ ഒരു വ്യക്തിയാണ്. അതിന് അതിന്റേതായ നല്ല വശങ്ങളുമുണ്ട്, മോശം വശങ്ങളുമുണ്ട്. പോസിറ്റീവ് വശം എടുക്കണോ നെ​ഗറ്റീവ് സ്വീകരിക്കണോ എന്നത് വ്യക്തികളെ ആശ്രയിച്ചിരിക്കുന്നു. ഗൗതി ഭായ് (ഗംഭീർ) കൂടുതൽ ആക്രമണോത്സുകനാണ്, എന്തായാലും ജയിച്ചേ മതിയാകൂ എന്നതാണ് അദ്ദേഹത്തിന്റെ വഴി. എന്നാൽ നിങ്ങൾ ശരിയായ ബാലൻസ് കണ്ടെത്തുകയും അത് മെച്ചപ്പെടുത്തുകയും വേണം. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭം​ഗി അവിടെയാണ് ഒളിഞ്ഞിരിക്കുന്നത്." റിഷഭ് പന്ത് പറഞ്ഞു.


സെപ്റ്റംബർ 19ന് ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയുടെ അടുത്ത പരീക്ഷണം. ബം​ഗ്ലാദേശിനെ ഒരിക്കലും കുറച്ചു കാണരുതെന്നും മത്സരത്തിൽ മുൻതൂക്കം നിലനിർത്താൻ ഇന്ത്യ മികച്ച രീതിയിൽ പരിശ്രമിക്കണമെന്നും റിഷഭ് പന്ത് പറഞ്ഞു. അടുത്തിടെ ബം​ഗ്ലാദേശ് പാകിസ്താനെ 2-0 ത്തിന് തകർത്ത് പരമ്പര സ്വന്തമാക്കിയിരുന്നു. അടുത്ത അഞ്ച് മാസത്തിനിടെ ഇന്ത്യ 10 ടെസ്റ്റ് മത്സരങ്ങളായിരിക്കും കളിക്കുക. ബം​ഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങൾക്ക് ശേഷം ന്യൂസിലാൻഡിനെതിരെ മൂന്ന് മത്സരങ്ങളും ഓസ്ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളും ഇന്ത്യ കളിക്കും.


“പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ ഏഷ്യൻ സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. കാരണം, അവർ ഈ പിച്ചുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന നിലയിൽ, ഞങ്ങൾ ഞങ്ങളുടെ സ്വന്തം നിലവാരം എങ്ങനെ മെച്ചപ്പെടുത്താം എന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു എതിർപ്പിനെയും വകവെക്കാതെ ഒരേ തീവ്രതയോടെ കളിക്കാനും എല്ലാ ദിവസവും 100 ശതമാനം നൽകാനും ഞങ്ങള്‍ ശ്രമിക്കും.“ റിഷഭ് പന്ത് കൂട്ടിച്ചേർത്തു.

"സമ്മർദ്ദം എപ്പോഴും ഉണ്ടായിരിക്കും, കാരണം അന്താരാഷ്ട്ര ക്രിക്കറ്റിൽ, നിങ്ങൾക്ക് ഒരു പരമ്പരയും നിസാരമായി കാണാനാകില്ല. ജയവും തോൽവിയും തമ്മിലുള്ള മാർജിൻ വളരെ ചെറുതാണ്. ഇക്കാലത്ത്, അന്താരാഷ്ട്ര ടീമുകൾ തമ്മിലുള്ള അന്തരം അത്ര വലുതൊന്നുമല്ല. ടെസ്റ്റ് ക്രിക്കറ്റിൻ്റെ നീണ്ട സീസണിന് മുന്നോടിയായി ദുലീപ് ട്രോഫിയിൽ കളിക്കുന്നത് കളിക്കാർക്ക് ഗുണനിലവാരമുള്ള മാച്ച് പ്രാക്ടീസ് നൽകും. ആഭ്യന്തര തലത്തിലുള്ള യുവ ക്രിക്കറ്റ് താരങ്ങൾക്ക് അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം പ്രയോജനപ്പെടുത്താനും സാധിക്കും." പന്ത് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com